Friday, June 10, 2011

ഒരു കോടതി വരാന്തയിലൂടെ



വിരഹത്തിന്‍റെ കോടതിയില്‍
വഞ്ചനാകുറ്റം ചുമത്തി
പ്രണയം വിളിപ്പിക്കപ്പെട്ടു .....

സാക്ഷിവിസ്താരം തുടങ്ങി
നിറങ്ങള്‍ മങ്ങിയ മഴവില്‍ സ്വപ്‌നങ്ങള്‍
ഒന്നാം സാക്ഷിയായി.

മധുരം പടിയിറങ്ങിപ്പോയ
ദ്രവിച്ച വാക്കുകള്‍
രണ്ടാം സാക്ഷിയായി.

പേ വിഷം കുത്തിയിറക്കിയ
രാത്രികള്‍ മൂന്നാം സാക്ഷിയായി.

കത്തിയെരിഞ്ഞ പ്രതീക്ഷകളുമായി
പ്രതിക്കൂട്ടില്‍ പ്രണയം
മൂകനായി നിന്നു.

കള്ള സാക്ഷികള്‍ കൊണ്ട്
സത്യത്തെ ചവിട്ടിയരച്ച
കോടതിമുറിയില്‍ ജനം
പ്രണയത്തെ പരിഹസിച്ചു ചിരിച്ചു.

പ്രതിഭാഗം വാദംകേള്‍ക്കാന്‍
കോടതി ചെവിയില്‍ പഞ്ഞി തിരുകിയിരുന്നു
അവനു നിരത്താന്‍ സാക്ഷികളില്ലായിരുന്നു
അവന്‍റെ കണ്ണുനീര്‍ ചവര്‍പ്പിനു
ആളിക്കത്തിയ വഞ്ചനയെ കെടുത്താനൊക്ക
ശക്തിയുമില്ലായിരുന്നു.

വിസ്താരം കഴിയുംതോറും
മുള്‍ക്കിരീടവും കുരിശുമരണവും
അവനോടടുത്തുകൊണ്ടെയിരുന്നു.

വാദം പൂര്‍ത്തിയായി വിധി പ്രഖ്യാപിച്ചു
മുന്‍കൂട്ടിയാരോ തീരുമാനിച്ചപോലെ
പ്രണയത്തിനു "വധശിക്ഷ"
മരണം വരെ തൂക്കിക്കൊല...

അവസാനമയെന്തെങ്കിലും പറയാനുണ്ടോ കോടതി.
ആത്മഹത്യ ചെയ്യാത്തതില്‍ വേദനയുണ്ടെന്നു പ്രണയം.

No comments:

Post a Comment