Monday, May 21, 2012

മോര്‍ച്ചറികളും ശവവില്‍പ്പനക്കാരും

മോര്‍ച്ചറികളും ശവവില്‍പ്പനക്കാരും
.............................

രംഗം 1

നിന്‍റെ ഉള്ളിലൊരു
ദൈവമുണ്ടായിരുന്നു
നീ നിന്നിലേക്ക്
ചുരുങ്ങിയ കാലം വരെ

... നീ ഉപേഷിച്ച ദൈവം
വിശന്നു വലഞ്ഞു
ആല്‍മര ചോട്ടില്‍ തളര്‍ന്നു കിടന്നു.

മുഷിഞ്ഞ മുണ്ടും
ചെളി പിടിച്ച ജരാനരകളുമായി കിടന്ന
ദൈവത്തെ കാര്‍ക്കിച്ചു തുപ്പി
പലരും ആ വഴി കടന്നു പോയി

രംഗം 2

ദൂരെ നിന്നും ഒരു മണിമുഴങ്ങുന്നു
ആ ശബ്ദം അടുത്ത് വരുന്നു
മുഖമില്ലാത്ത ഒരു കൂട്ടം ആളുകള്‍ വരികയാണ്‌

അവരുടെ തോളില്‍ വെള്ളരിപ്രാവുകളായിരുന്നു
ദൈവത്തെ അവര്‍ എഴുന്നേല്‍പ്പിച്ചിരുത്തി
വരണ്ട തൊണ്ടയിലേക്ക് വീഞ്ഞോഴിച്ചു കൊടുത്തു

പിന്നീടവര്‍ ദൈവത്തോട് കൂടെ പോരാന്‍ ആവശ്യപെട്ടു
തൊണ്ടനനഞ്ഞ വീഞ്ഞിന്റെ കടപ്പാട്
സുഖസൌകര്യങ്ങള്‍ , സ്ഥിരം ആവാസം
അവര്‍ക്കൊപ്പം യാത്രയില്‍ ദൈവം പങ്കുക്കാരനായി

പുറകെ നടന്നവന്റെ ഭാണ്ഡത്തില്‍ നിന്നും
ഒറ്റ കണ്ണുള്ള ഒരു കഴുകന്‍ തലയുയര്‍ത്തി നോക്കി

ആരുടെയോ കീശയില്‍ നിന്നും തെറിച്ചു വീണ
ഒരു സ്വര്‍ണ നാണയം മണ്ണിന്‍റെ മടിയില്‍ വന്നു വീണു

രംഗം 3

ജനങ്ങള്‍ നഷ്ടപ്പെട്ട ദൈവത്തെ
തിരഞ്ഞു നടക്കാന്‍ തുടങ്ങി
തെരുവില്‍ മാളികകള്‍ ഉയരുകയാണ്
അവിടെ അവിടെ കാണിക്ക വഞ്ചികള്‍ മുളച്ചു പൊന്തി
എന്താണ് നടക്കുന്നത് എന്നറിയാതെ
ജനം വാ പൊളിച്ചു നിന്നു

പിറ്റേന്ന് മലമുകളില്‍ കയറിനിന്നോരാള്‍
വിളിച്ചു പറഞ്ഞു ദൈവത്തെ കണ്ടെത്തി
പുഴക്കരയിലെ സ്വര്‍ണ മാളികയില്‍
ദൈവം ഇരിക്കുന്നുണ്ട്
ആളുകള്‍ അങ്ങോട്ട്‌ ഓടി
കാവല്‍ക്കാര്‍ തടഞ്ഞു നിര്‍ത്തി
കാണിക്ക വഞ്ചികള്‍ ചൂണ്ടി കാണിച്ചു

ജനം പണമെറിഞ്ഞ് ദൈവത്തെ കണ്ടു
സുന്ദരനായ ദൈവം രൂപക്കൂട്ടില്‍ ഇരിക്കുന്നു

ഉടനെ ദൈവത്തിന്റെ ഇടനിലക്കാര്‍ രംഗംത്തെത്തുന്നു
അവര്‍ നിങ്ങളോട് ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു
നിങ്ങള്‍ അതനുസരിച്ചു
ദൈവത്തോട് അടുത്ത് നില്‍ക്കുന്നവരുടെ കല്‍പ്പനകള്‍ ആണല്ലോ

പക്ഷെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍
ദൈവം നഗ്നനാക്കപ്പെട്ടു
വഴിപ്പാടുകള്‍ ഇട്ടപ്പോഴും
മെഴുകുതിരി കത്തിച്ചപ്പോഴും
ദൈവം മാനഭംഗപ്പെട്ടു
പണം നല്‍കി പുണ്യം ചോദിച്ചപ്പോള്‍
ദൈവം ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു
അല്ലെങ്കില്‍ അവിടെ നിന്നും രക്ഷപ്പെടണം

രംഗം 4

ദൈവം ഇടനിലക്കരോട് കാര്യങ്ങള്‍ പറഞ്ഞു
നാളെ ഇറങ്ങി പോവും എന്നും പറഞ്ഞു
അന്ന് രാത്രിയിലുറങ്ങിയ ദൈവം പിന്നീടുണര്‍ന്നില്ല
ആരോടും സംസാരിച്ചില്ല , അശരീരിയായി കേട്ടില്ല

ആരാധന മുടങ്ങുന്നില്ല
ഇടനിലക്കാര്‍ കൊന്ന
ദൈവത്തെ വില്‍പനയ്ക്ക് വെച്ചു
പുറകെ വന്നവര്‍ പങ്കു വെച്ചു
പുതിയ നിറങ്ങളും പുതിയ മതങ്ങളും പിറന്നു
നീതിമാന്‍ സ്വര്‍ഗത്തില്‍ ആണെന്ന് പ്രചരിക്കപ്പെട്ടു.
വിലക്കെടുക്കാന്‍ ആളുകള്‍ വരി നിന്നൂ
ശവം വില്‍ക്കപെട്ടു കൊണ്ടിരുന്നു
ഇന്ന് ആരാധനാലയങ്ങള്‍ മോര്‍ച്ചറികള്‍ ആണ്
പുരോഹിതന്മാര്‍ ശവ വില്‍പ്പനക്കാരും ..........