Tuesday, May 14, 2013

നിലക്കാത്ത സ്വപ്‌നങ്ങള്‍

മലമുകളിലാണ്
ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത എന്‍റെ വീട്

മുറ്റത്ത്‌
വസന്തം മറന്ന മരത്തില്‍ നിന്നും
വീണു കിടക്കുന്ന
കരിഞ്ഞ നിമിഷങ്ങളുടെ കൂമ്പാരം

ഇറയത്ത്‌ തൂങ്ങി കിടക്കുന്ന
മരിച്ച സ്വപ്നങ്ങളുടെ
മഴ നനഞ്ഞ ഒരു തോള്‍സഞ്ചി

കറുത്ത ഭിത്തികളില്‍ നിന്നും
നിലം പതിഞ്ഞു കിടക്കുന്ന
കുറെ അക്ഷരത്തെറ്റുകള്‍

മേശമുകളില്‍
നീ പൂര്‍ത്തിയാക്കാതെ പോയ
കഥയിലെ വാക്കുകള്‍
പരിഭവം പറയുന്ന നേര്‍ത്ത ഒച്ചകള്‍

വെയില്‍ മാഞ്ഞു പോകുന്ന
വൈകുനേരങ്ങള്‍ ചോദിക്കുന്ന
വേര്‍പ്പാടിന്‍റെ ഒരു ഗാനം

ഹോ ..!!
ഇതല്ലയിരുന്നലോ..

നിലാവും ശലഭങ്ങളുടെ
ചിറകുകളും ചേര്‍ത്ത് തുന്നിയ
പുല്‍ക്കൂടായിരുന്നല്ലോ
നീ പോകുന്നതിനു മുന്‍പ് എന്‍റെ വീട്

കറുത്ത കുയിലുകള്‍


പച്ച നിറഞ്ഞ ഒരു കാടുമുഴുവന്‍ 
കിളികളായിരുന്നു 
പുലരിയിലേക്ക് കാട്ടുസംഗീതം 
പൊഴിച്ചിട്ട കറുത്ത കുയിലുകള്‍

വടക്കിന്‍റെ അതിര്‍ത്തിയില്‍ വച്ച് 
പലരും വേട്ടക്കാരെ കണ്ടെന്നു 
പറഞ്ഞിരുന്നു

എന്‍റെ കാടിന്‍റെ പച്ച
മുഴുവന്‍ കവര്‍ന്നെടുത്തിട്ടും
വേടന്‍റെ ചുണ്ടില്‍
അറ്റു പോയ കൈപത്തിയില്‍
നിന്നു തെറിച്ച ചോരയുടെ
ചുവപ്പായിരുന്നു

ഇന്നലെ വേട്ടക്കാരന്‍റെ
മാളികയില്‍ അത്താഴത്തിനു
തീണ്ടാതെ പോയ കന്യകയുടെ
മുല പ്രത്യേക വിഭവമായി

ഗാന്ധി തൊപ്പിയും
കാവിയും ഖദറും രഹസ്യമായി
ഒന്നിച്ചുണ്ണാനിരുന്നതും
അവിടെ വച്ചായിരുന്നു.

ആ രാത്രിയില്‍ കാടിന്‍റെ
അതിര്‍ത്തി ഭേദിച്ച രോദനത്തില്‍
നാട് വരളുകയായിരുന്നു
കാടിനപ്പുറത്തേക്ക്.

കുടിയിറക്കപ്പെട്ടവന്‍റെയും
ഇരയാക്കപ്പെട്ടവളുടെയും
കൊലചെയ്യപ്പെട്ടവരുടെയും
മേല്‍വിലാസം കറുപ്പയിരുന്നത്
കൊണ്ടാണ് എന്‍റെ വാക്കുകള്‍
കറുത്ത് പോയതത്രേ

പെട്ടെന്നൊരു ഇടിമുഴക്കത്തില്‍
ഭൂമി മുഴുവന്‍ സംഗീതം നിലക്കുന്നു
പാടാന്‍ മാത്രമറിയാവുന്ന ചുണ്ടുകള്‍
മൂര്‍ച്ച കൂട്ടുന്നത്‌ അതിജീവനത്തിനു
വേണ്ടിയാണ്.

Thursday, March 21, 2013

വെളിച്ചമില്ലാത്ത എന്‍റെ വീട്



മലമുകളിലാണ്
ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത എന്‍റെ വീട്

മുറ്റത്ത്‌
വസന്തം മറന്ന മരത്തില്‍ നിന്നും
വീണു കിടക്കുന്ന
കരിഞ്ഞ നിമിഷങ്ങളുടെ കൂമ്പാരം

ഇറയത്ത്‌ തൂങ്ങി കിടക്കുന്ന
മരിച്ച സ്വപ്നങ്ങളുടെ
മഴ നനഞ്ഞ ഒരു തോള്‍സഞ്ചി

കറുത്ത ഭിത്തികളില്‍ നിന്നും
നിലം പതിഞ്ഞു കിടക്കുന്ന
കുറെ അക്ഷരത്തെറ്റുകള്‍

മേശമുകളില്‍
നീ പൂര്‍ത്തിയാക്കാതെ പോയ
കഥയിലെ വാക്കുകള്‍
പരിഭവം പറയുന്ന നേര്‍ത്ത ഒച്ചകള്‍

വെയില്‍ മാഞ്ഞു പോകുന്ന
വൈകുനേരങ്ങള്‍ ചോദിക്കുന്ന
വേര്‍പ്പാടിന്‍റെ ഒരു ഗാനം

ഹോ ..!!
ഇതല്ലയിരുന്നലോ..

നിലാവും ശലഭങ്ങളുടെ
ചിറകുകളും ചേര്‍ത്ത് തുന്നിയ
പുല്‍ക്കൂടായിരുന്നല്ലോ
നീ പോകുന്നതിനു മുന്‍പ് എന്‍റെ വീട്


നിന്‍റെ യാത്രകള്‍

വേദനയുടെ ചില
ഏകാന്ത സന്ധ്യകളില്‍
നിന്‍റെ ഓര്‍മ്മകള്‍
എന്നിലൂടെ നടക്കാനിറങ്ങാറുണ്ട്‌ 

കൊടും വരിഷതിലും
എരിയുന്ന മരങ്ങളുള്ള
ഒറ്റയടി പാതയിലൂടെ
നീ എന്‍റെ കണ്ണുകളിലേക്ക്
ഇറങ്ങി വരും മുങ്ങികിടക്കും.

ഒരു ഗാനത്തിന്‍റെ
ഈണത്തിലൂടെ നടന്നു
നിന്‍റെ ചുംബനത്താല്‍
പൊള്ളിയ ചുണ്ടുകളില്‍
തളര്‍ന്നിരിക്കാറുണ്ട്

പിന്നെ നഗ്നപാദങ്ങളും
കൈ നിറയെ നീല
ശംഖുപുഷ്പങ്ങളുമായ്
ഹൃദയത്തിലേക്ക്
നീ പെയ്തിറങ്ങാറുണ്ട്‌

അവസാനം ഹൃദയത്തില്‍ തറഞ്ഞ
ശരങ്ങള്‍ വലിച്ചെടുത്ത്‌
എന്‍റെ മുറിവുകളുടെ
നോവുകളും പേറി
നീ തിരിച്ചു പോവും

പ്രിയേ നിരാശയുടെ
നെടുവീര്‍പ്പുകളല്ലോ
ഉയര്‍ന്നു കേള്‍ക്കുന്നത്.

പ്രളയത്തിനും മുന്‍പ്

പെയ്തു തോരാത്ത മഴ
കമ്പളം വിരിക്കുന്നതിന്‍ മുന്‍പ്
ഞാനി പുഴക്കപ്പുറം
നിന്‍റെ രാജ്യത്തേക്ക് നീന്തും

എനിക്കറിയാം
എന്‍റെ പേര്‍ വിള്ളിക്കപ്പെട്ടു
നിന്‍റെ രാജ്യത്ത് എനിക്കുള്ള
ചിത ഒരുങ്ങുകയാണ്

കൊലക്കത്തിയുടെ മൂര്‍ച്ചയില്‍
എന്‍റെ ചങ്ക് പിളരുന്നതിന്‍ മുന്‍പ്
സൂചി മുനകളാല്‍ നിന്‍റെ മാറിലവര്‍
കൊത്തി പറിക്കുന്നതിന്‍ മുന്‍പ്

എന്‍റെ രക്തവും
നിന്‍റെ കണ്ണീരും
വെയിലു തിന്നു മരിച്ച
നമ്മുടെ കിനാക്കളും ചേര്‍ത്ത്
നക്ഷത്രത്തെ ഗര്‍ഭം ധരിച്ച
ഒരു വിത്തെടുത്തു വിതക്കുക നീ
                 
അകലെ കാട് കടത്തപ്പെട്ട
കടുവകള്‍ ഗര്‍ജ്ജിക്കുന്നു
കാടുകള്‍ കണക്കുകളില്‍ മാത്രം.

Sunday, February 17, 2013

ഒരു വരി മാത്രം


നമ്മള്‍ കണ്ടുമുട്ടിയ
ഭ്രമണപഥത്തിലിന്നു
പൊതിഞ്ഞു നില്‍ക്കുന്ന കറുപ്പ്.
ആരുടെയോ നെഞ്ച് തുളച്ചു
പോയ വെടിമരുന്നിന്‍റെ ഗന്ധം.

ശ്രുതി ചേരാതെ മുഴങ്ങുന്ന
പ്രണയത്തിന്‍റെ ഗീതം ആഴിയിലേക്ക്
തിരികെ പോയിരിക്കുന്നു.

മിണ്ടാന്‍ കഴിയാതെ
തിരിഞ്ഞൊന്നു നോക്കാതെ 
 നരച്ചു പോയ
നക്ഷത്രത്തിലേക്ക്
നീ ഇറങ്ങിപ്പോയി


കുടകീഴില്‍ നിന്നും
നീ ഇറങ്ങി പോകുമ്പോള്‍
തോരാതെ പെയ്തത്
തീ മഴയാണെന്ന്
തിരിച്ചറിയുകയായിരുന്നു ഞാന്‍

പൊള്ളലേറ്റ ഭൂമിയില്‍
വെച്ച് വിഷം കലര്‍ന്ന
നീലരക്തം വറ്റി
മൌനത്തോളം നേര്‍ത്ത വേദനയായി
വ്യാഖ്യാനമില്ലാത്ത അവസാന വരിയില്‍
പ്രണയം ലയിച്ചു ചേര്‍ന്നു.

അക്കമിട്ടു ചേരിതിരിയുന്ന
താളുകളില്‍ ഒരു വരി മാത്രം
ചുവന്നിരുന്നു