Wednesday, November 14, 2012

മുറിഞ്ഞു പോയ ചിന്തകള്‍വരാനിരിക്കുന്ന ദുരന്തത്തിന്റെ
കൊള്ളിമീന്‍ പതനങ്ങളില്‍
എനിക്കുമൊരു പങ്കുണ്ടാകും

പ്രതീക്ഷയുടെ ഞരമ്പ്
മുറിച്ചു മരിച്ച
നീല മിഴിയുള്ളവളും
ഹൃദയത്തെ ചുംബിച്ചെടുക്കാന്‍
ആഗ്രഹിചിട്ടുണ്ടാകും

പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടന്‍ പോയപ്പോള്‍
കാക്ക വരാത്തതിന്റെ ഗര്‍വ്വ്
അമ്മയ്ക്കും കാണും

രണ്ടു ചിത്രശലഭങ്ങള്‍ പ്രണയിച്ച
ഇതള്‍  കൊഴിഞ്ഞു കരിഞ്ഞുണങ്ങിയ
ഒരു പൂവ് ഫ്ലവര്‍ വെയസില്‍
ചിന്തകള്‍ വറ്റി കിടക്കുന്നുണ്ടാകും

Wednesday, October 17, 2012

ദേശാടനക്കിളി
നെഞ്ചില്‍
തറച്ച കൂരമ്പുകള്‍
വലിച്ചെടുത്തിട്ടും
കൂര്‍ത്ത വേദനയുടെ
പൊള്ളലേറ്റു ചിറകു
തകര്‍ന്ന ഒരു ദേശാടനക്കിളി
കരയുന്നു

ഹൃദയത്തില്‍ നിന്നുയര്‍ന്ന
അവസാന പ്രതീക്ഷയും
പിടഞ്ഞു വീണു
ഒരു പിടി ചാരമാവുന്നു

ഇന്ന് കൂടണയാന്‍ വൈകിയ
ഒരു തീവാലന്‍ കുരുവി
എന്റെ കൂട്ടിനെന്നെത്തുന്നു

അവളുടെ കണ്ണുകളില്‍
നിന്നും രണ്ടു നീര്‍ തുള്ളികള്‍
ഇറങ്ങി വരുന്നു
ഒരു തുള്ളി കൊണ്ട്
എന്‍റെ നെഞ്ചിലെ
മുറിവുണക്കുന്നു
രണ്ടാമത്തെ തുള്ളി കൊണ്ട്
അവളുടെ പ്രണയം
എനിക്ക് തീറെഴുതി നല്‍കുന്നു

ചിറകു തകര്‍ന്ന ദേശാടനക്കിളി
വീണ്ടും നീലാകശങ്ങളെ
സ്വപ്നം കാണുന്നു

Saturday, September 29, 2012

യാത്രക്ക് ഒരുങ്ങുന്നതിന്‍ മുന്‍പ്


മേഘങ്ങളില്‍ നിന്നും
എനിക്കൊരു
തുള്ളി മുലപ്പാല്‍ നല്‍കുക.

കൊടുങ്കാറ്റിന്‍റെ
അലര്‍ച്ചയില്‍ നിന്നും
എനിക്കൊരു മൃതിഗീതം നല്‍കുക.

മഴവില്ലില്‍ നിന്നൊരു
വെളിച്ചകീറ് എടുത്തു
എന്‍റെ മെഴുകുത്തിരികളില്‍
വെളിച്ചം നല്‍കുക

മുന തേഞ്ഞ
വിപ്ലവത്തിന്‍റെ മജ്ജയില്‍ നിന്നും
എനിക്കന്ത്യാത്തഴം നല്‍കുക

നീലിമയേറിയ
നിന്‍റെ കണ്ണുകളില്‍ നിന്നും
എനിക്കൊരു ഉപ്പുകണിക നല്‍കുക

പ്രണയമേ,
അവസാനം വിഷം പുരട്ടിയ
നിന്‍റെ ചുണ്ടുകള്‍ കൊണ്ട്
എന്‍റെ ചുണ്ടുകളില്‍ ഒരു നേര്‍ത്ത
ചുംബനം നല്‍കുക.

Saturday, September 1, 2012

പ്രണയത്തിന്‍റെ ഉപ്പ് തിരകള്‍


ഓര്‍മ്മകളില്‍ തീ
തിന്നു തീര്‍ന്ന
ഒരു പുഴയുടെ വിലാപം

തലയിലോളിക്കുന്ന
പ്രണയത്തിന്‍റെ
അവസാന കുന്തിരിക്കവും
പുകഞ്ഞു തീരുന്നു

ഉള്ളുപ്പൊട്ടി പാടിയൊരു കിളി
കാതു കേള്‍ക്കാക്കൂട്ടങ്ങളെ കണ്ടു
ചങ്ക് തുരന്നു പറന്നു പോവുന്നു

പൊള്ളുന്ന വാക്കുകളില്‍
നെഞ്ചു മുറിഞ്ഞോഴുകുന്ന
രക്തത്തിലൂടെ ഇന്ന്
അവളും ഒഴുകി പോയി

നിശബ്ദമായി
കൊണ്ടിരിക്കുന്ന
എന്‍റെ കവിതയുടെ
ഈണം മുറിഞ്ഞു വീഴുന്നു

കണ്ണില്‍ നിന്നും
വേദനയുടെ
ഒരു ഉപ്പ് തിര
പുറത്തെക്കൊഴുകി
ഭൂമിയില്‍ പ്രളയം..

Friday, August 10, 2012

പ്രണയ പര്‍വ്വം


എന്‍റെ
ചുണ്ടുകളില്‍ നിന്നും
നിന്‍റെ ചുണ്ടുകളിലെക്ക്
നീ അടക്കി പിടിച്ച
ഒരു നിശ്വാസത്തിന്‍റെ
ദൂരം മാത്രം

ആ നിശ്വാസത്തിനു
എന്‍റെ കണ്ണിലെ
നീര്‍ തുള്ളികളുടെ
മരവിപ്പ്

ആ തുള്ളികളില്‍
വീണുടഞ്ഞഞ്ഞത്
നിലാവിന്‍റെ
നേര്‍ത്ത ഒരു നിശബ്ദത

നിശബ്ദതയില്‍ നിന്നും
നാം യാത്ര തുടരുന്നു

ഭൂമിയില്‍ വസന്തം
വിരിയുന്നു
ഏകാന്ത സഞ്ചാരിയുടെ
പാട്ടുയരുന്നു

നിലാവില്‍ തല ചായ്ച്ചു കൊണ്ട്
പ്രണയത്തിന്‍റെ മൂര്‍ച്ചയില്‍
നമ്മള്‍ പൊട്ടി തെറിക്കുന്നു
രാത്രിയില്‍ ലയിച്ചു ചേരുന്നു

പ്രണയ പര്‍വത്തിലെ
നിശാഗന്ധികളായ്
വീണ്ടും ജനിക്കാം

Thursday, August 9, 2012

മഴ


ഈ ജനലിനപ്പുറം
ആര്‍ത്തലച്ചു പെയ്യുന്ന
ഒരു മഴയുണ്ട് ...

നിന്റെ മൌനം
കുത്തിയിറക്കിയ
എന്റെ നെഞ്ചില്‍
നിന്നും പൊട്ടി ഒലിക്കുന്ന
ഒരു തീ മഴ

നിന്നിലെക്കെത്താന്‍
കടും ചുവപ്പില്‍
നിന്നും മുറിച്ചെടുത്ത
ഒരു കടലാസു തോണി
തീര്‍ക്കുന്നു ഞാന്‍

കറുത്ത
ചിത്രശലഭങ്ങളാണെന്നിക്ക് ചുറ്റും
ഞെട്ടറ്റു വീണ ശംഖുപുഷ്പങ്ങളും

ഒഴുകിയെത്തിയ
മുഖംമൂടികളില്‍
നിന്നെ തിരയുകയാണ് ഞാന്‍

നിന്നിലെക്കെത്താന്‍
കഴിയാതായാല്‍ അവസാന
വരിയും എഴുതി തീര്‍ക്കും

നീയെന്ന മഴയില്‍
പൊള്ളി തീരാന്‍
ഞാന്‍ വരും വരും 
 

Friday, June 8, 2012

വഴിപിരിയാന്‍ നേരമായ്


ഈ ദിവസം നിനക്കരികില്‍
ഞാന്‍ ഉണ്ടായിട്ടും
നിനക്കാശ്വസിക്കാന്‍ കഴിയില്ല

എന്റെ തണലില്‍ പോലും
നിനക്കു സുഖമായി മയങ്ങാനാവില്ല

ഇവിടെ നഷ്ടങ്ങളുടെ
അവസാന കണികളാണ് നമ്മള്‍
ദ്രവിച്ചു പോയ രണ്ടു ലോഹത്തുണ്ട് മാത്രം

വഴിപിരിയാന്‍ നേരമായ്
ഒരു വഴിയിലൂടെ നമുക്കിനി
യാത്ര ചെയ്യാനാവില്ല

യാത്രയില്‍ താഴ്വരകളില്‍
നമ്മുക്ക് കണ്ടുമുട്ടാം
നേര്‍ത്ത പുഞ്ചിരിയും
പ്രണയാതുരമായ ഒരു നോട്ടവും
നമുക്ക് കൈ മാറാം

ഒരു പക്ഷേ ഈ കുന്നിന്നു
അപ്പുറത്തേക്കുള്ള യാത്രയില്‍
ഞാന്‍ ഉണ്ടവണമെന്നില്ല..

പക കിനിയുന്നു കണ്ണുകള്‍


ഇരുട്ടിന്‍റെ മറയില്‍ നിന്നും
നട്ടെല്ലില്‍ കത്തിയിറങ്ങിയപ്പോള്‍
വേദന കുടിച്ചിറക്കി
തിരിഞ്ഞു നോക്കിയോരു തെളിഞ്ഞ കണ്ണ്

പുറകില്‍ അട്ടഹാസം മുഴക്കുന്നു
പെരുമഴയില്‍
ഒരു കുടയില്‍
കൂടി നിന്നൊരു കൂട്ടുക്കാരന്‍ കണ്ണ്

പിറ്റേന്ന് 51 തുണ്ടങ്ങളില്‍
നോക്കി നിന്നു ഒരായിരം
നിസഹായ കണ്ണുകള്‍

ചാനലുകളില്‍ ഏറനാടന്‍
തമാശകള്‍ വിളംബുന്ന
ഒരു മണി കണ്ണ്
രാഷ്ട്രീയ കണ്ണ്

മുതലെടുപ്പിന് വിലപേശുന്നു
വലത്തെ കണ്ണ്
കൊട്ടിയടച്ചു കിടന്നു
ഇടത്തെ കണ്ണ്
മൌനമായ് നീക്കുന്നു
ഒരു സാംസ്ക്കാരിക കണ്ണ്

തെരുവില്‍ അലയുന്നു തെറിച്ച കണ്ണുകള്‍
പകത്തുള്ളി പടര്‍ണ്ണ ചോരകണ്ണുകള്‍

ഇന്ന് തെരുവിലാകെ
രകതം പടരുന്നു
രക്തത്തില്‍ നിന്നും
രണ്ടു കണ്ണുകള്‍ തുറക്കുന്നു
കാഴ്ചകള്‍ തല്ലി ഉടച്ചിട്ടും
കരയാതെ കലങ്ങി നിന്ന
രണ്ടു തീ കണ്ണ്
ചോര മണമുള്ള കാറ്റ് അടങ്ങുന്നില്ല...

Monday, May 21, 2012

മോര്‍ച്ചറികളും ശവവില്‍പ്പനക്കാരും

മോര്‍ച്ചറികളും ശവവില്‍പ്പനക്കാരും
.............................

രംഗം 1

നിന്‍റെ ഉള്ളിലൊരു
ദൈവമുണ്ടായിരുന്നു
നീ നിന്നിലേക്ക്
ചുരുങ്ങിയ കാലം വരെ

... നീ ഉപേഷിച്ച ദൈവം
വിശന്നു വലഞ്ഞു
ആല്‍മര ചോട്ടില്‍ തളര്‍ന്നു കിടന്നു.

മുഷിഞ്ഞ മുണ്ടും
ചെളി പിടിച്ച ജരാനരകളുമായി കിടന്ന
ദൈവത്തെ കാര്‍ക്കിച്ചു തുപ്പി
പലരും ആ വഴി കടന്നു പോയി

രംഗം 2

ദൂരെ നിന്നും ഒരു മണിമുഴങ്ങുന്നു
ആ ശബ്ദം അടുത്ത് വരുന്നു
മുഖമില്ലാത്ത ഒരു കൂട്ടം ആളുകള്‍ വരികയാണ്‌

അവരുടെ തോളില്‍ വെള്ളരിപ്രാവുകളായിരുന്നു
ദൈവത്തെ അവര്‍ എഴുന്നേല്‍പ്പിച്ചിരുത്തി
വരണ്ട തൊണ്ടയിലേക്ക് വീഞ്ഞോഴിച്ചു കൊടുത്തു

പിന്നീടവര്‍ ദൈവത്തോട് കൂടെ പോരാന്‍ ആവശ്യപെട്ടു
തൊണ്ടനനഞ്ഞ വീഞ്ഞിന്റെ കടപ്പാട്
സുഖസൌകര്യങ്ങള്‍ , സ്ഥിരം ആവാസം
അവര്‍ക്കൊപ്പം യാത്രയില്‍ ദൈവം പങ്കുക്കാരനായി

പുറകെ നടന്നവന്റെ ഭാണ്ഡത്തില്‍ നിന്നും
ഒറ്റ കണ്ണുള്ള ഒരു കഴുകന്‍ തലയുയര്‍ത്തി നോക്കി

ആരുടെയോ കീശയില്‍ നിന്നും തെറിച്ചു വീണ
ഒരു സ്വര്‍ണ നാണയം മണ്ണിന്‍റെ മടിയില്‍ വന്നു വീണു

രംഗം 3

ജനങ്ങള്‍ നഷ്ടപ്പെട്ട ദൈവത്തെ
തിരഞ്ഞു നടക്കാന്‍ തുടങ്ങി
തെരുവില്‍ മാളികകള്‍ ഉയരുകയാണ്
അവിടെ അവിടെ കാണിക്ക വഞ്ചികള്‍ മുളച്ചു പൊന്തി
എന്താണ് നടക്കുന്നത് എന്നറിയാതെ
ജനം വാ പൊളിച്ചു നിന്നു

പിറ്റേന്ന് മലമുകളില്‍ കയറിനിന്നോരാള്‍
വിളിച്ചു പറഞ്ഞു ദൈവത്തെ കണ്ടെത്തി
പുഴക്കരയിലെ സ്വര്‍ണ മാളികയില്‍
ദൈവം ഇരിക്കുന്നുണ്ട്
ആളുകള്‍ അങ്ങോട്ട്‌ ഓടി
കാവല്‍ക്കാര്‍ തടഞ്ഞു നിര്‍ത്തി
കാണിക്ക വഞ്ചികള്‍ ചൂണ്ടി കാണിച്ചു

ജനം പണമെറിഞ്ഞ് ദൈവത്തെ കണ്ടു
സുന്ദരനായ ദൈവം രൂപക്കൂട്ടില്‍ ഇരിക്കുന്നു

ഉടനെ ദൈവത്തിന്റെ ഇടനിലക്കാര്‍ രംഗംത്തെത്തുന്നു
അവര്‍ നിങ്ങളോട് ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു
നിങ്ങള്‍ അതനുസരിച്ചു
ദൈവത്തോട് അടുത്ത് നില്‍ക്കുന്നവരുടെ കല്‍പ്പനകള്‍ ആണല്ലോ

പക്ഷെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍
ദൈവം നഗ്നനാക്കപ്പെട്ടു
വഴിപ്പാടുകള്‍ ഇട്ടപ്പോഴും
മെഴുകുതിരി കത്തിച്ചപ്പോഴും
ദൈവം മാനഭംഗപ്പെട്ടു
പണം നല്‍കി പുണ്യം ചോദിച്ചപ്പോള്‍
ദൈവം ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു
അല്ലെങ്കില്‍ അവിടെ നിന്നും രക്ഷപ്പെടണം

രംഗം 4

ദൈവം ഇടനിലക്കരോട് കാര്യങ്ങള്‍ പറഞ്ഞു
നാളെ ഇറങ്ങി പോവും എന്നും പറഞ്ഞു
അന്ന് രാത്രിയിലുറങ്ങിയ ദൈവം പിന്നീടുണര്‍ന്നില്ല
ആരോടും സംസാരിച്ചില്ല , അശരീരിയായി കേട്ടില്ല

ആരാധന മുടങ്ങുന്നില്ല
ഇടനിലക്കാര്‍ കൊന്ന
ദൈവത്തെ വില്‍പനയ്ക്ക് വെച്ചു
പുറകെ വന്നവര്‍ പങ്കു വെച്ചു
പുതിയ നിറങ്ങളും പുതിയ മതങ്ങളും പിറന്നു
നീതിമാന്‍ സ്വര്‍ഗത്തില്‍ ആണെന്ന് പ്രചരിക്കപ്പെട്ടു.
വിലക്കെടുക്കാന്‍ ആളുകള്‍ വരി നിന്നൂ
ശവം വില്‍ക്കപെട്ടു കൊണ്ടിരുന്നു
ഇന്ന് ആരാധനാലയങ്ങള്‍ മോര്‍ച്ചറികള്‍ ആണ്
പുരോഹിതന്മാര്‍ ശവ വില്‍പ്പനക്കാരും ..........

Monday, April 9, 2012

നക്ഷത്രരേഖ


ഞാന്‍ വാക്കും
നീ മൌനവുമാകുന്നു
നമ്മുക്കിടയില്‍
ഒരു മഴവില്ലുണ്ട്
ഭ്രമണ പഥത്തില്‍ നിന്നും
തെറിച്ചു പോകാതെ
എന്നെ നിന്നിലേക്ക്
വലിച്ചടുപ്പിക്കുന്ന
ഒരു പ്രപഞ്ച രഹസ്യവും

മഴവില്ലിന്റെ
നീല രാശിയിലൂടെ ആണ്
നീ എന്നിലേക്ക്‌
യാത്ര പുറപ്പെട്ടത്‌
ഭ്രാന്തമായ
ചുവപ്പിലൂടെ ഞാനും

ലക്ഷ്യത്തില്‍ എത്തുമ്പോള്‍
നാം പരസ്പരം
പുണരാതെ പോയ
നഷ്ത്ര രേഖകളായിരിക്കും
ഇവിടെ ഇരുട്ടാണ്
ശവഗന്ധവും

തിരിഞ്ഞു നോക്കുമ്പോള്‍
മഴവില്ലില്ല
ചിതറിയ നിറങ്ങള്‍ മാത്രം.

Friday, April 6, 2012

മൌനത്തിന്റെ പൊരുള്‍


മരുഭൂമിയുടെ വക്കിലിരുന്നു
നിന്‍റെ വെറും വാക്കിന്‍റെ
ഈര്‍പ്പത്തിലേക്ക്
സമരം നടത്തുന്ന
കാട്ടുച്ചെടിയാണ് ഞാന്‍

കാത്തിരിപ്പാണിന്നും
ഋതു മേഘങ്ങളില്‍
ചുരത്താതെ നിന്ന
മഴത്തുള്ളി പോല്‍
നിന്‍റെ ഹൃദയ രോദനത്തില്‍
ചുണ്ടിന്റെ തടവറയില്‍ നിന്നും
എന്റെ തലച്ചോറില്‍
അമ്ലമഴയുടെ നീറ്റലായ്
വീഴുന്ന വാക്കിനായ്‌

കനാലു തിന്ന ചുണ്ടും
പുക കാര്‍ന്നു തിന്ന കുരലും
ലഹരിയുടെ ഗസലുകള്‍
ചൂളം വിളിച്ച
രക്തകുഴലുകളുമായി
ഉണ്ടെന്നോ ഇല്ലെന്നോ
പറയാതെ പോയ നിന്‍റെ
വാക്കിന്‍റെ വരവും
കാത്തു ഞാന്‍ അലയും

ഒടുവില്‍ മൃത്യുപൂത്ത
ചെമ്പകമരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍
ഉള്ളില്‍ തലയില്ലാത്ത ജഡങ്ങളുടെ
പാട്ടുകളില്‍ നിന്നും
നിന്‍റെ മൌനത്തിന്റെ
പോരുളെനിക്ക് കേള്‍ക്കാം 

Thursday, March 29, 2012

പ്രണയമേ നീയിന്നു മരണമോ
പ്രണയത്തിന്‍റെ
വാകമര ചില്ലയില്‍
മഴച്ചീളുകള്‍ കൊണ്ട്
ചിലുകൂടോരുക്കി
കരിമേഘരാഗസ്വപ്നങ്ങളും
പേറിയ നിന്റെ ചുണ്ടിലെ
ചുവന്ന ഉമ്മകള്‍
വീണ്ടുമെന്റെ ഓര്‍മ്മതന്‍ 
കടലാഴിയില്‍ നിന്നെ തേടുന്നു

വെളിച്ചം കൊട്ടിയടക്കപെട്ട
ഈ വാതില്‍ പിളര്‍പ്പിനപ്പുറം
നിന്‍ ഓര്‍മ്മകള്‍
പതുങ്ങി നില്‍ക്കുന്നുണ്ട്

ഇന്നു പ്രണയശൈലത്തിന്‍റെ
വര്‍ണമൂറ്റി നിലാവില്‍
വിഷാദം നിറയവെ
പടിയിറങ്ങിയ നിന്റെ
കാലൊച്ചകള്‍ക്ക് 
ഞാന്‍ കാതോര്‍ത്തിരിക്കുന്നു

ചുണ്ടിലെ പുഞ്ചിരിയിലും
നിഴലുകളായ്‌
കണ്‍കോണിലെവിടെയോ
ഒളിച്ചിരിക്കുന്ന വേദനയുടെ
ഉപ്പുതുള്ളിയെ കുറിചോതി
നീ മൌനതിലോളിക്കുമ്പോള്‍
എന്റെ ഹൃദയത്തിലെ
വാക്കുകള്‍ വറ്റുന്നു
കവിതയുടെ പച്ചിലകളില്‍
തീ പടര്‍ന്നെരിയുന്നു

പ്രണയമേ നീയിന്നു മരണമോ..

Friday, March 23, 2012

ഇരയും വേട്ടക്കാരനുംഈ രാവില്‍ അവള്‍
ചൂണ്ടിയ വിരല്‍
എനിക്ക് തന്ന വിശേഷണങ്ങളെ
നിങ്ങള്‍ക്ക് സ്തുതി

ഇരയാവുകയും
ഇരയാക്ക പെടുകയും
ചെയ്യുന്നവരുടെ കൂട്ടത്തില്‍
ഞാന്‍ രക്തം പാനം
ചെയ്യാനായ് വന്നവന്‍

ഇരയുടെ മാറ്
പിളര്‍താത്ത വനെ
നീ വേട്ടക്കാരന്‍
അല്ലെന്നൊരു കൂട്ടം

നിന്റെ വിരലുകള്‍
ഇന്ന് വേട്ടക്കാരനെ
പരതുകയാണ്
ആട്ടിന്‍ തോലണിഞ്ഞ
ഇരകള്‍ക്ക് പിറകെ
വേടമാടങ്ങളില്‍ ഞാനും ....

Tuesday, March 20, 2012

വില്പനഅമ്മയെ വിറ്റു പോയ്‌
അച്ഛനെ വിറ്റു പോയ്‌
പെങ്ങളെ വിറ്റു പോയ്‌
അനാഥത്വം നാം കടമെടുത്തു

വാക്കൊന്നു വിറ്റു നാം
നാക്കും വിറ്റു നാം
അന്യന്‍റെ ചിന്ത നാം കടമെടുത്തു

ഉപഭോക സംസ്ക്കൃതി
വിളയുന്ന കാലത്ത്
വൃദ്ധസദനങ്ങള്‍ നാം വിലക്കെടുത്തു

പ്രണയവും വിറ്റു നാം
പെണ്ണിനെ വിറ്റു നാം
മാംസള ദേഹം വിലക്ക് വാങ്ങി

തലച്ചോറു വിറ്റു പോയ്‌
ഹൃത്തോന്നു വിറ്റു പോയ്‌
പ്രതിഷേധ മുയര്‍ത്തിയ
കൈയറ്റു പോയ്‌

മഴയൊന്നു വിറ്റു നാം
പുഴയോന്നു വിറ്റു നാം
കരയും നാം വില്പനക്കായെടുത്തു
പകലും വിറ്റു നാം
രാത്രിയും വിറ്റു നാം
നാളത്തെ പുലരി നാം കടമെടുത്തു 

കലയൊന്നു വിറ്റു നാം
കാവും വിറ്റു നാം
ആള്‍ ദൈവ കോലങ്ങള്‍ വിലക്കെടുത്തു
അനുഗ്രഹം തേടി നാം
ആശിസു തേടി നാം
ഏലസ്സിന്‍ ഭാരത്താല്‍
നടു വളച്ചു

പാപ പുണ്യത്തിന്റെ
കണക്കെടുത്തു നാം
സ്വര്‍ഗ്ഗവും നരകവും വിലക്കെടുത്തു
മാതൃസംസ്ക്കൃതി ചുരത്തിയ
മണ്ണിന്റെ മാറിലായ്
ഇന്നാണവസംസ്കൃതി വിഷം ചുരത്തി
അവസാനമെന്നിലെ എന്നെയും വിട്ടു പോയ്
ഈ കവിതയും നിങ്ങള്‍ക്ക് വിലക്കെടുക്കാം    

Thursday, March 15, 2012

കലാലയത്തിലെക്കൊരു യാത്ര


പറയാതെ പോയ
പ്രണയത്തിന്‍ വസന്തം പെയ്തു
മഞ്ഞ പടര്‍ന്ന ചുമരുകളില്‍
കലാലയത്തിന്റെ ആത്മാവ്
കുറി ച്ചിടപെട്ടിട്ടുണ്ടയിരുന്നു

ഈ വരാന്തയില്‍ നിന്ന്
കാതോര്‍ത്താല് കലാലയത്തിന്റെ
മാറില്‍  വിരിഞ്ഞ പ്രണയത്തിന്റെയും
സൌഹൃതതിന്റെയും ആത്മാവുകള്‍
പരസ്പ്പരം സംസാരിക്കുന്നതു കേള്‍ക്കാം

പ്രണയം  പറയാതെ
കണ്ണിലൊളിപ്പിച്ചു
തിരികെ നടന്ന ഒറ്റ വളയിട്ട
വെള്ളാരം കണ്ണിയുടെ
കാല്‍പ്പാടുകള്‍  കാണാം

തിരിച്ചറിവിന്‍റെ വിഭഞ്ചികയില്‍
മുഴങ്ങി കേട്ട മുദ്രവാക്യങ്ങളില്‍
പ്രകമ്പനം കൊണ്ടു ചുമരുകള്‍
അതിന്‍ മറ്റൊലികളെ
പ്രതിബിംബിക്കുന്നത് കേള്‍ക്കാം

നിന്റെ തോളുരുമ്മി
നിന്ന സൌഹൃദങ്ങളെ
കുറിച്ചോര്‍ക്കുമ്പോള്‍
ചുമരുകളില്‍ ചുവന്ന
ഗുല്‍മോഹറുകള്‍ പൂക്കും

പ്രിയേ നീ തിരികെയെത്തുമ്പോള്‍
നിന്റെ കാതുകളോട്
കഥപറയാന്‍ മാത്രമായ്
കുറിച്ചിട്ട വാക്കുകളുടെ
കരി പിടിച്ച ചുമരില്‍
നീരണി മിഴികളോടെ
നിന്റെ വിരല്‍ പാടുകള്‍ പരതും
അതില്‍ നീ എന്‍ പ്രണയത്തിന്‍
ഇതള്‍ കൊഴിഞ്ഞ പൂക്കളെ കാണും
കാത്തിരിപ്പിന്റെ ആര്‍ദ്രമാം
നനവ്‌ കാണും .
 

Friday, January 20, 2012

മൂന്നു ജഡങ്ങള്‍അക്ഞാതമായ
മൂന്നു വാക്കിന്റെ ജഡങ്ങള്‍
റോഡരികില്‍ മരിച്ചു
കിടക്കുന്നെന്നു കേട്ടപ്പോള്‍
വേദനയുടെ വിഷം
കുടിച്ചു തൊണ്ടയില്‍ നിന്നും
പുറത്തേക്കിറങ്ങി പോയ
വാക്കുകളെ
തിരയുകയായിരുന്നു ഞാന്‍

മഷി പേനയ്ക്കുള്ളിലും
നീല വരയിട്ട പുസ്തക താളുകളിലും
ഒളിച്ചിരുന്ന വാക്കുകളെ
തപ്പിപിടിച്ചു ഞാന്‍
നെടുവീര്‍പ്പിട്ടു
ഇല്ല അടച്ചിട്ട വാതില്‍ തുറന്നു
ആരും പുറത്തു പോയിട്ടില്ല

എങ്കിലും മോര്‍ച്ചറിയുടെ
തണുത്ത വരാന്തയില്‍
കാത്തിരിക്കുമ്പോള്‍ ഞാന്‍
നീറുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം
വെള്ള പുതച്ചു പുറത്തുവന്ന
ജഡങ്ങളുടെ പുതപ്പ് മാറ്റി
നോക്കുമ്പോള്‍ മിഴികളില്‍
നീര്‍പൂക്കള്‍ വിരിയാന്‍
തുടങ്ങിയിരുന്നു

ആദ്യത്തേതില്‍
കരിപിടിച്ച കണ്ണുകളുമായി
കറുത്ത മഷി കൊണ്ടെഴുതിയ വാക്ക്
"ഞാന്‍ "' എന്ന്
അടുത്തതില്‍
നിറമില്ലാത്ത ചുണ്ടുകളുമായി
ഒരു മെലിഞ്ഞ വാക്ക്‌ "നീ "
മൂന്നാമത്തെതു തുറന്നു
നോക്കാന്‍ എനിക്കു കഴിഞ്ഞില്ല
ജീവനില്ലാത്ത " പ്രണയത്തെ"
കാണാന്‍ നില്‍ക്കാതെ
ഞാന്‍ തിരികെ നടക്കുകയാണ്

Monday, January 16, 2012

മുഖംമൂടികളും നഗ്നരുംഎട്ടു കാലികളാണ്
നിങ്ങള്‍
പകലില്‍ നിങ്ങള്‍ക്ക്
മാന്യതയുടെ കപട മുഖം
രാത്രിയില്‍ വേശ്യയുടെ
വിയര്‍പ്പിന്റെ ചൂര്

ഉച്ചിയില്‍ പൊടിഞ്ഞു വീണ
ചൂടിലും, നിങ്ങള്‍ക്ക്
സവര്‍ണ മേതവിത്വത്തിന്റെ
തൊട്ടു കൂടായ്മ
കീഴ്ജാതി പീഡനം
തണുത്തുറഞ്ഞ രാത്രികളില്‍
കാവല്‍ മാടത്തിന് ചുറ്റും
കുറുക്കന്‍ കാലടികള്‍

വൈകുനേരങ്ങളില്‍
സഹായ വാഗ്ദാനങ്ങള്‍
നടത്തുന്ന രാഷ്ട്രീയാക്കാരന്‍ 
പതിരകളില്‍ മൃഗഭോഗം
നടത്തുന്ന വേട്ടക്കാരന്‍

വെളിച്ചത്ത് നിങ്ങള്‍ക്ക്
പല നിറം പല മതം
ഇരുട്ടത്ത്‌ എല്ലാവര്‍ക്കും
ഒരേ നിറം ഒരേ മതം
അത് കൊണ്ടയിരിക്കുമോ
ഇരുട്ടിനെ പലരും ഭയപെടുന്നത്..?

നിങ്ങളുടെ കൈകളാല്‍
നഗ്നരാക്കപ്പെട്ടവരുടെ
ജാഥ വരുന്നുണ്ട്
ദൈവത്തിന്റെ നാട്ടില്‍ നിന്നും
വരുന്ന കുഞ്ഞാടുകള്‍ അല്ല
മനുഷ്യന്റെ നാട്ടില്‍ നിന്നും
വരുന്ന പ്രതിഷേധികള്‍
നിങ്ങള്‍ ചോദ്യം ചെയ്യപെടും
കപടതയുടെ മുഖം മുടികള്‍
വലിച്ചു കീറി നഗ്നരാക്കപെടും

Friday, January 6, 2012

തണല്‍ മരം
ഇന്നെന്‍ ജീവന്‍റെ
പുസ്തകതാളിലെ
അക്ഷരക്കൂട്ടുകള്‍ക്ക്
മരണത്തിന്റെ
പാലപ്പൂ ഗന്ധം

ചിന്തകളുടെ
പൂമര കൊമ്പില്‍
നിന്ന് വീണ
ഗുല്മോഹറുകള്‍ക്ക്
പ്രാണന്റെ തുടിപ്പസ്തമിച്ച
വെളുത്ത നിറം

പച്ചിലച്ചാര്‍ത്തുകളില്‍
തീ വിതച്ച
നിന്റെ നാഭിച്ചുഴിയിലെ
വിയര്‍പ്പിന്നു
തുരിശിന്റെ ഉപ്പുരസം

നൊമ്പരത്തിനിന്നു
പ്രണയത്തേക്കാള്‍ വീര്യം
ഈ വിഷവീര്യത്തില്‍ നിന്ന്
മൃതിയിലൂടെ ഊര്‍ന്നിറങ്ങി
മരമായ്‌ ജനിക്കണമെനിക്ക്
ഋതുക്കളെ അതിജീവിക്കുന്ന
കാറ്റുവീഴ്ച്ചകളില്‍
ഇല പൊഴിക്കാത്ത
ഒരു തണല്‍ മരം

31-12-11

Monday, January 2, 2012

ഗര്‍ത്തങ്ങള്‍മഞ്ഞവെയില്‍
പൂത്തു കിടക്കുന്ന
നാട്ടുച്ചകളിലും
മരണത്തിന്റെ
കറുപ്പ് കുടിച്ച
ഗന്ധങ്ങളാണിന്നു
ഗര്‍ത്തങ്ങള്‍ക്ക്

ജീവിതത്തെ
ജീവനോടെ
പിടിച്ചു തിന്നുന്ന
എപ്പോഴാണെന്നറിയാതെ
കാല്‍ തെറ്റി
തെറിച്ചു വീണു
പോയേക്കാവുന്ന
പ്രണയ ഗര്‍ത്തങ്ങള്‍ക്ക്

Sunday, January 1, 2012

ജ്വരം
ഉണങ്ങിയ മരകൊമ്പില്‍
കുരലുമുറുക്കിയ
വള്ളിക്കുരുക്കില്‍ നിന്നും
നിന്റെ ജഡം
താഴെ ഇറക്കി കിടത്തി
വെരിഫിക്കേഷന്‍ നടത്തിയ
പോലിസുക്കാരന്‍
എഴുതിയത് 
പുരുഷന്‍ , മുപ്പതിനടുത്തു പ്രായം
എന്നുമാത്രമായിരുന്നു.

നിന്റെ ഉള്ളിലെ
പെണ്ണിനെ കുറിച്ചും
നിന്റെ രക്തത്തിലെ
മരണത്തിന്റെ
പടയാളികളെ കുറിച്ചും
അവര്‍ക്കൊന്നും
പറയാനില്ലായിരുന്നു.

പകല്‍ കല്ലെറിയുകയും
രാത്രി നിന്റെ
ചൂട് തേടുകയും
ചെയ്ത മുഖമില്ലാത്ത
ബിംബങ്ങളില്‍
ഭീതിയുടെ കനലെറിഞ്ഞു
നീ പോകുമ്പോള്‍
പുറം തിരിഞ്ഞു
നിന്നവര്‍ക്കെല്ലാം
ജീര്‍ണതയുടെ ജ്വരം.