Monday, April 9, 2012

നക്ഷത്രരേഖ


ഞാന്‍ വാക്കും
നീ മൌനവുമാകുന്നു
നമ്മുക്കിടയില്‍
ഒരു മഴവില്ലുണ്ട്
ഭ്രമണ പഥത്തില്‍ നിന്നും
തെറിച്ചു പോകാതെ
എന്നെ നിന്നിലേക്ക്
വലിച്ചടുപ്പിക്കുന്ന
ഒരു പ്രപഞ്ച രഹസ്യവും

മഴവില്ലിന്റെ
നീല രാശിയിലൂടെ ആണ്
നീ എന്നിലേക്ക്‌
യാത്ര പുറപ്പെട്ടത്‌
ഭ്രാന്തമായ
ചുവപ്പിലൂടെ ഞാനും

ലക്ഷ്യത്തില്‍ എത്തുമ്പോള്‍
നാം പരസ്പരം
പുണരാതെ പോയ
നഷ്ത്ര രേഖകളായിരിക്കും
ഇവിടെ ഇരുട്ടാണ്
ശവഗന്ധവും

തിരിഞ്ഞു നോക്കുമ്പോള്‍
മഴവില്ലില്ല
ചിതറിയ നിറങ്ങള്‍ മാത്രം.

Friday, April 6, 2012

മൌനത്തിന്റെ പൊരുള്‍


മരുഭൂമിയുടെ വക്കിലിരുന്നു
നിന്‍റെ വെറും വാക്കിന്‍റെ
ഈര്‍പ്പത്തിലേക്ക്
സമരം നടത്തുന്ന
കാട്ടുച്ചെടിയാണ് ഞാന്‍

കാത്തിരിപ്പാണിന്നും
ഋതു മേഘങ്ങളില്‍
ചുരത്താതെ നിന്ന
മഴത്തുള്ളി പോല്‍
നിന്‍റെ ഹൃദയ രോദനത്തില്‍
ചുണ്ടിന്റെ തടവറയില്‍ നിന്നും
എന്റെ തലച്ചോറില്‍
അമ്ലമഴയുടെ നീറ്റലായ്
വീഴുന്ന വാക്കിനായ്‌

കനാലു തിന്ന ചുണ്ടും
പുക കാര്‍ന്നു തിന്ന കുരലും
ലഹരിയുടെ ഗസലുകള്‍
ചൂളം വിളിച്ച
രക്തകുഴലുകളുമായി
ഉണ്ടെന്നോ ഇല്ലെന്നോ
പറയാതെ പോയ നിന്‍റെ
വാക്കിന്‍റെ വരവും
കാത്തു ഞാന്‍ അലയും

ഒടുവില്‍ മൃത്യുപൂത്ത
ചെമ്പകമരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍
ഉള്ളില്‍ തലയില്ലാത്ത ജഡങ്ങളുടെ
പാട്ടുകളില്‍ നിന്നും
നിന്‍റെ മൌനത്തിന്റെ
പോരുളെനിക്ക് കേള്‍ക്കാം