Tuesday, May 14, 2013

നിലക്കാത്ത സ്വപ്‌നങ്ങള്‍

മലമുകളിലാണ്
ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത എന്‍റെ വീട്

മുറ്റത്ത്‌
വസന്തം മറന്ന മരത്തില്‍ നിന്നും
വീണു കിടക്കുന്ന
കരിഞ്ഞ നിമിഷങ്ങളുടെ കൂമ്പാരം

ഇറയത്ത്‌ തൂങ്ങി കിടക്കുന്ന
മരിച്ച സ്വപ്നങ്ങളുടെ
മഴ നനഞ്ഞ ഒരു തോള്‍സഞ്ചി

കറുത്ത ഭിത്തികളില്‍ നിന്നും
നിലം പതിഞ്ഞു കിടക്കുന്ന
കുറെ അക്ഷരത്തെറ്റുകള്‍

മേശമുകളില്‍
നീ പൂര്‍ത്തിയാക്കാതെ പോയ
കഥയിലെ വാക്കുകള്‍
പരിഭവം പറയുന്ന നേര്‍ത്ത ഒച്ചകള്‍

വെയില്‍ മാഞ്ഞു പോകുന്ന
വൈകുനേരങ്ങള്‍ ചോദിക്കുന്ന
വേര്‍പ്പാടിന്‍റെ ഒരു ഗാനം

ഹോ ..!!
ഇതല്ലയിരുന്നലോ..

നിലാവും ശലഭങ്ങളുടെ
ചിറകുകളും ചേര്‍ത്ത് തുന്നിയ
പുല്‍ക്കൂടായിരുന്നല്ലോ
നീ പോകുന്നതിനു മുന്‍പ് എന്‍റെ വീട്

കറുത്ത കുയിലുകള്‍


പച്ച നിറഞ്ഞ ഒരു കാടുമുഴുവന്‍ 
കിളികളായിരുന്നു 
പുലരിയിലേക്ക് കാട്ടുസംഗീതം 
പൊഴിച്ചിട്ട കറുത്ത കുയിലുകള്‍

വടക്കിന്‍റെ അതിര്‍ത്തിയില്‍ വച്ച് 
പലരും വേട്ടക്കാരെ കണ്ടെന്നു 
പറഞ്ഞിരുന്നു

എന്‍റെ കാടിന്‍റെ പച്ച
മുഴുവന്‍ കവര്‍ന്നെടുത്തിട്ടും
വേടന്‍റെ ചുണ്ടില്‍
അറ്റു പോയ കൈപത്തിയില്‍
നിന്നു തെറിച്ച ചോരയുടെ
ചുവപ്പായിരുന്നു

ഇന്നലെ വേട്ടക്കാരന്‍റെ
മാളികയില്‍ അത്താഴത്തിനു
തീണ്ടാതെ പോയ കന്യകയുടെ
മുല പ്രത്യേക വിഭവമായി

ഗാന്ധി തൊപ്പിയും
കാവിയും ഖദറും രഹസ്യമായി
ഒന്നിച്ചുണ്ണാനിരുന്നതും
അവിടെ വച്ചായിരുന്നു.

ആ രാത്രിയില്‍ കാടിന്‍റെ
അതിര്‍ത്തി ഭേദിച്ച രോദനത്തില്‍
നാട് വരളുകയായിരുന്നു
കാടിനപ്പുറത്തേക്ക്.

കുടിയിറക്കപ്പെട്ടവന്‍റെയും
ഇരയാക്കപ്പെട്ടവളുടെയും
കൊലചെയ്യപ്പെട്ടവരുടെയും
മേല്‍വിലാസം കറുപ്പയിരുന്നത്
കൊണ്ടാണ് എന്‍റെ വാക്കുകള്‍
കറുത്ത് പോയതത്രേ

പെട്ടെന്നൊരു ഇടിമുഴക്കത്തില്‍
ഭൂമി മുഴുവന്‍ സംഗീതം നിലക്കുന്നു
പാടാന്‍ മാത്രമറിയാവുന്ന ചുണ്ടുകള്‍
മൂര്‍ച്ച കൂട്ടുന്നത്‌ അതിജീവനത്തിനു
വേണ്ടിയാണ്.