Friday, December 30, 2011

വേര്‍പ്പാട്




പുലരിയുടെ
കുളിര്‍പ്പില്‍ നിന്ന്
അസ്തമയത്തിന്റെ
ചുവപ്പിലേക്ക്
ഒരു പുഴയോഴുകുന്നുണ്ട്
പ്രണയത്തിന്റെ
തത്വശാസ്ത്രങ്ങളില്‍
ഇണ ചേര്‍ന്ന്
ഇഴപിരിയാതെ കിടന്ന
രണ്ടാത്മാക്കളും
പേറിയൊരു പുഴ

പുഴയറിയാതെ
പുഴക്കടിയിലൂടെ
ചെമ്പന്‍ കുതിരകളെ
പൂട്ടിയൊരു രഥം
ഓടുന്നുണ്ട്
ആജ്ഞയുടെ ചട്ടവാറടികള്‍
പുറത്തു കേള്‍പ്പിക്കാതെ

പനി മൂടികിടക്കുന്ന
കുന്നുകളിലൂടെ
ഉച്ചവെയിലില്‍
ഉരുകിയ നാട്ടുച്ചകളിലേക്ക്
പുഴ ഒഴുകിയടുക്കുമ്പോള്‍
വരള്‍ച്ചയുടെ കുഞ്ഞുങ്ങള്‍
പുഴയെ തിന്നു കൊണ്ടിരിക്കും.

തീയിലുരുകി വറ്റുന്ന
പുഴക്ക് നടുവിലൂടെ
അപ്പോള്‍ ഒരു മണല്‍കൂന
പൊന്തി വരുന്നു.
അവിടെ ആത്മാക്കളെ പകുത്തുമാറ്റി
മണല്‍കൂനക്കിരുവശം
പുഴ രണ്ടായി വേര്‍പിരിയുന്നു.
ചെമ്പന്‍ കുതിരകളെ
പൂട്ടിയ രഥം
മണ്‍കൂനക്ക് മുകളിലൂടെ
കുതിച്ചു പായുന്നു.

കാതടപ്പിക്കുന്ന അതിന്റെ
ചാട്ടവാറടികള്‍ ഇരുപുഴകളെയും
അകലങ്ങളിലേക്ക് നയിക്കുന്നു.

അസ്തമയത്തിലെത്തും മുന്‍പേ
ഞാനെന്ന പുഴ
ഇവിടെ വറ്റി തീരുന്നു
കണ്ണീരു പോലും തീര്‍ന്നു
ഈ ഒഴുക്കിനി വയ്യ
ഞാന്‍ പകുത്തു നല്‍കിയ
നിന്റെ ചുണ്ടിലെ ഉമ്മകളുടെ
ഗന്ധം കഴുകി കളഞ്ഞു
നീ അസ്തമയത്തിലേക്കോഴുകുക.

Sunday, November 27, 2011

കാമുകി


ഓര്‍മ്മകളില്‍ നീ
ഒഴുകിയകലുന്ന
പുഴയാണ് ...
ഒരു തിരുവിനപ്പുറം
അപ്രത്യക്ഷമാകുന്ന
നീരുറവ ...

ഇന്നലകളിലെ
മഴനീര്‍ തുള്ളികള്‍ കൊണ്ട്
ഒരു പ്രളയം നല്‍കി
ഇന്നു വേനലിലേക്ക്
കൂപ്പുകുത്തിയ നിള നദി

നിന്റെ കൈത്തണ്ടയിലെ
നീല ഞരമ്പുകള്‍
തീര്‍ത്ത ഈ മണല്‍
ചാലുകള്‍ക്ക് മീതെ
മലര്‍ന്നു കിടക്കുമ്പോള്‍
ചക്രവാളത്തിനപ്പുറത്തു നിന്നും
നിന്റെ മേഘഗര്‍ജ്ജനം
കേള്‍ക്കുന്നുണ്ട്

കാത്തിരുപ്പിന്റെ
ഒരു വേഴാമ്പല്‍
പറന്നടുക്കുന്നു.

Tuesday, November 15, 2011

അന്ധന്‍



പകലിന്‍റെ പ്രാണനില്‍
പഴുപ്പിച്ചെടുത്ത
കണ്ണുനീര്‍ തുള്ളികളെ
കിടത്തി ഒരു ചിത
ഒരുങ്ങുന്നുണ്ടെന്റെ
ഹൃദയത്തില്‍ .

ജീവനില്ലാതെ തണുത്തു
മരവിച്ച പ്രണയത്തെ
അതിലിറക്കി വെക്കുമ്പോള്‍
നിലാവില്‍ നിന്നൊരുതുള്ളി
വീണതില്‍ തീ പിടിക്കും...!

ഈ രാത്രിയില്‍
എന്റെ ബലിച്ചോറുണ്ണന്‍
ഒരു കൈ കൊട്ടു
വിളിപോലും കാക്കാതെ
കറുത്ത നക്ഷത്രങ്ങള്‍
ഇറങ്ങി വരും.

നിന്റെ വിട പറയലിനെ, അല്ല
അസ്തമയ സൂര്യന്‍റെ
ചുവപ്പില്‍ നിന്നു
തെറിച്ച ചോരത്തുള്ളികള്‍
എന്റെ കണ്ണിനു നല്‍കിയ
ഇരുട്ടിനെ ആണ്
ഞാന്‍ ഭയപ്പെടുന്നത്.

നിലാവില്‍ ഇനിയൊരു
പ്രണയം പിറക്കുന്നത്
കാണാന്‍ കഴിയാത്ത വിതം
ഞാനിതാ അന്ധന്‍ ആകുന്നു  . 


Friday, October 28, 2011

മരണതീരങ്ങളില്‍


ചത്ത സ്വപ്നങ്ങള്‍
തോരണം ചാര്‍ത്തുന്ന
ഈ മുറിയിലിരുന്നു
നിനക്കായിന്നു ഒറ്റവരി
മാത്രം കുറിക്കുന്നു

നിന്‍റെ ചുണ്ടിലെ
തേന്‍ മധുരത്തെ
കുറിച്ച്, എന്‍ മാറിടങ്ങളില്‍
ചിത്രമെഴുതുന്ന നിന്റെ
വിരലുകളെ കുറിച്ച്

ഒടുവില്‍ നിന്റെ കരളുകീറി-
ഒഴുകിയിരുന്ന വിങ്ങലുകളെ
കുറിച്ച്, പോകുമ്പോള്‍
കോര്‍ത്തെടുക്കാന്‍
നീയെകിയ രണ്ടു
കണ്ണുനീര്‍തുള്ളികളെ കുറിച്ച് 

ഇന്നു ഓര്‍മ്മകളിലൂടെ
നാം വഴിപിരിഞ്ഞോഴുകിയ
തീരങ്ങളില്‍ തിരിച്ചെത്തണമെനിക്ക്
നിന്റെ മാറിലെ
ഇല കൊഴിഞ്ഞ മരങ്ങളില്‍
കിളികളായ് പൂക്കണമെനിക്ക്

നിന്‍റെ കണ്ണിലെ
ക്ഷാരത്തിലലിയണം
ഇന്നിവിടെയീ മരണതീരങ്ങളില്‍
നമുക്ക് പരസ്പരമീ
പ്രണയം പാനം ചെയ്തിരിക്കാം 

Friday, October 21, 2011

പിന്‍വിളി



മരണത്തിന്‍ രുചിയൂറും
പുക കുടിച്ചും
ലഹരി നങ്കൂരമിട്ട തീരങ്ങളില്‍
ചഷകത്തിന്‍റെ തീയലകള്‍
ചോരകുഴലുകളില്‍ പടര്‍ത്തിയും
അപഥസഞ്ചാരിണിയായ
അമ്രപാലിയുടെ മെയ്‌പിണര്‍ന്നു
കിടന്ന രാവു മുറുകുമ്പോള്‍
ഇരവിലാരോ പിന്‍വിളിയുതിര്‍ക്കുന്നു.

നെഞ്ചിലൊരു നീരുറവയായ്‌ ഉണര്‍ന്നവള്‍
ഹിമാകണമായെന്നെ കുള്ളിര്‍പ്പിച്ചവള്‍
പ്രണയാഗ്നിയിലെന്നെ സ്ഫുടം ചെയ്യ്‌തവള്‍
എന്റെ പ്രണയത്തിന്‍ വിഷസര്‍പ്പങ്ങള്‍ക്ക്
കാവലായ്‌ പകലു കറുപ്പിച്ചവള്‍
ഇരവായൊരു പിന്‍വിളിയുതിര്‍ക്കുന്നു.

ഇന്നു ഓര്‍മ്മയുടെ ഇരുട്ടറയിലേക്ക്
മസ്തിഷ്ക സ്പന്ദനങ്ങളുടെ
വേരുകളാഴ്ത്തി പരതുമ്പോള്‍
ഉത്തരായനത്തിലെ കറുത്ത
സൂര്യബിംബമായ്‌ നീയും
ദക്ഷിണയാനത്തിലെ വറുതിയില്‍
വറ്റിയ പുഴയായ് ഞാനും

ഒരിക്കല്‍ നിന്‍റെ മിഴികളില്‍ എനിക്കായ്‌
ഉറവപൊട്ടിയ കണ്ണീര്‍ കണങ്ങളില്‍
ഞാനുരുകി പ്രതിഫലിച്ചിടുമ്പോള്‍
നമ്മുക്കിടയിലെ അക്ഷാംശങ്ങള്‍ക്കിടയില്‍
തൂങ്ങികിടന്നു പൊട്ടിച്ചിരിക്കുന്നു ചിലര്‍

വഴിമാറിയൊഴുകാന്‍ വിധിക്കപ്പെട്ടു നീ
ഏങ്ങലടിച്ചു കരയുമ്പോള്‍
എനിക്കായ്‌ പിന്‍വിളി നീ ഉണര്‍ത്തിടുമ്പോള്‍
എന്‍റെ ലഹരി തീരങ്ങളില്‍
ആളനക്കങ്ങള്‍ നിലക്കുന്നു
എന്‍റെ ബലിചോറിനായ്‌ വട്ടമിട്ടാര്‍ത്തു പറക്കുന്നു
കാക്കയുടെ ചിറകടി ഒച്ചകള്‍
വിണ്ണിലായ് പുതുപിറവികൊള്ളുന്നു
നിന്റെ സ്വപ്നങ്ങളിലേക്ക് വീണ്ടുമൊരു പിന്‍വിളി.

Sunday, October 16, 2011

ഇരുട്ടിന്‍റെ വശങ്ങള്‍


പുരയിപ്പോള്‍ ഇരുട്ട്
പുതച്ചുറങ്ങുന്ന ഒറ്റമുറിയാണ്‌
ചുമരുകളുടെ മുരടുകളില്‍
വെള്ളം കിനിഞ്ഞു നിന്നിട്ടും
ചുട്ടുപൊള്ളുന്ന പഴുത്ത നിലങ്ങള്‍ .

അടഞ്ഞ ജനാലകളില്‍
തൂങ്ങികിടന്ന മാറാലകള്‍
ഇരുട്ടിന്‍റെ കുഞ്ഞുങ്ങളെ
പ്രസവിച്ചു കൊണ്ടിരുന്നു.

വാതില്‍ പഴുതിലൂടെ
പുറത്തേക്കു കണ്ണെറിയുമ്പോള്‍
ഒരു സ്വാന്തനം പോലെ
മിന്നാമിനുങ്ങുകള്‍ ചൂട്ടു
കത്തിച്ചു അങ്ങുമിങ്ങും.

ഒരു നൊടിയിട നേരത്തെ പരിജയം
ഇരുട്ടിന്‍റെ വശങ്ങളിലൂടെ
തരിശുകളെ പിറകിലാക്കി
ഇടവഴികളിലൂടെ തുള്ളി
കള്ളിച്ചെത്തും കുറുമ്പികിടാവ്പോല്‍
വെള്ളിച്ചകീറുകള്‍ മുറ്റത്തോളം
വന്നു നില്‍ക്കും
പിന്നെ,
വിണ്ട വൃണങ്ങള്‍ അതിര്‍ത്തിയിട്ട
വരമ്പിനപ്പുറത്തു നിന്നും
അവ പതുക്കെ പടിയിറങ്ങി പോകും
ഇരുട്ടിന്‍റെ വശങ്ങളിലേക്ക്
അഴുകിയ ജീവിതം വീണ്ടും തലചായ്ച്ച് കിടക്കും  

Friday, October 14, 2011

മണ്ണിലേക്ക്‌


സ്വപ്നങ്ങളുടെ പറുദീസ
വെറുത്തപ്പോഴയിരുന്നു
ആകാശത്തിന്‍റെ
നീലാംബരത്തിലേക്ക്‌
ഇറങ്ങി വന്നത്
അവിടം വെറുത്തപ്പോള്‍
കറുത്തിരുണ്ട വിഷാദ
മേഘങ്ങളിലേക്ക് ഇറങ്ങിപോന്നു
പൊള്ളുന്ന മഴയില്‍
ജീവിതം പൊട്ടിയോലിച്ചപ്പോള്‍
മഴ പെയ്തു നനഞ്ഞ
വായുവിന്‍റെ വഴുക്കും പടിയിലേക്ക്
വായുവില്‍ നിന്നു
കൌമാരക്കാരിയായി മുറ്റത്ത്‌
വിരിഞ്ഞു നിന്ന ചെമ്പകമരത്തിലേക്ക്
ഊര്‍ന്നു വീണത്‌ പ്രണയത്തെ
നിലാവായ് പൊഴിച്ച
ചന്ദ്രനെ കണ്ടു മോഹിച്ചപ്പോഴയിരുന്നു
അവിടെയും വെറുത്തപ്പോള്‍
അവളുടെ നാഭിചുഴിയിലൂടെ
വീണ്ടും താഴോട്ട്
മണ്ണിനെ പ്രണയിച്ചു
മണ്ണായിതീരാന്‍  ....

Wednesday, October 12, 2011

പ്രണയം


ഇന്നു ഞാന്‍
ഒരു വാക്കിന്‍റെ
മുനയില്‍ നിന്നും
ഉദ്ദരിച്ച് തെറിച്ച
വിഷം കുടിച്ചു മരിക്കാന്‍
വിധിക്കപ്പെട്ടവന്‍
കാലം ഒരു മഴത്തുള്ളിയെ
പോലും പ്രസവിക്കാന്‍
കഴിയാത്ത വന്ധ്യ മേഘങ്ങളില്‍
അര്‍ക്കന്‍റെ മഞ്ഞവെയില്‍
കിരണങ്ങള്‍ കൊണ്ട്
ഇങ്ങനെ അടയാളപെടുത്തും
"പ്രണയം"

Wednesday, August 24, 2011

വിശ്വാസങ്ങള്‍ വില്പനയ്ക്ക്


നിന്‍റെ കറുത്ത
ചിന്തകളെ ഭോഗിച്ച്
മരിച്ചു വീഴുന്ന
വെളുത്ത സര്‍പ്പങ്ങള്‍
ഊരിയെറിഞ്ഞ ഉറകള്‍
ഇഴുകി ചേര്‍ന്ന്
അപ്പോസ്തലന്‍മാര്‍
പിറന്നു വീണിരിക്കുന്നു.

പാപക്കനി തിന്നാന്‍
കരുത്ത്‌ കാട്ടിയ മനുഷ്യനിന്നു
നിന്‍റെ കാവല്‍ക്കാരുടെ മുന്നില്‍
ചിന്തകള്‍ ഊരിയെറിഞ്ഞു
നഗ്ന്നരായ്‌ നില്‍ക്കുന്നു

ആര്‍ത്തിയോടെത്തും
കാമപ്പൂവുകള്‍
നിന്‍റെ കന്യകമാരില്‍
പുതിയ രക്ഷകനു വേണ്ടി
വിത്തിട്ട് മുള്ളപ്പിച്ചെടുക്കുമ്പോള്‍
നീ പണക്കാരന്റെ പറുദീസയില്‍
വീഞ്ഞിന്റെ മധുരം നുണഞ്ഞു
സുഖനിദ്രയിലായിരുന്നോ....

നീ വെളിപ്പെട്ട്
കല്‍പ്പനകള്‍ നല്‍കിയ
കാവലാളുകള്‍
വിശ്വാസത്തിന്‍റെ
ഭണ്ഡാരപ്പെട്ടിയില്‍
നിന്‍റെ തല വെട്ടിവെച്ച്
കച്ചവടം നടത്തുമ്പോള്‍
നീ എന്റെ മുന്നില്‍
വെളിപെടാത്തതിനെ
ഞാന്‍ മഹാഭാഗ്യമായി കരുതും

മരക്കുരിശില്‍ നിന്ന്
ഇറങ്ങി വന്നു നോക്കു
ചന്തയില്‍ നിന്‍റെ
തിരുശേഷിപ്പുകള്‍
മുപ്പതു വെള്ളികാശിനു
വില്‍ക്കാന്‍ വെച്ചിരിക്കുന്നു.

Tuesday, August 23, 2011

ഭീരു


ആറാം വേദത്തിന്റെ
അരികു പിടച്ചു
നടന്ന വഴികളില്‍
വീണു പിടഞ്ഞത്
നിനക്കപ്പുറം എത്താത്ത
പൊട്ടി ഒലിച്ച വാക്കുകളും
എന്റെ ഭീരു ജീവിതവും.

രാത്രികളില്‍
നിന്റെ ഉമ്മകള്‍
കൊണ്ടെന്നെ മൂടി
നീ ചോദിച്ചത്
പ്രണയത്തെ
കുറിച്ചല്ലായിരുന്നു
എന്റെ ഉള്ളിലെ
ഭീരുവിനെ കുറിച്ചായിരുന്നു

തെന്നിവീഴുന്ന
മനുഷ്യമനസ്സിന്‍റെ
ഇടി മുഴക്കങ്ങളും
അലമുറകളും കേള്‍ക്കാതെ
ഇനിയും നീ തലതാഴ്ത്തി
നടക്കെണ്ടാതുണ്ടോ

ഉറുമ്പരിക്കുന്ന 
തലച്ചോറുകളുടെ
രക്തമൂറ്റി കുടിച്ചു 
അട്ടകള്‍ കുളങ്ങള്‍
വിട്ടു മെത്തകളില്‍
മലര്‍ന്നു കിടക്കുമ്പോള്‍
ഇനിയും നീ ഉറക്കം
നടിക്കെണ്ടാതുണ്ടോ

നിന്റെ ചോദ്യങ്ങളില്‍
നിന്നൊഴിഞ്ഞു മാറി
മുറിക്കു പുറത്തു
കടന്നപ്പോള്‍ 
എന്റെ നിഴലെന്നോട്
പറയുന്നുണ്ടായിരുന്നു
നിരര്‍ത്ഥകമായ ഈ
ജീവിതത്തില്‍
നിനക്ക് പ്രണയം
പോലും  വിപ്ലവമായിരുന്നു
എനിക്ക് ജീവിതം
പോലും ഭീരുത്വമായിരുന്നു. 

Thursday, August 18, 2011

അവശിഷ്ടജീവിതം


ഒറ്റുക്കാരുടെ നഗരത്തില്‍
പിഴച്ചുപെറ്റൊരു നാക്ക്
പരിതാപമില്ലാതെ
വിരഹം  പേറിയ
വിഴുപ്പുമായി നടക്കുന്നുണ്ട്

ഋണധന ഗണിതം
കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
ശിഷ്ടം പേറി നിന്ന
അവശിഷ്ടജീവിതം അങ്ങനെ
അലഞ്ഞു നടക്കുന്നു.

ഒന്നുമില്ലായ്മയില്‍ തുടങ്ങി
ഭൂതകാലത്തിന്റെ കല്‍പടവില്‍
സ്വന്തമായി നേടിയ
കളിപ്പാട്ടങ്ങളായിരുന്നു ദുഃഖങ്ങള്‍

ദുഃഖങ്ങളുടെ നീലിച്ച
നിഴല്‍ച്ചിലയില്‍ നിന്നും
കിനാക്കള്‍ രക്തം
പാനം ചെയ്തു മരിച്ചുവീഴുന്നു.

സ്വന്തമാകാത്ത സൂര്യവെളിച്ചവും
കവിതയുടെ നീലാംബരവും
ചേര്‍ത്ത് കെട്ടി കൂടുണ്ടാക്കി
അവയെ അതിലിട്ടു പൂട്ടുകയാണിന്നു

വിളക്കുകളെല്ലാം കെട്ട
ഈ വഴിവക്കില്‍
കവിതയുടെ ഇടിമിന്നലില്‍
നിന്ന് ഒരു തിരി കത്തിച്ചു
വെക്കണമെനിക്ക്

ഈ വേനലില്‍ ഇടക്ക്
വന്നും പോയും ഇരിക്കുന്ന
ആ  വെളിച്ചപാട്ടുകളില്‍
തലച്ചായ്ച്ചു കിടക്കണം
ഒരുകി ഒലിച്ച കവിതയുടെ
നിലാവില്‍ സുഖമായുറങ്ങണം.

 

Saturday, August 13, 2011

പാര്‍സല്‍


വരണ്ട മണ്ണാണിന്നു മനസ്സ്
കറുത്ത ആകാശം
കരിപുരണ്ട കണ്ണുകള്‍
പണ്ടിവിടെ പൂക്കളായിരുന്നത്രേ
നിന്റെ ചുണ്ടിലെ
തേന്‍ കുടിച്ചു
പ്രകാശം പരത്തിയ
ചുവന്ന നക്ഷത്രപൂക്കള്‍

ഒറ്റുക്കാരുടെ വസന്തത്തില്‍
പ്രണയവും ജീവിതവും
വിപരീതങ്ങളായ്
നീ പിരിച്ചെഴുതിയപ്പോള്‍
നിന്റെ കാലടി ഒച്ചകളെ
കാത്തിരുന്നൊരു രാവ്
പകലുകളെ വെറുത്തു
തുടങ്ങിയിരുന്നു.

പൊടിപിടിച്ചു കിടന്ന
നിന്‍റെയാ പഴയ
അഡ്രസ്സിലേക്ക് ഞാനൊരു
പാര്‍സല്‍ അയക്കുന്നു
പ്രണയം ഊറ്റിയെടുത്തപ്പോള്‍
മരണമെങ്കിലും തരാമായിരുന്നില്ലേ
എന്ന് ചോദിച്ചു
നീല രക്തം വാര്‍ന്നൊഴുകി
തുടിച്ചുകൊണ്ടിരുന്ന
എന്റെ ഹൃദയം.

Sunday, August 7, 2011

സുഹൃത്ത്‌


ഞാന്‍ നടക്കുകയാണ്
ഏകനായ്, കരിപടര്‍ന്ന
ജീവിതത്തിന്റെ പാതയിലൂടെ
എനിക്ക് ചുറ്റും 
കടിച്ചു കീറാന്‍ നാവില്‍
വെള്ളമൂറി നില്‍ക്കുന്ന
ചെന്നായ്ക്കള്‍ മാത്രം
ഇരുട്ടിനെ എനിക്ക്
ഭയമായിരുന്നല്ലോ എന്നിട്ടും,
ഞാന്‍ ഇരുട്ടില്‍ അലയുന്നു.

നല്ലൊരു സുഹൃത്തിനെ
തെടുകയണെന്‍റെ
വിളറിയ കണ്ണുകള്‍
നേട്ടങ്ങളില്‍ ഞാന്‍
പൂര്‍ണ്ണ നഗ്നനന്‍
നഷ്ടങ്ങളില്‍ പരിപൂര്‍ണ്ണന്‍

ഞാനി പാതയുടെ
നീഭൂതയിലേക്ക് നടക്കുന്നു
ഏങ്ങല്‍ അടിക്കുന്ന ചിതറിയ
ഒരു ശബ്ദം അവിടെ-
അലയുന്നുണ്ടത്രേ
ഞാന്‍ ഭാവിയിലേക്ക് നടക്കുന്നു
നല്ലൊരു സുഹൃത്തിനെ തിരയാന്‍
ഉള്ളിളിരുന്നരോ പിറുപിറുത്തു
വെളിച്ചത്തിലേക്ക് നടക്കുക
ജീവനുള്ളതെല്ലാം
നിന്നെ പിന്‍തുടരും
ഇരുട്ടിലേക്ക് പോവുക
നിന്‍റെ നിഴലു പോലും
നിനക്കില്ലതാകും
സുഹൃത്ത്‌ വിള്ളിക്കുന്നുണ്ട്
മനുഷ്യരില്ലാത്ത ലോകത്തിന്‍റെ
സ്പന്ദനങ്ങള്‍ കേള്‍ക്കാന്‍ 

Saturday, August 6, 2011

മൂന്നു കവിതകള്‍


കാത്തിരിപ്പ്‌
=========
നില്‍ക്കുന്നിതാ
നിന്നെയും കാത്തു
ഈ ഒറ്റയടി പാതയില്‍
നീ ഇറുത്തിട്ടു പോയൊര
പൂക്കള്‍ ചോര തുപ്പിയ മണ്ണില്‍
പച്ച കത്തിയ മാമരകൂട്ടവും
കറുപ്പ് കുടിച്ചു
മയങ്ങിയ സൂര്യനും
ഏകനായ് ഞാനും
...........................

ആവര്‍ത്തനങ്ങള്‍
==============
കരളില്‍ വേവുന്നൊരു
മഴ വീണു ചാവുന്നു
എന്റെ കണ്ണീരു മോന്തി കുടിച്ച്
ആത്മകഥനങ്ങളോക്കെയും
ആവര്‍ത്തനങ്ങളായ്
വിരഹമൂറ്റി കുടിച്ചു ഞാനും
.........................

ഓര്‍മ്മകള്‍
==========
ഓര്‍മ്മകള്‍ നിറച്ചു
ചേര്‍ത്തു വെച്ചൊരാ
മണ്‍കുടങ്ങളില്‍ നിന്ന്
സുഷിരങ്ങളായ് നീ
പൊട്ടിയോലിച്ചു
കിടക്കുമ്പോഴോക്കെയും
നിറങ്ങള്‍ ചാലിച്ച്
നിറക്കുന്നു ഞാനതില്‍ പിന്നെയും.  

Tuesday, August 2, 2011

വിട്ടകന്ന നിഴലുകള്‍



തിരകെയാണ്
ഞാനെന്‍റെ നിഴലിനെ...
പ്രണയം മരിച്ച രാത്രിയില്‍ 
നിലാവിനെ
കെട്ടിപ്പിടിച്ച് നിഴല്‍
കരയുന്നത് കേട്ടവരുണ്ടത്രേ..
മദ്യഷാപ്പിന്‍റെ വരാന്തയില്‍
കരിപിടിച്ച ജനിതകഗോവണിക്ക്
താഴെയിരുന്നു നിഴല്‍
പാടാറുണ്ടായിരുന്നത്രേ...
നീ പോയ രാവില്‍
നിലാവിനെ പ്രണയിച്ച
ഒരു കറുത്ത രൂപം
കടലിന്‍റെ തിരമാലകള്‍ക്കടിയിലൂടെ
നടന്നു പോകുന്നത്
കണ്ടവരുണ്ടത്രേ...

നീറിയ നിലാവിന്‍റെ
കീറില്‍ നിന്നു ഒരുതുള്ളിയായ്‌
ഞാന്‍ ഇറ്റു വീണു
ഒരു തീനാളമായ്‌
ജീവന്‍റെ വരള്‍ച്ചയെ തിന്നു
മരണത്തില്‍ പൂക്കും
മുന്‍പെങ്കിലും
എന്‍റെ നിഴലിനെ തിരികെ തരു... 

Friday, July 29, 2011

പുഴ


മണല്‍ക്കാറ്റ് വീശുന്ന
മനസ്സിന്‍റെ
താഴെ എവിടെയോ
ഒരു പുഴ ഒഴുകുന്നുണ്ട്
ഇന്നോളം ആര്‍ക്കു മുന്നിലും
ദൃശ്യമാകാതെ...
വളഞ്ഞും പുളഞ്ഞും
ചിണുങ്ങിയും പിണങ്ങിയും
അവള്‍ ഒഴുകി കൊണ്ടിരിക്കുന്നു.

അവളുടെ തീരങ്ങളില്‍
ഒരു കാട് തഴച്ചുവളരുന്നുണ്ട്...
ആ തണുത്ത നിലങ്ങളെ അവള്‍ ഉമ്മകള്‍
കൊണ്ട് മൂടിയിരുന്നു.
ഒഴുകി തളര്‍ന്ന അവളുടെ ഭൂതകാലങ്ങളെ
അവന്‍ കേട്ടിപുണര്‍ന്നിരുന്നു
അവളുടെ കണ്ണില്‍ നിലാവ് ഒഴുകിയതും
നോക്കി രാവുകളില്‍
അവന്‍ ഉറങ്ങാതെ ഇരുന്നു.
ഒരിക്കല്‍ അവള്‍ പുറത്തെ മണല്‍ക്കാട്
കാണാന്‍ കൊതിച്ചു പുറത്തെക്കൊഴുകി 

പതഞ്ഞു പൊങ്ങിയ നിറമുള്ള
കാഴ്ചകള്‍ കണ്ടു തിരികെ പോകാന്‍
അവള്‍ മടിച്ചു 
നിലാവ് മുങ്ങി മരിച്ച 
രാത്രികളില്‍ അവളുടെ
നെഞ്ചിലെ നീര് തേടി
പിന്നെ ആരൊക്കെയോ 
അവളില്‍ വേരുകള്‍ ആഴ്ത്തി.. 
അവളുടെ ഉദരത്തില്‍ വീണ 
വിഷ ബീജങ്ങള്‍ ഗര്‍ത്തങ്ങളായ് പിറന്നു
ഒരു കൊച്ചു ചാലായ് വറ്റുന്നു പുഴ
ഒരു തുള്ളി നീരിനായ്‌ കേണിടുന്നു...
പച്ചവിരിച്ച കാടിന്നു കത്തിയമാരുന്നു

Thursday, July 28, 2011

കോണ്‍ക്രീറ്റ് കാടുകള്‍ പൊട്ടിച്ചിരിക്കുന്നു


തെരുവിന്‍റെ ആകാശമെവിടെ
നിന്‍റെ കനവിന്‍റെ കണ്ണീര്‍
നുകര്‍ന്നോരു കാഞ്ഞിര
കൂട്ടങ്ങളെവിടെ
നിനക്കായ്‌ ഞാന്‍ വിട്ടിട്ട്
പോയ്യോര നക്ഷത്രപൂക്കളിന്നെവിടെ    

തൊടിയിലെ തുമ്പിയും
തുളസിയും
ആമ്പല്‍പൊയ്കയും
ഓണവും പാട്ടും
നിന്‍റെ ചിരിയും ചിന്തയും
നേരിന്‍റെ മധുരം
നുകര്‍ന്നോരോ
കല്‍ക്കണ്ട പാടവും
ഇന്നെവിടെ
 
വഴി വക്കില്‍
തളര്‍ന്നപ്പോള്‍
തണല് തന്നോരാ
ആല്‍മരകൂട്ടങ്ങളെവിടെ
നിന്നെ കുളിര്‍പ്പിച്ച പുഴയുടെ
തണ്ണീര്‍ കണികകളിന്നെവിടെ

നിന്‍റെ മിഴികള്‍ക്ക്
കാട്ടന്‍ കാത്തു വെച്ചതിന്റെ
കഥയെഴുതി വെക്കാന്‍
നന്മയും നാരായവുമെവിടെ

ശകടങ്ങള്‍ അലറുമ്പോള്‍
മലിനമായ് നീ പുകയുമ്പോള്‍
നഗ്നയായ് പുഴു വരിച്ചു നീ
വിഷം വമിചിടുമ്പോള്‍
തേടിയ കാഴ്ചകളെല്ലാം
പോയ്‌ മറഞ്ഞു...
തളര്‍ന്നു ഞാന്‍
നിന്‍റെ മടിയില്‍
തര്‍കന്നു വീണിടുമ്പോള്‍
വീണ്ടും കോണ്‍ക്രീറ്റ് കാടുകള്‍
പൊട്ടിച്ചിരിക്കുന്നു....   

Wednesday, July 27, 2011

നിറമില്ലായ്മയുടെ നിറങ്ങള്‍


പകലിനിന്നു പരിഹാസത്തിന്‍റെ
പരുപ്പരുത്ത നിറം
രാവിനു മരിച്ച
സ്വപ്നങ്ങളുടെ നിറം


രാവിന്‍റെ മാറത്തും
പകലിന്‍റെ മുറ്റത്തും
എനിക്കിന്നോരെ നിറം
വേവുന്ന മഴയുടെ നിറം

പൊടിഞ്ഞു വീണ
വാക്കുകള്‍ക്ക്
ഭ്രൂണഹത്യ അരങ്ങു
തകര്‍ത്ത ഒഴിഞ്ഞ
ഗര്‍ഭപാത്രത്തിന്‍റെ നിറം

നിന്‍റെ പ്രണയത്തിനിന്നു
കറുത്ത നിറം
കറുപ്പ് നിറമല്ലത്രേ
നിറമില്ലായ്മയുടെ
ചവര്‍പ്പാണത്രേ.......

Sunday, July 24, 2011

തിരികെ


ഇനിയും അകന്നു
പോകരുത് നീ
ഈ കറുത്ത പകലില്‍
തിരിചോഴുക്കിന്‍റെ
ചോര ചാലുകള്‍
വറ്റുന്നതിനു മുന്‍പേ
എനിക്ക് നിന്നിലെത്തണം...

ഏതു തമോഗര്‍ത്തത്തില്‍
ആഴ്ന്നു നീ ഇല്ലതാവുകിലും
നീയെന്ന ഒറ്റ നക്ഷത്രത്തെ
തേടി ഞാന്‍ വരും
നിന്നില്‍ ലയിക്കാന്‍
ഒരുമിച്ചിലതാകാന്‍ ..........

ഉറക്കം


ഇഴഞ്ഞു നീങ്ങിയ
ചുമര്‍ ഘടികാരത്തിലെ
റോമന്‍ അക്കങ്ങള്‍ക്കിടയില്‍
കൊഴിഞ്ഞു
വീണു കൊണ്ടേയിരുന്ന
യാമങ്ങളെ
വേര്‍പാടിന്റെ
നിമിഷ സൂചികള്‍
കുത്തി നോവിച്ചു കൊണ്ടേയിരുന്നു.

പാതി വഴിയില്‍
മറ്റൊരു കാമുകിയോട് കിന്നാരം
പറഞ്ഞുകൊണ്ടിരുന്നു, ഉറക്കം.
സ്വപ്നങ്ങളുടെ ശവങ്ങള്‍ക്ക്‌
ചിന്തകള്‍ കൂട്ടിരിക്കുന്ന
ഉറക്കമില്ലാത്ത രാവുകളില്‍
നീ ഇനിയും
തനിച്ചാകും.

Wednesday, July 20, 2011

ഓര്‍മ്മ പുഴുക്കള്‍


നിന്‍റെ പ്രണയ
തീ നാമ്പുകള്‍ക്ക്
ഉയിരേകി ഞാന്‍
പക്ഷേ ഇന്നതില്‍
കരിഞ്ഞു തീര്‍ന്നത്
നീ വലിച്ചെറിഞ്ഞ
എന്‍റെ പ്രണയം

നിന്നില്‍ നാമ്പിട്ട
ചെടിക്ക് വെള്ളമൂറ്റിയതും
ഞാന്‍ തന്നെ
ഇന്നാ മരകൊമ്പില്‍
വരിഞ്ഞു മുറുകി
ഞെരിഞ്ഞമര്‍ന്നത്‌
നീ കാണാതെ പോയ
എന്‍റെ ഹൃദയം

ഇന്ന്
എന്‍റെ വേദനകളെ
തിന്നു വീര്‍ത്ത
ഓര്‍മ്മ പുഴുക്കള്‍
പിന്നെയും കുത്തി നോവിച്ചു
കൊണ്ടേയിരിക്കുന്നു
വിശപ്പിനെക്കാളേറെ
എന്‍റെ വേദനകളോടായിരുന്നു
അവക്ക് പ്രിയം 

Saturday, July 16, 2011

കുടിയിറക്കപ്പെട്ടവരുടെ മേല്‍വിലാസം

വ്യാകരണ പുരാണങ്ങളുടെ
വയറു പിള്ളര്‍ന്ന്
അലങ്കാരങ്ങളെ
ചവിട്ടിയാഴ്ത്തി
വശമില്ലാത്ത വൃത്തങ്ങളെ
ചോരയില്‍ മുക്കി
ത്രികോണങ്ങളില്‍ നിന്നും
ചില വാക്കുകള്‍
റോഡരികിലെ
എച്ചില്‍ തോട്ടിയിലേക്ക്
പിറന്നു വീഴുന്നു....

ത്രികോണങ്ങളുടെ
മൃതിരോദനങ്ങളില്‍ ...
വരണ്ടുണങ്ങിയ മുലകള്‍ പോലും
അന്യമാക്കപ്പെട്ട്
ഓടകളില്‍ കമഴ്ന്നു കിടന്ന
വാക്കുകള്‍ക്കു കൂട്ടിരുന്നത്
നായ്ക്കളും, നാല്‍ക്കാലികളും

അലങ്കാരവും വൃത്തവും
തിന്നുകൊഴുത്ത വാക്കുകള്‍
ശീതികരണ മുറിയില്‍
പകല്‍കിനാവു കണ്ടുറങ്ങുമ്പോള്‍
അന്നത്തില്‍ നിന്നും
കിനാക്കളില്‍ നിന്നും
കുടിയിറക്കപ്പെട്ട വാക്കുകളുടെ
മേല്‍വിലാസം തിരയുകയായിരുന്നു ഞാന്‍

Friday, July 15, 2011

പറഞ്ഞുതീരാത്തത്


എന്‍റെ അക്ഷരങ്ങള്‍
നിന്നെ കുറിച്ചെഴുതാന്‍
വാക്കുകളെ തിരയുകയാണിന്നു
കൂടിചേരനകാതെ
തട്ടി തടഞ്ഞു വേര്‍പ്പെട്ടു
മുട്ടുപോട്ടി ചോരയോലിപിച്ചിരുന്നവ
എന്‍റെ വാക്കുകള്‍
നിന്‍റെ കാലിനടിയില്‍പ്പെട്ട്
പിടഞ്ഞു മരിക്കുന്നതിന്നു
വേദനയോടെ കണ്ടു നിന്നുഞാന്‍

എന്‍റെ സ്വരങ്ങള്‍
നിന്നെ കുറിച്ചുപാടാന്‍
ഈണം തേടുകയാണിന്നു
നിനക്കായ്‌ മീട്ടാന്‍
വീണ തന്ത്രികളില്‍
ഒരു രാഗവും വിരിയില്ല
ഹൃദയ വീണയുടെ
ഓരോ തന്ത്രിയും
വലിച്ചു പൊട്ടിച്ചാണ്
നീ തിരികെ നടന്നത്....

വിരഹവും വേദനയും
ആത്മകഥയും പറയുന്നില്ല
ഇനിയെന്‍റെ ആത്മാവിനെയും
തിരികെയെടുക്കുക
എന്‍റെ അക്ഷരങ്ങളെ
കൊന്നുകളഞ്ഞേക്കുക...

Thursday, July 14, 2011

പുഴുക്കലരി

പോരിവെയിലത്തെ
നീണ്ട ക്യൂ അവസാനിപ്പിച്ചു
റേഷന്‍കടക്കാരന്‍
പേരു വിള്ളിച്ചു മണ്ണെണ്ണയും
പഞ്ചാരയും പുഴുക്കലരിയും
തൂക്കി തന്നു ...
വീട്ടിലെത്തി
പുഴുത്തപുഴുക്കലരി
മൂന്നായി ഭാഗം വെച്ചു
പുഴു വേറെ
കല്ല് വേറെ
അരി വേറെ
വെളുത്ത പുഴുക്കള്‍
വാഗ്‌ദാനങ്ങള്‍ തിന്ന
വയറും പേറി
പല്ലിള്ളിച്ചു കാണിച്ചു.
കറുത്ത കല്ലുകള്‍
കടിച്ചാല്‍ പൊട്ടാത്ത
വാക്കുകളെ പോലെ
തുറിച്ചു നോക്കി
അരി മാത്രം
ചത്ത കുഞ്ഞിനെ പോലെ
കണ്ണുമടച്ചു ചുരുണ്ടു
കൂടി കിടന്നു.

Saturday, July 2, 2011

വരണ്ട വാര്‍ത്തകള്‍


അലറി ആര്‍ത്ത
പാതാളവണ്ടിയുടെ
പാതിയില്‍ നിന്നവള്‍
എടുത്തെറിയ പെട്ടു

ആറാം ആകാശത്ത്
കിനാവള്ളികളില്‍ നിന്ന്
ഒരു പൂവ് കൂടി
കറുത്ത കാമത്തിന്‍റെ
ചുവന്ന തെരട്ടകള്‍ക്കിടയില്‍ 
വീണു പിടഞ്ഞു...

ചുറ്റും തളം കെട്ടിയ ചോരയില്‍
ഒരുറുമ്പിന്‍ കൂട്ടം
ആര്‍ത്തിയോടെ നക്കികൊണ്ടിരുന്നു.
വേനലുകീറിയ വിടവിലുടെ പോലും
ജനനി ഏറ്റുവാങ്ങിയിലി രക്തം

ചതഞ്ഞരഞ്ഞ പൂവിനെ
ഭോഗിച്ച് മധുവൂറ്റാന്‍
ഒറ്റചിറകുള്ള വണ്ട്‌
വിഷംവമിച്ച കൊമ്പിന്‍റെ
കരുത്തിനാല്‍ തളര്‍ന്ന്
നഗ്നനായക്കപെട്ട്
നെയ്ത സ്വപ്നങ്ങളെ
കണ്ണീരു കൊണ്ട്
തീ കൊളുത്തി...
കണ്ണടച്ച് ഇരുട്ടുണ്ടാക്കിയ
കാവല്‍ക്കാരെ കാര്‍ക്കിച്ചു തുപ്പി
വാര്‍ത്തകള്‍ക്കാര്‍ത്തി പൂണ്ട
കൊഴുത്ത കറുത്ത വരികളിലവള്‍
നഗ്നനായയ് തൂങ്ങി കിടന്നു.......



Wednesday, June 29, 2011

തിരികെ മറവിക്ക്


മറവിയുടെ
വാകയില്‍ നിന്നും
ഓര്‍മ്മയുടെ ഒരു പൂവ്
കൂടി അടര്‍ന്നു വീണു.

ചിതലു തിന്ന പുസ്തകതാളില്‍
എവിടെയോ കുറിച്ചിട്ട വരികളില്‍
അവളുടെ വിയര്‍പ്പിന്‍റെ ഗന്ധം
വീണ്ടും ഞാന്‍ തിരിച്ചറിഞ്ഞു.

ട്രങ്ക് പെട്ടിയ്ക്കടിയിലെ
ഓര്‍മ്മ പുസ്തകത്തില്‍
ദ്രവിച്ച അവളുടെ ഒരു
ഛായചിത്രം കൂടി കണ്ടെടുക്കപ്പെട്ടു.
അപ്പോഴും മറവിയുടെ ദേശത്തുനിന്നാരോ
പിന്‍വിളിയുതിര്‍ത്തു കൊണ്ടിരുന്നു.

പതിമൂന്ന് ദിനരാത്രങ്ങളുടെ
ദാമ്പത്യത്തിനോടുവില്‍
തോരാതെ പെയ്ത കറുത്തമഴയില്‍
തേങ്ങിയോഴുകിയ പുഴയിലെക്കാണ്ട്
അവള്‍ പുഴയുടെതായി....

എന്തിനായിരുന്നു ..?
അവള്‍ മറ്റൊരു പുഴയെ
പ്രണയിച്ചിരുന്നോ...?
മറ്റൊരുത്തന്‍റെതാകാന്‍
കൊതിച്ചിരുന്നോ......?
ഉത്തരമില്ലാത്ത പന്ത്രണ്ടുവര്‍ഷങ്ങള്‍

ഇനി വയ്യ
നീലനിലാവിലെ
ഒരുചിന്ത്‌ വലിച്ചുകീറി
കഴുത്തില്‍ കുത്തിയാഴ്ത്തി
ഓര്‍മ്മകളെ മറവിക്കു
തിരികെ നല്‍കണമെനിക്ക്...... 

Monday, June 27, 2011

കുരിശു ചുമപ്പാന്‍ വിധിക്കപ്പെട്ടോര്‍


ഞാനും നീയുമിന്നു
മലകയരുന്നോര്‍
അവഗണനയുടെ കുരിശും
പ്രണയം കുത്തിയാഴ്ത്തിയ
കാരമുള്‍കിരീടവും ചൂടുന്നോര്‍
പനിക്കുന്ന ജീവിതം
ഇഴഞ്ഞു നീങ്ങുന്നോര്‍

ഞാനും നീയുമിന്നു
വിധിക്കപ്പെട്ടോര്‍
മുള്ളും,മുരുക്കും
ചേരയും,കീരിയും
പാമ്പും,പഴുതാരയും
പാര്‍ക്കുന്ന കാട്ടില്‍
നഗ്നനന്നായ്‌ നടക്കുവാന്‍
നാട് കടത്തപ്പെട്ടോര്‍

എനിക്കും നിനക്കും
ചവക്കാന്‍ വിരഹത്തിന്‍റെ
ചുവന്ന തീക്കട്ടകള്‍
തലചായ്ക്കാന്‍ കള്ളിമുള്‍
ചെടികൊണ്ടൊരു പൂമെത്ത..

എന്‍റെയും നിന്‍റെയും
പാട്ടിനിന്നോരേ സ്വരങ്ങള്‍
കവിതക്ക് പ്രണയത്തിന്‍റെ കാക്കകറുപ്പും
പ്രതിഷേധത്തിന്‍റെ ചഷകചവര്‍പ്പും


ഞാനും നീയുമിന്നു
ഇരുട്ടില്‍ കൈകോര്‍ത്തു
തപ്പിത്തടഞ്ഞു നടന്നവര്‍
മലകള്‍ക്കപുറം വെളിച്ചമെന്നു
പൊട്ടിയ പ്രതിക്ഷയും തൂക്കിപിടിച്ചു
വെച്ചു വെച്ച് മലകയറുന്നോര്‍
പനിക്കുന്ന ജീവിതം
ഇഴഞ്ഞു നീങ്ങുന്നോര്‍

Friday, June 24, 2011

വേരില്ലാത്ത ഒരു വൃക്ഷം



ചെകുത്താന്‍റെ
വെളെളലികള്‍
തീര്‍ത്ത വിടവിലെവിടെയോ
നിന്റെ വാക്കുകള്‍
പല്ലികളെ പോല്ലേ
ചിലച്ചു കൊണ്ടിരുന്നു.

ചതി ചട്ടിയില്‍
വെറുതെ വേവുന്ന
വാക്കുകള്‍ മാത്രമായ്
നീ തിളചിടുമ്പോള്‍
കനല്‍ക്കട്ടകളായ്‌
എരിഞ്ഞടങ്ങുവതെന്‍റെ ഹൃദയം

നീയെകിയ വേദനയുടെ
വേനലും തിന്നു
വേരുകള്‍ ദ്രവിച്ച
പ്രണയവൃക്ഷത്തിന്റെ
ചുവട്ടില്‍ തലച്ചയ്ക്കെ
മരണപക്ഷിയുടെ
ചിറകിലെ മറ്റോരു_
തൂവലായ്‌ പോഴിഞ്ഞെങ്കില്‍

Thursday, June 23, 2011

വേനല്‍ കിനാവുകള്‍


നീ ദാനം തന്നത്
കനവുവിളയുന്ന പാടം
ഞാറ്റുവേലയില്‍
ഞാന്‍ നട്ടത്
പ്രണയത്തിന്‍റെ വിത്തുകള്‍
മോട്ടിടത് വേദനയുടെ
ശവം നാറിപൂവുകള്‍
കനവുകള്‍ കാണിക്കയെകി
കണ്ണീര്‍ കുടുക്കകള്‍ , പുഴകള്‍
തിരിചോഴുക്കിന്‍റെ
കാലത്തേക്ക് കാത്തിരിക്കാന്‍
കണ്ണീര്‍ ചാല് പോല്ലും
ബാക്കി ഇല്ലിവിടെ !
ഇന്നെനിക്ക് ഈ വേനലില്‍
വരണ്ട് ഇല്ലാതാവണം.

Wednesday, June 22, 2011

ഒന്നിച്ചിരിക്കെണ്ടോര്‍


സായംസന്ധ്യകളില്‍ കാമുകിയോടോത്ത്
പ്രണയം പങ്കുവക്കുമ്പോള്‍
കടല്‍ തിരകളിലൂടെ കാലൂരുമ്മിവന്ന്
നീ എന്തോ പറയുന്നുണ്ടായിരുന്നു

അവളുടെ അരയുംച്ചുറ്റി പിടിച്ചു
വഴിയോരങ്ങളില്‍ അലഞ്ഞപ്പോഴും
വഴിയാത്രക്കാരില്‍ എവിടെയോ
നീ പല്ലിളിച്ചു കാണിക്കുന്നുണ്ടായിരുന്നു

എന്‍റെ പ്രണയമേഘങ്ങളേ
കൂട്ടികെട്ടിയ ആകാശം തിരിച്ചെടുത്തവള്‍
യാത്രപറയുമ്പോള്‍ നീ എന്‍റെ
പുറകില്‍ തന്നെ ഉണ്ടായിരുന്നു

ബാറിന്‍റെ ഇരുണ്ട പടിക്കെട്ടിലെവിടെയോ
നിന്‍റെ മൌനം കൊണ്ട് നീ എനിക്കു കൂട്ടിരുന്നു
കവിയരങ്ങില്‍ ഏതോ മൂലയിലിരുന്നു
പ്രതിഷേധത്തിന്‍റെ കറുത്ത വാക്കുമായ്‌ നീ
നീ തല ഉയര്‍ത്തി പിടിച്ചത് ഞാന്‍ കണ്ടിരുന്നു

ഭ്രാന്തമായ കാമാനകളെ സെലിലിട്ടടച്ചപ്പോള്‍
തൊട്ടടുത്ത മുറിയില്‍ നിന്‍റെ അലര്‍ച്ച ഞാന്‍ കേട്ടു.

വിരഹത്തിന്‍റെ നൂലിഴകളെ
പിരിച്ച് കയറുണ്ടാക്കി
ആത്മഹത്യകൊരുങ്ങിയപ്പോള്‍
നീ എന്‍റെ മുന്നില്‍ വന്നു.
പത്രത്തളുകളില്‍ എന്‍റെ രക്തം
കിനിഞ്ഞിറങ്ങും മുന്‍പ്‌
നിന്‍റെ കറുത്ത വാക്കുകള്‍
കൊണ്ടെന്നെ തടഞ്ഞു.

"നീ സ്വയം പരിചയപെടുത്തി
ഞാന്‍ നിന്‍റെ കാമുകിയുടെ ആദ്യകാമുകന്‍ "

ഇന്നവള്‍ മറ്റൊരു ഇരയുടെ
തോളുരുമ്മി നടക്കുമ്പോള്‍ നാം ഒന്നിചോതുന്നു
നാളെ നാം ഒന്നിച്ചിരിക്കെണ്ടോര്‍ ....

Sunday, June 19, 2011

ബാക്കി


ഇന്നലെ ഞാന്‍ മഷിതീര്‍ന്ന
പേനയില്‍ നിന്‍റെ
പ്രണയം മുക്കിയെഴുതി..
എന്‍റെ തൂലികയില്‍
നിന്ന് പുറതെക്കൊഴുകി
ചെകുത്താന്‍റെ രക്തം. 
പൊള്ളുന്ന വാക്കുകള്‍
നഷ്ടനൊമ്പരങ്ങള്‍
ശാപവേറിയോച്ചകള്‍
പുക തിന്ന കരളിന്‍റെ
കണ്ണുനീര്‍ തുള്ളികള്‍
കായ്ക്കുന്ന കരിമ്പിന്‍ ചണ്ടികള്‍
ഇന്ന് രക്തം കുതിര്‍ത്ത
കുറെ കടലാസ്സുതുണ്ടുകളും
പനിക്കുന്ന എന്‍റെ ജീവിതവും ബാക്കി.

Saturday, June 18, 2011

ഹൃദയം


കവലയില്‍ ജനക്കൂട്ടം.
ചുറ്റും കൂടിയ ജനകൂട്ടതിന്നു_
നടുവില്‍ എന്തോ ഉണ്ട്..!

ആള്‍ക്കൂട്ടത്തിനിടയില്‍
നുഴഞ്ഞു കയറി ഞാനും നോക്കി
ചിറകു രണ്ടും അറ്റുവീണ്
കാലുകള്‍ ചതഞ്ഞരഞ്ഞു
ചോരയില്‍ കുതിര്‍ന്നു
ഒരു ഹൃദയം..

ജീവിതത്തില്‍ നിന്നും
കിനാക്കളില്‍ നിന്നും
പുറത്താക്കപെട്ട ആരുടെയോ.....
കടലിരമ്പുന്ന നിശബ്ദതതയായി
അത് തേങ്ങികൊണ്ടിരിന്നത്
ഞാന്‍ മാത്രമേ കേട്ടുള്ളൂ....?

ആള്‍ക്കൂട്ടം പിറുപിറുത്തു
കൊണ്ടിരുന്നു ആരുടെതാണിത്...?
കാഴ്ചകള്‍ മൊബൈലില്‍
പകര്‍ത്തികൊണ്ട് ചിലര്‍
ചിലര്‍ വടികൊണ്ട്
കുത്തിനോവിക്കുന്നതില്‍
രസം കണ്ടെത്തുന്നുണ്ട്..
കുട്ടികള്‍ കലെടുത്തു
ഉന്നം പിടിക്കുന്നു..

അവരെയെല്ലാം തള്ളിമാറ്റി
ഞാനതിനെ മലര്‍ത്തി കിടത്തി
മുഖത്തേക്കോന്നേ നോക്കിയുള്ളൂ
ഞാനെന്‍റെ ഇടനെഞ്ചില്‍
കൈകള്‍ അമര്‍ത്തി നോക്കി ...
നിണമോലിച്ചു നനവുപടര്‍നിരിക്കുന്നു..
കണ്ണില്‍ ഇരുട്ടു പടര്‍ന്നു
ഞാന്‍ വീണ്ടും തപ്പിനോക്കി
ഇല്ല..... അതവിടില്ല..   

Wednesday, June 15, 2011

പ്രണയിനിക്ക് വേണ്ടി


കാറ്റിനിപ്പോള്‍
വല്ലാത്ത നിരാശ
മലകളുടെ പുറംമ്പോക്കിലും
ഇടുങ്ങിയ ചെരിവുകളില്ലും
നാട്ടിടവഴികളിലും..
അവ മുകയായ്‌
ആരെയോ തിരയുന്നു.
പൈങ്കിളി കൂട്ടങ്ങളൂമായ്‌
കാറ്റ് വിരഹങ്ങള്‍ പങ്കുവെക്കുന്നു.
തൊടിയിലെ തുമ്പിക്കും,
തുമ്പക്കും, മന്ദാരപൂവിനും 
നാവിട്ടലക്കാറുള്ള
മരംകൂട്ടങ്ങള്‍ക്കും വല്ലതോരകല്ച്ച..
അവ ആരുടെയോ
കൊല്ലുസിന്‍റെ കിലുക്കതിന്നു
കാതോര്‍ത്തിരിക്കുന്നു
ചിലപ്പോഴെന്‍റെ പ്രണയിനിക്ക് വേണ്ടിയാകാം.. 

ഈ രാത്രി


പകല്‍ കതിരുകള്‍
കൊഴിഞ്ഞു വീണ
കൊയ്ത്തു പാടം
നിഴല്‍ രൂപങ്ങള്‍
ചിത്രക്കളം വരച്ച
തെക്കിനി ചരിവ് 
ഓളതുടിപ്പിലും ഓല തലപ്പിലും
നിലാവഴിച്ചു വച്ച് രാത്രിയിവിടെ
നിശബ്ദമായി നിന്നു.
എല്ലാ പടികളും
ഇടറിപ്പോയ രാത്രിയില്‍
നിലാവിന്‍റെ കതിരുകള്‍
ഇരുളിന്‍റെ മടിയിലേക്ക്
ഒരുകി ഒലിക്കുന്നു..
നമ്മുക്കിടയില്‍
പേരിടാത്ത ഒരു നിശബ്ദത മതി
വാക്കിന്‍റെ നെഞ്ഞിടിപ്പളക്കാന്‍
കവിതയില്‍ നീ വീണ്ടും വരുന്നു 
ഈ രാത്രിയില്‍
നിന്‍റെ നിശബ്ദതയില്‍
എനിക്കൊരു ഒരു പ്രണയത്തിന്‍റെ
ആഴമാള്ളന്നു കയറണം..
എനിക്ക് നീ ആയി മാറണം..
നീ ഞാനായി മാറണം....    
 

Monday, June 13, 2011

എന്ത് പറയരുത്


അക്ഷരം തിന്നാല്‍
വിശപ്പാറുമെങ്കില്‍
അന്നത്തെ കുറിച്ച്
പറയരുതെന്നമ്മ...

പുസ്തകപെട്ടിയും
പെന്‍സിലും കത്തിച്ചു
പള്ളികൂടത്തെ കുറിച്ച്
പറയരുതെന്നച്ഛന്‍....

ഭ്രാന്തന്‍ സ്വപ്നങ്ങളും
നശിച്ച കവിതയും
കേട്ട് പോകരുതെന്ന് കൂടപ്പിറപ്പ് ....

നിറനിലാമൊഴിയിലെ
അക്ഷരങ്ങളെ കുറിച്ച്
പറയരുതെന്നു
അക്ഷര പിച്ചതന്ന ഗുരുനാഥന്‍....

തെറ്റുകള്‍ തിരുത്തരുത്
രംഗം വഷളായാല്‍ കൂവരുത്‌ ..
എതിര്‍പ്പുകളെ പുറത്തു
കാണിക്കരുതെന്ന് സമൂഹം...

ശ്ലോകമുരുകി പിടിച്ചു
ക്ലാവു കയറിയ നാക്കില്‍ നിന്നും
നിന്‍റെ ജീവിതത്തെ
കുറിചോതരുന്നു കൂട്ടുക്കാര്‍....  

വിങ്ങലുകള്‍ ചൊല്ലിയാല്‍
വിട്ടേച്ചു പോകും
മധുരമൂറും വാക്കുകള്‍
മാത്രം മതിയെന്ന് കാമുകിയും....

Friday, June 10, 2011

ഒരു കോടതി വരാന്തയിലൂടെ



വിരഹത്തിന്‍റെ കോടതിയില്‍
വഞ്ചനാകുറ്റം ചുമത്തി
പ്രണയം വിളിപ്പിക്കപ്പെട്ടു .....

സാക്ഷിവിസ്താരം തുടങ്ങി
നിറങ്ങള്‍ മങ്ങിയ മഴവില്‍ സ്വപ്‌നങ്ങള്‍
ഒന്നാം സാക്ഷിയായി.

മധുരം പടിയിറങ്ങിപ്പോയ
ദ്രവിച്ച വാക്കുകള്‍
രണ്ടാം സാക്ഷിയായി.

പേ വിഷം കുത്തിയിറക്കിയ
രാത്രികള്‍ മൂന്നാം സാക്ഷിയായി.

കത്തിയെരിഞ്ഞ പ്രതീക്ഷകളുമായി
പ്രതിക്കൂട്ടില്‍ പ്രണയം
മൂകനായി നിന്നു.

കള്ള സാക്ഷികള്‍ കൊണ്ട്
സത്യത്തെ ചവിട്ടിയരച്ച
കോടതിമുറിയില്‍ ജനം
പ്രണയത്തെ പരിഹസിച്ചു ചിരിച്ചു.

പ്രതിഭാഗം വാദംകേള്‍ക്കാന്‍
കോടതി ചെവിയില്‍ പഞ്ഞി തിരുകിയിരുന്നു
അവനു നിരത്താന്‍ സാക്ഷികളില്ലായിരുന്നു
അവന്‍റെ കണ്ണുനീര്‍ ചവര്‍പ്പിനു
ആളിക്കത്തിയ വഞ്ചനയെ കെടുത്താനൊക്ക
ശക്തിയുമില്ലായിരുന്നു.

വിസ്താരം കഴിയുംതോറും
മുള്‍ക്കിരീടവും കുരിശുമരണവും
അവനോടടുത്തുകൊണ്ടെയിരുന്നു.

വാദം പൂര്‍ത്തിയായി വിധി പ്രഖ്യാപിച്ചു
മുന്‍കൂട്ടിയാരോ തീരുമാനിച്ചപോലെ
പ്രണയത്തിനു "വധശിക്ഷ"
മരണം വരെ തൂക്കിക്കൊല...

അവസാനമയെന്തെങ്കിലും പറയാനുണ്ടോ കോടതി.
ആത്മഹത്യ ചെയ്യാത്തതില്‍ വേദനയുണ്ടെന്നു പ്രണയം.

തുറന്നെഴുതിലെ ദൂരങ്ങള്‍




നൂറാവര്‍ത്തി തിളച്ചിട്ടും
വേവാത്ത അരിമണികളെ
എടുത്തമ്മ പിണക്കം പറഞ്ഞത്
മണ്‍കലങ്ങളോടായിരുന്നു.

കാലത്തിന്റെ വൃണങ്ങളില്‍
പഴുപ്പിച്ച കത്തിയാഴ്ത്തിയ-
അമ്മ കണ്ണുനീര്‍ തുള്ളികളെ കരുതി വച്ചത്
വടക്കോറത്തു തൂങ്ങിയാടുന്ന ഉറിയിലായിരുന്നു.
അമ്മയ്ക്കും പൂമുഖ സംഭാഷണങ്ങള്‍ക്കിടയില്‍
അച്ഛന്റെ മുരടിച്ച വിലക്കുകളോളം ദൂരം...

ദുഖങ്ങള്‍ പങ്കുവയ്‌ക്കാന്‍ അച്ഛനു കിട്ടിയത്
മദ്യശാലയില്‍ വിരുന്നെത്തിയ സുഹൃത്തുക്കളെ..
മദ്യത്തില്‍ മുടിഞ്ഞ് പൊന്തി
മദ്യശാലയുടെ വരാന്തയില്‍
ചര്‍ദ്ദിച്ചുറങ്ങിയ അപ്പന്‍
ദുഖങ്ങളെ ഒളിപ്പിച്ചു വച്ചത്
ഒഴിഞ്ഞ മദ്യക്കുപ്പികളില്‍
അച്ഛനും മദ്യത്തിനുമിടയില്‍
ഒരു വിരലിനോളം ദൂരം..

നദി വറ്റിയ കാലത്ത്
മണല്‍ത്തരികളെ കൂട്ടിക്കെട്ടി
ബന്ധങ്ങളെ കോര്‍ത്തെടുക്കാന്‍
കയറുണ്ടാക്കി തന്നവളോടായിരുന്നു
എന്‍റെ വിരഹങ്ങളെ പങ്കുവച്ചത്

പക്ഷെ ഇനി ഒരിക്കലും
നമ്മുടെ സ്വപ്‌നങ്ങള്‍ കൈകള്‍ കൊര്‍ക്കില്ലെന്നു
പറഞ്ഞു പിണങ്ങി കരഞ്ഞു
പെയ്യുന്ന മഴയെ ഏറ്റുവാങ്ങി
അവള്‍ നടന്നു നീങ്ങിയപ്പോള്‍
കരളുരുകുന്ന വേദനയില്‍ ഞാനറിയുന്നു
എനിക്കും അവള്‍ക്കുമിടയില്‍
ഒരു വിഡ്ഢിവേഷത്തോളം ദൂരം...

Thursday, June 9, 2011

നേര്‍ക്കാഴ്ചകള്‍


രാത്രിയുടെ പ്രക്ജ്ഞയില്‍
ചീവിടുകള്‍ അടക്കം പറഞ്ഞത്
അവളെ കുറിച്ചായിരുന്നു.

മച്ചിലെ ക്ലാവ്പിടിച്ച വലയില്‍
തൂങ്ങിയാടുന്ന ചിലന്തികള്‍ക്ക്
അവളോട് പ്രണയമായിരുന്നു.

മുറുക്കി ചുവന്ന അവളുടെ
ചുണ്ടുകളെ കുറിച്ച് രാപാടികള്‍
പിറുപിറുത്തു കൊണ്ടിരുന്നു.

വിണ്ട ചുമര്‍ പഴുതിലിരുന്നു
ചിലച്ച പല്ലികള്‍
ആരുംകാണാതെ ചിലരാത്രികളില്‍
അവളെ കൂടെ വിള്ളിച്ചുകൊണ്ട് പോയി

അവളുടെ കിതപ്പുകളില്‍
മയങ്ങിയ വണ്ടുകള്‍
അവളെ കുറിച്ച് പൂക്കളോട്
രഹസ്യം പറഞ്ഞു.

കറുത്ത കട്ടുറുമ്പുകള്‍
അവളുടെ വാതിക്കല്‍
ഊഴം കാത്തു വരിനിന്നു.

പകലുറങ്ങിയ മിന്നാമിനുങ്ങുകള്‍
രാത്രിയില്‍ അവളുമായി
രതിക്രീഡകളില്‍ ഏര്‍പ്പെട്ടു.

പകല്‍ മാന്യരായ ശുനകവര്‍ഗ്ഗം
അവളെ നോക്കി കുരച്ചുകൊണ്ടേയിരുന്നു.

പക്ഷെ മാറാത്തടാക്കി പിടിച്ച കുഞ്ഞിനെ
സാരിത്തുമ്പ് കൊണ്ട് പുതച്ചു
മഴയത്തുനടന്നുപോകുന്ന അവളെ നോക്കി
തവളകള്‍ മാത്രം കരഞ്ഞു കൊണ്ടിരുന്നു.

Wednesday, June 8, 2011

ഇന്നലെയും ഇന്നും


ഇന്നലെ:
    ആകാശനീലിമയില്‍ നിന്നും
    പറന്നു വന്ന മാലാഖയായിരുന്നു
    എനിക്കവള്‍
    തൂലികയില്‍ നിന്നും ഉതിര്‍ന്നു വീണ
    അഗ്നിശലഭമായിരുന്നു എനിക്കവള്‍
    എന്താണ് പ്രണയം
    എന്നവളോടയ് ഞാന്‍ ചോദിച്ചു
    നെറുകയില്‍ ഒരുചുടുചുംബനമായിരുന്നു
    അവളുടെ മറുപടി.
    എന്‍റെ വേദനകളില്‍ നിറഞ്ഞൊഴുകിയ
    അവളുടെ കണ്ണീരില്‍ ഞാന്‍ പ്രണയത്തെ കണ്ടു.
    എന്താണ് സ്വര്‍ഗ്ഗം
    എന്നവളോടയ് ഞാന്‍ ചോദിച്ചു
    കരങ്ങള്‍ കൊണ്ടേന്‍റെ കണ്ണുനീര്‍ തുടച്ച്
    നയനങ്ങളില്‍ അവള്‍ ചുംബിച്ചു.
    അവളുടെ ഹൃദയമാണ് സ്വര്‍ഗ്ഗമെന്നറിഞ്ഞു.

    ഇന്നലെ അവള്‍ എന്‍റെതായിരുന്നു
    ഞാന്‍ അവളുടെതും 
ഇന്ന്  :
    എന്‍റെ കണ്ണീരുകൊണ്ടാണവള്‍ മാല കോര്‍ത്തു
    പക്ഷെ അത് ചാര്‍ത്തിയത് മറ്റൊരാളുടെ കഴുത്തിലും.
    എന്‍റെ ഹൃദയം കൊണ്ടാണവള്‍
    തഴപ്പായകള്‍ നെയ്തു കൂട്ടിയത്
    കിടക്കാന്‍ ക്ഷണിച്ചത് മറ്റൊരാളെയും
    എന്താണ് പ്രണയം
    എന്നവളോടയ് ഞാന്‍ ചോദിച്ചു
    പൊട്ടിച്ചിരിയായിരുന്നു മറുപടി.
    അവളുടെ പൊട്ടിച്ചിരിയില്‍ തലതാഴ്ത്തി
    പരാജിതനായി നില്‍ക്കുന്ന പ്രണയത്തെ ഞാന്‍ കണ്ടു.
    എന്താണ് സ്വര്‍ഗ്ഗം
    എന്നവളോടയ് ഞാന്‍ ചോദിച്ചു
    ഒക്കത്തിരുന്ന കുഞ്ഞിന്‍റെ മുഖത്ത് നോക്കാന്‍ പറഞ്ഞവള്‍
    ആ നിറപുഞ്ചിരിയില്‍ മറ്റൊരു സ്വര്‍ഗത്തെ കണ്ടു ഞാന്‍

    തിരികെ നടക്കുമ്പോള്‍ വീണ്ടും ഓര്‍ത്തു
    ഇന്നലെ അവള്‍ എന്‍റെതായിരുന്നു
    ഞാന്‍ അവളുടെതും 
 

Monday, June 6, 2011

വേനല്‍ മഴത്തുള്ളി



മഴയെ പ്രണയത്തോട്
ചേര്‍ത്ത് വച്ചതാരാണ്
മഴനൂലുകള്‍ കൂടുക്കൂട്ടിയ
പ്രണയസന്ധ്യകളിലെ
ഈറന്‍ നനവില്‍
നീ അറിയാതെ പോയത് എന്നെയും
എന്‍റെ കണ്ണുനീര്‍ തുള്ളികളെയും
വിരഹമേഘങ്ങളില്‍ നിന്നു
നീ പൊഴിയുമ്പോള്‍
പച്ചിലതുമ്പില്‍ നീര്‍ _
മുത്തുകള്‍ വാരിവിതറി
വഴിമാറി പോകുമ്പോള്‍
വെറുതെയെങ്കിലും
ഞാന്‍ നിന്നെ പ്രണയിക്കുന്നു.
മഴ പടര്‍ന്ന ജാലകച്ചില്ലില്‍
ഞാന്‍ നിന്‍റെ പേരെഴുതി വയ്ക്കും
മാഞ്ഞുപോകും എന്നറിഞ്ഞു
കൊണ്ടുതന്നെ...

Saturday, June 4, 2011

പ്രണയത്തില്‍ നിന്നും


നീ ചൂടിയ
ചെമ്പക പൂവിന്‍റെ
ഗന്ധമായിരുന്നു
എന്‍റെ അഗ്നി ശലഭങ്ങള്‍ക്ക്
മത്തു പിടിച്ചലയാന്‍
ഉന്മാദം പകര്‍ന്നത്.
നിന്‍റെ കണ്ണുനീര്‍
തുള്ളികള്‍ കൊണ്ടുകോരൂത്ത
മാല എന്‍റെ കഴുത്തില്‍
അണിഞ്ഞു തന്നപ്പോള്‍
ആയിരുന്നു ഞാന്‍ നിന്നെ
ആദ്യമായ് ചുംബിച്ചതു.
നിന്‍റെ അധരങ്ങളിലെ
ചെമ്മുന്തിരികള്‍
എനിക്ക് മാത്രമായ്
നീ കത്തുവെച്ചിരുന്നു
എന്‍റെ വറ്റി വരണ്ടുണങ്ങിയ
പുഴയ്ക്കു നീ കണ്ണുനീര്‍തുള്ളി
നല്‍കി ഒഴുക്കെകിയിരുന്നു.
ഇപ്പോള്‍ ഓര്‍മ്മകളുടെ ഇടവഴികളിളുടെ
നടക്കുമ്പോള്‍ നിന്‍റെ
കൊലുസിന്‍റെ പരിഭാവതോടുള്ള
വിള്ളികള്‍ എനിക്ക് കേള്‍ക്കാം
അതെന്നെ അസ്വസ്ഥനക്കുന്നു
ഒരിക്കല്‍ നീ എന്‍റെ
എല്ലാം ആയിരുന്നു...

Thursday, June 2, 2011

നഗ്ന കവിത


പത്ര പരസ്യം
ഈ കൈകള്‍
എവിടെ എങ്കിലും കണ്ടവരുണ്ടോ
പടുകുഴിയില്‍ നിന്ന്
ഒരു കൈ സഹായം നല്‍കി
പിടിച്ചുയര്‍ത്തുന്ന സഖാക്കളുടെ കൈകള്‍
ചതിയുടെ പുറമ്പോക്കില്‍
വേശ്യയുടെ കിടക്കവിരിപ്പിനടിയില്‍
മദ്യശാലയുടെ വിഷകിനാക്കളില്‍
പകയുടെ ചകിതരാവുകളില്‍
ഇതില്‍ എവിടെയോ വച്ച്
നഷ്ടപെട്ടിരിക്കുന്നു
കണ്ടുകിട്ടുന്നവര്‍ മറ്റൊരു
പകല്‍ വെള്ളിച്ചത്തിലെക്കവയെ
കൂട്ടികൊണ്ട് വരുക ....

Monday, May 30, 2011

ഒരു പ്രണയത്തിന്‍റെ ഓര്‍മ്മക്ക്


യാത്ര പറഞ്ഞു
പിരിയുമ്പോള്‍
കൊടിയ വേനല്ലില്ലും
ഒരു കൈ കുമ്പിള്‍
വെള്ളം ഞാന്‍ നിനക്ക് നല്‍കാം.
അതില്‍ നിനക്കെന്‍റെ
പ്രണയത്തിന്‍റെ
കടലിരമ്പം കേള്‍ക്കാം.
ഞാന്‍ തിരികെ
വരുമ്പോഴേക്കും
അത് നിനക്കൊരു പ്രണയത്തിന്‍റെ
പെരുമഴക്കാലം നല്‍കിയിരിക്കും.
തിരിച്ചു വന്നിലെങ്കില്‍
എന്‍റെ അവസാന
സ്നേഹസമ്മാനമായി
അത് നിനക്കെടുക്കം.
നീ തിരിച്ചറിയാതെ
പോയെങ്കിലും അതെന്‍റെ
ഹൃദയ രക്തമായിരുന്നു സഖി......

Sunday, May 29, 2011

മാതാവും മാതൃഭാഷയും


സുഖമായി വാഴുന്ന,
ശുനകന്റേയും,
ശൂന്യാകാശത്തിന്റേയുമടക്കം
സകലത്തിന്റേയും
സ്രഷ്ടാവായ ദൈവമേ!
നിന്റെ മാതൃഭാഷ
ഏതെന്നു് എനിക്കറിയില്ല.
അതോ നിനക്ക്
മാതാവും മാതൃഭാഷയും ഇല്ലേ ?.....

സ്വര്‍ഗ്ഗരാജ്യം

അന്നതിന്നു വകയിലാതെ
പിച്ചയെടുക്കുന്നവന്‍റെ
അമ്മേ വിളി
നീ കേട്ടിഇല്ലെന്നു നടിച്ചു
സ്വര്‍ഗ്ഗസ്ഥനായ
ഞങ്ങളുടെ പിതാവേ,
നിന്റെ നാമം
പരിശുദ്ധമാക്കപ്പെടേണമേ"
എന്ന് നിന്നെ പുകഴ്ത്തി
ദിവസവും നൂറ് തവണ
ഉച്ചത്തില്‍ ചോലുന്നവര്‍ക്കോ
വികാരങ്ങളില്‍ അടിമപ്പെടാത്ത
നിന്റെ സ്വര്‍ഗ്ഗരാജ്യം....

Saturday, May 28, 2011

നിശബ്ദ കൊലുസുകള്‍


വീണ്ടും ഓര്‍മ്മയുടെ
ജാലകചില്ലുകള്‍
താന്നെ തുറക്കുന്നു

കിനാവിന്റെ ശഖാകള്‍തോറും
നനച്ചുണങ്ങനിട്ട
നോവിന്‍റെ മരവൂരികള്‍ ..

പൊട്ടിയ പ്രതിക്ഷതന്‍ കണ്ണാടി ചില്ലുകള്‍
നഷ്ടഗീതതിന്‍ നിശബ്ദ കൊലുസുകള്‍ ...

വിടപറഞ്ഞു പോയ സഖിതന്‍
ഓര്‍മ്മകായ്‌ കരുതി വച്ച
കരിവള പൊട്ടുകള്‍ ...

വീണ്ടും ഓര്‍മ്മയുടെ
ജാലകചില്ലുകള്‍
താന്നെ തുറക്കുന്നു...

ഒളിച്ചു നടന്ന ദൈവം മരിച്ചു കിടക്കുന്നു


കാക്ക കറുപ്പുള്ള പകലുകളെ സൃഷ്‌ടിച്ച ദൈവം
മനുഷ്യന്‍റെ കണ്ണില്‍ പെടാതെ ഒളിച്ചുനടന്നു.

ബലിമൃഗം കഴുത്തറുത്തു
കൊല്ലപെട്ട ഒരു വെള്ളിയാഴ്ച
ദുരിത കിനാക്കളുടെ പാതാളവണ്ടിയുടെ ചൂളംവിളി.
കൂടെ ആരുടെയോ ഒരുനിലവിള്ളി ഒച്ച
ചെന്ന് നോക്കിയപോള്‍ പാളത്തിനപ്പുറം
ചങ്ക് പൊട്ടി നീല രക്തം തെറിപ്പിച്ച്
തലയില്ലാത്ത ദൈവം മരിച്ചു കിടക്കുന്നു.

കേട്ടപാടെ ആളുകള്‍ തടിച്ചുകൂടി
രാഷ്ട്രിയബുദ്ധിജീവികള്‍ യുക്തിവാദികള്‍
ആത്മീയവാദികള്‍ , ആള്‍ദൈവങ്ങള്‍
മരിച്ചെന്നു ഒരുകൂട്ടര്‍ , ഇല്ലെന്നു മറുകൂട്ടം
ഇല്ലാത്ത ദൈവം മരിച്ചില്ലെന്നു യുക്തിവാദി.
ഉയിര്‍തെഴുനെല്ക്കുമെന്നു സ്വര്‍ഗ്ഗീയവാദി.
കൊന്നെതെന്നു ഒരുത്തന്‍ ചത്തതെന്ന് മറ്റൊരുത്തന്‍

പോലീസെത്തി ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ചത്തത് ദൈവമാണെന്നും അല്ലെന്നും പറയാത്ത
റിപ്പോര്‍ട്ട്‌ പൂഴ്ത്തി വയ്ക്കപെട്ടു.
വാങ്ങാനാളില്ലാതെ ജഡം മോര്‍ച്ചറിയില്‍ സൂക്ഷിയ്ക്കപെട്ടു.
അരാഷ്ട്രീയവാദി കണ്ടില്ലെന്നു നടിച്ചു
രാഷ്ട്രിയക്കാര്‍ ഹര്‍ത്താല്‍ നടത്തി.
അനുശോചനയോഗങ്ങള്‍ ഘോര പ്രസംഗങ്ങള്‍
എങ്ങും ദൈവത്തെ ഉയിര്‍പ്പിച്ചു
സ്വര്‍ഗത്തിലെതിക്കാന്‍ മുറവിളികള്‍ 

അഹമ്മദ്‌കോയ നോമ്പ് നോറ്റു
അശോകേട്ടന്‍ അമ്പലത്തിന്നു ചുററും
കിടന്നിരുണ്ട് പ്രദക്ഷിണം വച്ചു
അന്തോണിച്ചന്‍ ധ്യാനതിന്നു പോയി...

മോര്‍ച്ചറിയുടെ തണുപ്പില്‍
രണ്ടാം നാളും ജഡം സുഖമയുറങ്ങി.
മൂന്നാം നാള്‍ രാവിന്‍റെ വയറു പിള്ളര്‍ന്നു
കാക്ക കറുപ്പുള്ള ഒരു പകലുകൂടെ പിറന്നു.
മോര്‍ച്ചറികാവല്‍ക്കാരന്‍ ഓടാമ്പല്‍ ഇളകിയ
വാതില്‍ തള്ളിതുറന്നു നോക്കി.
ജഡം അപ്രത്യക്ഷമയിരിക്കുന്നു

മഞ്ഞ പത്രങ്ങള്‍ ദൈവം ഉയിര്‍ത്തെന്നു
ചുവന്ന മഷിയില്‍ എഴുതി പിടിപ്പിച്ചു.
സ്വര്‍ഗ്ഗീയവാദികള്‍ വിജയഭാവത്തില്‍ അട്ടഹസിച്ചു.
യുക്തിവാദികളെ ചങ്ങലക്കിടന്‍ ആക്രോശിച്ചു.
സന്തോഷം പങ്കിടാന്‍ മദ്യശാലയില്‍ വരിനിന്നവര്‍
ഗതാഗതകുരുക്കുകള്‍ പടച്ചു വിട്ടു.

വര്‍ഷങ്ങള്‍ക്കു ശേഷം
തെങ്ങിന്നു കുഴിവെട്ടിയ വേലയുധേട്ടന്‍ കണ്ടത്
ആരോ വലിച്ചു കുഴിച്ചിട്ട
ദൈവസത്യത്തിന്‍റെ ദ്രവിച്ച എല്ലിന്‍ കഷ്ണങ്ങളെ
ദൈവം മരിച്ചതും ഉയിര്‍ത്തതും.
അറിയാത്ത ഭൂമി അപ്പോഴും കറങ്ങികൊണ്ടിരുന്നു.

Friday, May 27, 2011

നീയും ഞാനും



പ്രണയം
വിരഹമാണ്
വിരഹം
വേദനയാണ്
വേദന
നീയാണ്
നീ ഞാനാണ്‌
നമ്മുടെ പ്രണയമൊരു
തീച്ചുള്ള
നമ്മുടെ കിനാവുകള്‍
വേനലിന്‍റെ
കാഠിന്യമേറ്റു
കരിഞ്ഞ
ശംഖു പുഷ്പങ്ങളും...

Thursday, May 26, 2011

ഇരുളും ഈര്‍പ്പവും

പൊഴിയാതെ കണ്‍കോണിലെവിടെയോ
ഉറഞ്ഞു പോയ കണ്ണുനീര്‍
തുള്ളിയാണു നീ....
നിന്‍റെ ശംഖുപുഷ്പദളങ്ങളില്‍
എന്‍റെ അക്ഷര പുമ്പാറ്റകള്‍
ചിറകു വിടര്‍ത്തിയിരുന്നില്ല
പക്ഷെ ഒരിക്കലും ഉണരാത്ത
നിന്‍റെ നിദ്രയുടെ കുഴിമാടത്തില്‍
എന്‍റെ കിനാവുകളുടെ വേരുകള്‍
ആഴ്ന്നിറങ്ങുന്നു...
ഓര്‍മ്മയുടെ
കൈവഴികളിലെവിടെയോ
നഷ്ടപെട്ട പ്രണയം നീ ഉറങ്ങിയ 
മണ്ണിന്‍റെ നനവിലുടെ
ഒലിച്ചിറങ്ങുന്നു...

Tuesday, May 24, 2011

ഭാരങ്ങള്‍


നര വന്ന ജടകളും
അര്‍ദ്ധനഗ്നമാം മേനിയും
വലം കൈയിലൊരുന്നു വടി
ഇടം കൈയില്‍ വാര്‍ദ്ധക്യ ഭാരത്താല്‍
തൂങ്ങി കിടക്കുന്ന യജന പാത്രവും
വലം കണ്ണില്‍ തിമിരഭാരം
ഇടം കണ്ണില്‍ വിശപ്പിന്‍റെ കഠിനഭാരം
തോളിലായ് തൂങ്ങുന്നു
മുഷിഞ്ഞ വിഴുപ്പിന്‍റെ ഭാരവും
ആരോ കൊടുത്തൊര ഭക്ഷണപൊതി
ശുനകനോടോന്നിച്ചു പങ്കീടവേ....
അന്തരാത്മാവിലായ്...
നിഴലിന്നു പിന്നാലെ
കിതപ്പുമായ് ഓടുന്ന
മര്‍ത്യജന്മത്തിന്‍റെ പാപഭാരം.......  

Monday, May 23, 2011

അവള്‍



അവള്‍ ചൂടിയ ചെമ്പക പൂവിന്‍റെ
 സൌരഭ്യ മായിരുന്നു എന്റെ കവിതകള്‍ക്ക്‌,
അവള്‍ക്കു 
വേണ്ടിയായിരുന്നു
എഴുതാന്‍ തുടങ്ങിയതും....
എനിക്ക് വേണ്ടിയായിരുന്നു
ദുഖം മറന്നവള്‍ പുഞ്ചിരിച്ചതും
യാത്ര പറഞ്ഞു പിരിയുവോളം
എനിക്ക് വേണ്ടിതന്നെയയിരുന്നു
അവള്‍ കണ്ണീര്‍ പോഴിച്ചതും.......

Sunday, May 22, 2011

കാമുകിക്കായ് അവസാനത്തെ കുറിപ്പ്‌


ഓര്‍മ്മയിലെനിക്കെന്‍റെ തുടി താളവും
ഓര്‍മ്മയില്‍ ഓമനിചോരെന്‍ അമ്മതന്‍ താരാട്ടും
സങ്കട കനലുകള്‍ വാരി ചവച്ചിട്ട് ചങ്കില്‍
സംഘടിച്ചു പ്രജ്ഞയില്‍ പൂക്കുന്ന പൂനിലാമുത്തുകള്‍
കനവിന്‍റെ മെത്തയില്‍ കിടക്കവേ തഴുകി തലോടുന്നു
കാമുകി എനിക്കായ്‌ വിട്ടിട്ടു പോയോരവാക്കുകള്‍
പൂക്കില്ല എനിയെന്‍ ഹൃദയതടത്തിലായ്‌
പൂവിനെ സ്നേഹിച്ച നിറമുള്ള വാക്കുകള്‍
ഇന്നലെ നമ്മള്‍ കൈകോര്‍ത്തു നടന്നൊരു സന്ധ്യയില്‍
ഇന്നു ഞാനലയുന്നു വിജനമാം വീഥിയില്‍ ഏകനായി...
അനന്തമാം ആദിയില്‍ അനാഥനായി നില്‍ക്കവേ
അറിയുന്നു ഞാന്‍ നിന്‍റെ ചതിചട്ടിയില്‍ വെന്തോരവാക്കുകള്‍
കണ്ണില്ല, കണ്ണിരില്ല കാലത്തിന്‍റെ മൃതിചെപ്പില്‍
കത്തിത്തീരത്ത കല്‍വിളക്കുകള്‍ ഏതുമില്ല
വാക്കില്ല, വാക്കിനര്‍ത്ഥമില്ല ഇനിയില്ല
വദനം നിറഞ്ഞൊര പുഞ്ചിരി ചെണ്ടുകള്‍
ശാന്തിതന്‍ പ്രഹേളിക തേടി തിടുക്കത്തില്‍ പോകെ
ശാന്തമായ് കേള്‍ക്കുന്നു ഞാന്‍ തീവണ്ടി ഒച്ചകള്‍ ....