Friday, December 30, 2011

വേര്‍പ്പാട്




പുലരിയുടെ
കുളിര്‍പ്പില്‍ നിന്ന്
അസ്തമയത്തിന്റെ
ചുവപ്പിലേക്ക്
ഒരു പുഴയോഴുകുന്നുണ്ട്
പ്രണയത്തിന്റെ
തത്വശാസ്ത്രങ്ങളില്‍
ഇണ ചേര്‍ന്ന്
ഇഴപിരിയാതെ കിടന്ന
രണ്ടാത്മാക്കളും
പേറിയൊരു പുഴ

പുഴയറിയാതെ
പുഴക്കടിയിലൂടെ
ചെമ്പന്‍ കുതിരകളെ
പൂട്ടിയൊരു രഥം
ഓടുന്നുണ്ട്
ആജ്ഞയുടെ ചട്ടവാറടികള്‍
പുറത്തു കേള്‍പ്പിക്കാതെ

പനി മൂടികിടക്കുന്ന
കുന്നുകളിലൂടെ
ഉച്ചവെയിലില്‍
ഉരുകിയ നാട്ടുച്ചകളിലേക്ക്
പുഴ ഒഴുകിയടുക്കുമ്പോള്‍
വരള്‍ച്ചയുടെ കുഞ്ഞുങ്ങള്‍
പുഴയെ തിന്നു കൊണ്ടിരിക്കും.

തീയിലുരുകി വറ്റുന്ന
പുഴക്ക് നടുവിലൂടെ
അപ്പോള്‍ ഒരു മണല്‍കൂന
പൊന്തി വരുന്നു.
അവിടെ ആത്മാക്കളെ പകുത്തുമാറ്റി
മണല്‍കൂനക്കിരുവശം
പുഴ രണ്ടായി വേര്‍പിരിയുന്നു.
ചെമ്പന്‍ കുതിരകളെ
പൂട്ടിയ രഥം
മണ്‍കൂനക്ക് മുകളിലൂടെ
കുതിച്ചു പായുന്നു.

കാതടപ്പിക്കുന്ന അതിന്റെ
ചാട്ടവാറടികള്‍ ഇരുപുഴകളെയും
അകലങ്ങളിലേക്ക് നയിക്കുന്നു.

അസ്തമയത്തിലെത്തും മുന്‍പേ
ഞാനെന്ന പുഴ
ഇവിടെ വറ്റി തീരുന്നു
കണ്ണീരു പോലും തീര്‍ന്നു
ഈ ഒഴുക്കിനി വയ്യ
ഞാന്‍ പകുത്തു നല്‍കിയ
നിന്റെ ചുണ്ടിലെ ഉമ്മകളുടെ
ഗന്ധം കഴുകി കളഞ്ഞു
നീ അസ്തമയത്തിലേക്കോഴുകുക.