Friday, July 29, 2011

പുഴ


മണല്‍ക്കാറ്റ് വീശുന്ന
മനസ്സിന്‍റെ
താഴെ എവിടെയോ
ഒരു പുഴ ഒഴുകുന്നുണ്ട്
ഇന്നോളം ആര്‍ക്കു മുന്നിലും
ദൃശ്യമാകാതെ...
വളഞ്ഞും പുളഞ്ഞും
ചിണുങ്ങിയും പിണങ്ങിയും
അവള്‍ ഒഴുകി കൊണ്ടിരിക്കുന്നു.

അവളുടെ തീരങ്ങളില്‍
ഒരു കാട് തഴച്ചുവളരുന്നുണ്ട്...
ആ തണുത്ത നിലങ്ങളെ അവള്‍ ഉമ്മകള്‍
കൊണ്ട് മൂടിയിരുന്നു.
ഒഴുകി തളര്‍ന്ന അവളുടെ ഭൂതകാലങ്ങളെ
അവന്‍ കേട്ടിപുണര്‍ന്നിരുന്നു
അവളുടെ കണ്ണില്‍ നിലാവ് ഒഴുകിയതും
നോക്കി രാവുകളില്‍
അവന്‍ ഉറങ്ങാതെ ഇരുന്നു.
ഒരിക്കല്‍ അവള്‍ പുറത്തെ മണല്‍ക്കാട്
കാണാന്‍ കൊതിച്ചു പുറത്തെക്കൊഴുകി 

പതഞ്ഞു പൊങ്ങിയ നിറമുള്ള
കാഴ്ചകള്‍ കണ്ടു തിരികെ പോകാന്‍
അവള്‍ മടിച്ചു 
നിലാവ് മുങ്ങി മരിച്ച 
രാത്രികളില്‍ അവളുടെ
നെഞ്ചിലെ നീര് തേടി
പിന്നെ ആരൊക്കെയോ 
അവളില്‍ വേരുകള്‍ ആഴ്ത്തി.. 
അവളുടെ ഉദരത്തില്‍ വീണ 
വിഷ ബീജങ്ങള്‍ ഗര്‍ത്തങ്ങളായ് പിറന്നു
ഒരു കൊച്ചു ചാലായ് വറ്റുന്നു പുഴ
ഒരു തുള്ളി നീരിനായ്‌ കേണിടുന്നു...
പച്ചവിരിച്ച കാടിന്നു കത്തിയമാരുന്നു

Thursday, July 28, 2011

കോണ്‍ക്രീറ്റ് കാടുകള്‍ പൊട്ടിച്ചിരിക്കുന്നു


തെരുവിന്‍റെ ആകാശമെവിടെ
നിന്‍റെ കനവിന്‍റെ കണ്ണീര്‍
നുകര്‍ന്നോരു കാഞ്ഞിര
കൂട്ടങ്ങളെവിടെ
നിനക്കായ്‌ ഞാന്‍ വിട്ടിട്ട്
പോയ്യോര നക്ഷത്രപൂക്കളിന്നെവിടെ    

തൊടിയിലെ തുമ്പിയും
തുളസിയും
ആമ്പല്‍പൊയ്കയും
ഓണവും പാട്ടും
നിന്‍റെ ചിരിയും ചിന്തയും
നേരിന്‍റെ മധുരം
നുകര്‍ന്നോരോ
കല്‍ക്കണ്ട പാടവും
ഇന്നെവിടെ
 
വഴി വക്കില്‍
തളര്‍ന്നപ്പോള്‍
തണല് തന്നോരാ
ആല്‍മരകൂട്ടങ്ങളെവിടെ
നിന്നെ കുളിര്‍പ്പിച്ച പുഴയുടെ
തണ്ണീര്‍ കണികകളിന്നെവിടെ

നിന്‍റെ മിഴികള്‍ക്ക്
കാട്ടന്‍ കാത്തു വെച്ചതിന്റെ
കഥയെഴുതി വെക്കാന്‍
നന്മയും നാരായവുമെവിടെ

ശകടങ്ങള്‍ അലറുമ്പോള്‍
മലിനമായ് നീ പുകയുമ്പോള്‍
നഗ്നയായ് പുഴു വരിച്ചു നീ
വിഷം വമിചിടുമ്പോള്‍
തേടിയ കാഴ്ചകളെല്ലാം
പോയ്‌ മറഞ്ഞു...
തളര്‍ന്നു ഞാന്‍
നിന്‍റെ മടിയില്‍
തര്‍കന്നു വീണിടുമ്പോള്‍
വീണ്ടും കോണ്‍ക്രീറ്റ് കാടുകള്‍
പൊട്ടിച്ചിരിക്കുന്നു....   

Wednesday, July 27, 2011

നിറമില്ലായ്മയുടെ നിറങ്ങള്‍


പകലിനിന്നു പരിഹാസത്തിന്‍റെ
പരുപ്പരുത്ത നിറം
രാവിനു മരിച്ച
സ്വപ്നങ്ങളുടെ നിറം


രാവിന്‍റെ മാറത്തും
പകലിന്‍റെ മുറ്റത്തും
എനിക്കിന്നോരെ നിറം
വേവുന്ന മഴയുടെ നിറം

പൊടിഞ്ഞു വീണ
വാക്കുകള്‍ക്ക്
ഭ്രൂണഹത്യ അരങ്ങു
തകര്‍ത്ത ഒഴിഞ്ഞ
ഗര്‍ഭപാത്രത്തിന്‍റെ നിറം

നിന്‍റെ പ്രണയത്തിനിന്നു
കറുത്ത നിറം
കറുപ്പ് നിറമല്ലത്രേ
നിറമില്ലായ്മയുടെ
ചവര്‍പ്പാണത്രേ.......

Sunday, July 24, 2011

തിരികെ


ഇനിയും അകന്നു
പോകരുത് നീ
ഈ കറുത്ത പകലില്‍
തിരിചോഴുക്കിന്‍റെ
ചോര ചാലുകള്‍
വറ്റുന്നതിനു മുന്‍പേ
എനിക്ക് നിന്നിലെത്തണം...

ഏതു തമോഗര്‍ത്തത്തില്‍
ആഴ്ന്നു നീ ഇല്ലതാവുകിലും
നീയെന്ന ഒറ്റ നക്ഷത്രത്തെ
തേടി ഞാന്‍ വരും
നിന്നില്‍ ലയിക്കാന്‍
ഒരുമിച്ചിലതാകാന്‍ ..........

ഉറക്കം


ഇഴഞ്ഞു നീങ്ങിയ
ചുമര്‍ ഘടികാരത്തിലെ
റോമന്‍ അക്കങ്ങള്‍ക്കിടയില്‍
കൊഴിഞ്ഞു
വീണു കൊണ്ടേയിരുന്ന
യാമങ്ങളെ
വേര്‍പാടിന്റെ
നിമിഷ സൂചികള്‍
കുത്തി നോവിച്ചു കൊണ്ടേയിരുന്നു.

പാതി വഴിയില്‍
മറ്റൊരു കാമുകിയോട് കിന്നാരം
പറഞ്ഞുകൊണ്ടിരുന്നു, ഉറക്കം.
സ്വപ്നങ്ങളുടെ ശവങ്ങള്‍ക്ക്‌
ചിന്തകള്‍ കൂട്ടിരിക്കുന്ന
ഉറക്കമില്ലാത്ത രാവുകളില്‍
നീ ഇനിയും
തനിച്ചാകും.

Wednesday, July 20, 2011

ഓര്‍മ്മ പുഴുക്കള്‍


നിന്‍റെ പ്രണയ
തീ നാമ്പുകള്‍ക്ക്
ഉയിരേകി ഞാന്‍
പക്ഷേ ഇന്നതില്‍
കരിഞ്ഞു തീര്‍ന്നത്
നീ വലിച്ചെറിഞ്ഞ
എന്‍റെ പ്രണയം

നിന്നില്‍ നാമ്പിട്ട
ചെടിക്ക് വെള്ളമൂറ്റിയതും
ഞാന്‍ തന്നെ
ഇന്നാ മരകൊമ്പില്‍
വരിഞ്ഞു മുറുകി
ഞെരിഞ്ഞമര്‍ന്നത്‌
നീ കാണാതെ പോയ
എന്‍റെ ഹൃദയം

ഇന്ന്
എന്‍റെ വേദനകളെ
തിന്നു വീര്‍ത്ത
ഓര്‍മ്മ പുഴുക്കള്‍
പിന്നെയും കുത്തി നോവിച്ചു
കൊണ്ടേയിരിക്കുന്നു
വിശപ്പിനെക്കാളേറെ
എന്‍റെ വേദനകളോടായിരുന്നു
അവക്ക് പ്രിയം 

Saturday, July 16, 2011

കുടിയിറക്കപ്പെട്ടവരുടെ മേല്‍വിലാസം

വ്യാകരണ പുരാണങ്ങളുടെ
വയറു പിള്ളര്‍ന്ന്
അലങ്കാരങ്ങളെ
ചവിട്ടിയാഴ്ത്തി
വശമില്ലാത്ത വൃത്തങ്ങളെ
ചോരയില്‍ മുക്കി
ത്രികോണങ്ങളില്‍ നിന്നും
ചില വാക്കുകള്‍
റോഡരികിലെ
എച്ചില്‍ തോട്ടിയിലേക്ക്
പിറന്നു വീഴുന്നു....

ത്രികോണങ്ങളുടെ
മൃതിരോദനങ്ങളില്‍ ...
വരണ്ടുണങ്ങിയ മുലകള്‍ പോലും
അന്യമാക്കപ്പെട്ട്
ഓടകളില്‍ കമഴ്ന്നു കിടന്ന
വാക്കുകള്‍ക്കു കൂട്ടിരുന്നത്
നായ്ക്കളും, നാല്‍ക്കാലികളും

അലങ്കാരവും വൃത്തവും
തിന്നുകൊഴുത്ത വാക്കുകള്‍
ശീതികരണ മുറിയില്‍
പകല്‍കിനാവു കണ്ടുറങ്ങുമ്പോള്‍
അന്നത്തില്‍ നിന്നും
കിനാക്കളില്‍ നിന്നും
കുടിയിറക്കപ്പെട്ട വാക്കുകളുടെ
മേല്‍വിലാസം തിരയുകയായിരുന്നു ഞാന്‍

Friday, July 15, 2011

പറഞ്ഞുതീരാത്തത്


എന്‍റെ അക്ഷരങ്ങള്‍
നിന്നെ കുറിച്ചെഴുതാന്‍
വാക്കുകളെ തിരയുകയാണിന്നു
കൂടിചേരനകാതെ
തട്ടി തടഞ്ഞു വേര്‍പ്പെട്ടു
മുട്ടുപോട്ടി ചോരയോലിപിച്ചിരുന്നവ
എന്‍റെ വാക്കുകള്‍
നിന്‍റെ കാലിനടിയില്‍പ്പെട്ട്
പിടഞ്ഞു മരിക്കുന്നതിന്നു
വേദനയോടെ കണ്ടു നിന്നുഞാന്‍

എന്‍റെ സ്വരങ്ങള്‍
നിന്നെ കുറിച്ചുപാടാന്‍
ഈണം തേടുകയാണിന്നു
നിനക്കായ്‌ മീട്ടാന്‍
വീണ തന്ത്രികളില്‍
ഒരു രാഗവും വിരിയില്ല
ഹൃദയ വീണയുടെ
ഓരോ തന്ത്രിയും
വലിച്ചു പൊട്ടിച്ചാണ്
നീ തിരികെ നടന്നത്....

വിരഹവും വേദനയും
ആത്മകഥയും പറയുന്നില്ല
ഇനിയെന്‍റെ ആത്മാവിനെയും
തിരികെയെടുക്കുക
എന്‍റെ അക്ഷരങ്ങളെ
കൊന്നുകളഞ്ഞേക്കുക...

Thursday, July 14, 2011

പുഴുക്കലരി

പോരിവെയിലത്തെ
നീണ്ട ക്യൂ അവസാനിപ്പിച്ചു
റേഷന്‍കടക്കാരന്‍
പേരു വിള്ളിച്ചു മണ്ണെണ്ണയും
പഞ്ചാരയും പുഴുക്കലരിയും
തൂക്കി തന്നു ...
വീട്ടിലെത്തി
പുഴുത്തപുഴുക്കലരി
മൂന്നായി ഭാഗം വെച്ചു
പുഴു വേറെ
കല്ല് വേറെ
അരി വേറെ
വെളുത്ത പുഴുക്കള്‍
വാഗ്‌ദാനങ്ങള്‍ തിന്ന
വയറും പേറി
പല്ലിള്ളിച്ചു കാണിച്ചു.
കറുത്ത കല്ലുകള്‍
കടിച്ചാല്‍ പൊട്ടാത്ത
വാക്കുകളെ പോലെ
തുറിച്ചു നോക്കി
അരി മാത്രം
ചത്ത കുഞ്ഞിനെ പോലെ
കണ്ണുമടച്ചു ചുരുണ്ടു
കൂടി കിടന്നു.

Saturday, July 2, 2011

വരണ്ട വാര്‍ത്തകള്‍


അലറി ആര്‍ത്ത
പാതാളവണ്ടിയുടെ
പാതിയില്‍ നിന്നവള്‍
എടുത്തെറിയ പെട്ടു

ആറാം ആകാശത്ത്
കിനാവള്ളികളില്‍ നിന്ന്
ഒരു പൂവ് കൂടി
കറുത്ത കാമത്തിന്‍റെ
ചുവന്ന തെരട്ടകള്‍ക്കിടയില്‍ 
വീണു പിടഞ്ഞു...

ചുറ്റും തളം കെട്ടിയ ചോരയില്‍
ഒരുറുമ്പിന്‍ കൂട്ടം
ആര്‍ത്തിയോടെ നക്കികൊണ്ടിരുന്നു.
വേനലുകീറിയ വിടവിലുടെ പോലും
ജനനി ഏറ്റുവാങ്ങിയിലി രക്തം

ചതഞ്ഞരഞ്ഞ പൂവിനെ
ഭോഗിച്ച് മധുവൂറ്റാന്‍
ഒറ്റചിറകുള്ള വണ്ട്‌
വിഷംവമിച്ച കൊമ്പിന്‍റെ
കരുത്തിനാല്‍ തളര്‍ന്ന്
നഗ്നനായക്കപെട്ട്
നെയ്ത സ്വപ്നങ്ങളെ
കണ്ണീരു കൊണ്ട്
തീ കൊളുത്തി...
കണ്ണടച്ച് ഇരുട്ടുണ്ടാക്കിയ
കാവല്‍ക്കാരെ കാര്‍ക്കിച്ചു തുപ്പി
വാര്‍ത്തകള്‍ക്കാര്‍ത്തി പൂണ്ട
കൊഴുത്ത കറുത്ത വരികളിലവള്‍
നഗ്നനായയ് തൂങ്ങി കിടന്നു.......