Wednesday, August 24, 2011

വിശ്വാസങ്ങള്‍ വില്പനയ്ക്ക്


നിന്‍റെ കറുത്ത
ചിന്തകളെ ഭോഗിച്ച്
മരിച്ചു വീഴുന്ന
വെളുത്ത സര്‍പ്പങ്ങള്‍
ഊരിയെറിഞ്ഞ ഉറകള്‍
ഇഴുകി ചേര്‍ന്ന്
അപ്പോസ്തലന്‍മാര്‍
പിറന്നു വീണിരിക്കുന്നു.

പാപക്കനി തിന്നാന്‍
കരുത്ത്‌ കാട്ടിയ മനുഷ്യനിന്നു
നിന്‍റെ കാവല്‍ക്കാരുടെ മുന്നില്‍
ചിന്തകള്‍ ഊരിയെറിഞ്ഞു
നഗ്ന്നരായ്‌ നില്‍ക്കുന്നു

ആര്‍ത്തിയോടെത്തും
കാമപ്പൂവുകള്‍
നിന്‍റെ കന്യകമാരില്‍
പുതിയ രക്ഷകനു വേണ്ടി
വിത്തിട്ട് മുള്ളപ്പിച്ചെടുക്കുമ്പോള്‍
നീ പണക്കാരന്റെ പറുദീസയില്‍
വീഞ്ഞിന്റെ മധുരം നുണഞ്ഞു
സുഖനിദ്രയിലായിരുന്നോ....

നീ വെളിപ്പെട്ട്
കല്‍പ്പനകള്‍ നല്‍കിയ
കാവലാളുകള്‍
വിശ്വാസത്തിന്‍റെ
ഭണ്ഡാരപ്പെട്ടിയില്‍
നിന്‍റെ തല വെട്ടിവെച്ച്
കച്ചവടം നടത്തുമ്പോള്‍
നീ എന്റെ മുന്നില്‍
വെളിപെടാത്തതിനെ
ഞാന്‍ മഹാഭാഗ്യമായി കരുതും

മരക്കുരിശില്‍ നിന്ന്
ഇറങ്ങി വന്നു നോക്കു
ചന്തയില്‍ നിന്‍റെ
തിരുശേഷിപ്പുകള്‍
മുപ്പതു വെള്ളികാശിനു
വില്‍ക്കാന്‍ വെച്ചിരിക്കുന്നു.

Tuesday, August 23, 2011

ഭീരു


ആറാം വേദത്തിന്റെ
അരികു പിടച്ചു
നടന്ന വഴികളില്‍
വീണു പിടഞ്ഞത്
നിനക്കപ്പുറം എത്താത്ത
പൊട്ടി ഒലിച്ച വാക്കുകളും
എന്റെ ഭീരു ജീവിതവും.

രാത്രികളില്‍
നിന്റെ ഉമ്മകള്‍
കൊണ്ടെന്നെ മൂടി
നീ ചോദിച്ചത്
പ്രണയത്തെ
കുറിച്ചല്ലായിരുന്നു
എന്റെ ഉള്ളിലെ
ഭീരുവിനെ കുറിച്ചായിരുന്നു

തെന്നിവീഴുന്ന
മനുഷ്യമനസ്സിന്‍റെ
ഇടി മുഴക്കങ്ങളും
അലമുറകളും കേള്‍ക്കാതെ
ഇനിയും നീ തലതാഴ്ത്തി
നടക്കെണ്ടാതുണ്ടോ

ഉറുമ്പരിക്കുന്ന 
തലച്ചോറുകളുടെ
രക്തമൂറ്റി കുടിച്ചു 
അട്ടകള്‍ കുളങ്ങള്‍
വിട്ടു മെത്തകളില്‍
മലര്‍ന്നു കിടക്കുമ്പോള്‍
ഇനിയും നീ ഉറക്കം
നടിക്കെണ്ടാതുണ്ടോ

നിന്റെ ചോദ്യങ്ങളില്‍
നിന്നൊഴിഞ്ഞു മാറി
മുറിക്കു പുറത്തു
കടന്നപ്പോള്‍ 
എന്റെ നിഴലെന്നോട്
പറയുന്നുണ്ടായിരുന്നു
നിരര്‍ത്ഥകമായ ഈ
ജീവിതത്തില്‍
നിനക്ക് പ്രണയം
പോലും  വിപ്ലവമായിരുന്നു
എനിക്ക് ജീവിതം
പോലും ഭീരുത്വമായിരുന്നു. 

Thursday, August 18, 2011

അവശിഷ്ടജീവിതം


ഒറ്റുക്കാരുടെ നഗരത്തില്‍
പിഴച്ചുപെറ്റൊരു നാക്ക്
പരിതാപമില്ലാതെ
വിരഹം  പേറിയ
വിഴുപ്പുമായി നടക്കുന്നുണ്ട്

ഋണധന ഗണിതം
കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
ശിഷ്ടം പേറി നിന്ന
അവശിഷ്ടജീവിതം അങ്ങനെ
അലഞ്ഞു നടക്കുന്നു.

ഒന്നുമില്ലായ്മയില്‍ തുടങ്ങി
ഭൂതകാലത്തിന്റെ കല്‍പടവില്‍
സ്വന്തമായി നേടിയ
കളിപ്പാട്ടങ്ങളായിരുന്നു ദുഃഖങ്ങള്‍

ദുഃഖങ്ങളുടെ നീലിച്ച
നിഴല്‍ച്ചിലയില്‍ നിന്നും
കിനാക്കള്‍ രക്തം
പാനം ചെയ്തു മരിച്ചുവീഴുന്നു.

സ്വന്തമാകാത്ത സൂര്യവെളിച്ചവും
കവിതയുടെ നീലാംബരവും
ചേര്‍ത്ത് കെട്ടി കൂടുണ്ടാക്കി
അവയെ അതിലിട്ടു പൂട്ടുകയാണിന്നു

വിളക്കുകളെല്ലാം കെട്ട
ഈ വഴിവക്കില്‍
കവിതയുടെ ഇടിമിന്നലില്‍
നിന്ന് ഒരു തിരി കത്തിച്ചു
വെക്കണമെനിക്ക്

ഈ വേനലില്‍ ഇടക്ക്
വന്നും പോയും ഇരിക്കുന്ന
ആ  വെളിച്ചപാട്ടുകളില്‍
തലച്ചായ്ച്ചു കിടക്കണം
ഒരുകി ഒലിച്ച കവിതയുടെ
നിലാവില്‍ സുഖമായുറങ്ങണം.

 

Saturday, August 13, 2011

പാര്‍സല്‍


വരണ്ട മണ്ണാണിന്നു മനസ്സ്
കറുത്ത ആകാശം
കരിപുരണ്ട കണ്ണുകള്‍
പണ്ടിവിടെ പൂക്കളായിരുന്നത്രേ
നിന്റെ ചുണ്ടിലെ
തേന്‍ കുടിച്ചു
പ്രകാശം പരത്തിയ
ചുവന്ന നക്ഷത്രപൂക്കള്‍

ഒറ്റുക്കാരുടെ വസന്തത്തില്‍
പ്രണയവും ജീവിതവും
വിപരീതങ്ങളായ്
നീ പിരിച്ചെഴുതിയപ്പോള്‍
നിന്റെ കാലടി ഒച്ചകളെ
കാത്തിരുന്നൊരു രാവ്
പകലുകളെ വെറുത്തു
തുടങ്ങിയിരുന്നു.

പൊടിപിടിച്ചു കിടന്ന
നിന്‍റെയാ പഴയ
അഡ്രസ്സിലേക്ക് ഞാനൊരു
പാര്‍സല്‍ അയക്കുന്നു
പ്രണയം ഊറ്റിയെടുത്തപ്പോള്‍
മരണമെങ്കിലും തരാമായിരുന്നില്ലേ
എന്ന് ചോദിച്ചു
നീല രക്തം വാര്‍ന്നൊഴുകി
തുടിച്ചുകൊണ്ടിരുന്ന
എന്റെ ഹൃദയം.

Sunday, August 7, 2011

സുഹൃത്ത്‌


ഞാന്‍ നടക്കുകയാണ്
ഏകനായ്, കരിപടര്‍ന്ന
ജീവിതത്തിന്റെ പാതയിലൂടെ
എനിക്ക് ചുറ്റും 
കടിച്ചു കീറാന്‍ നാവില്‍
വെള്ളമൂറി നില്‍ക്കുന്ന
ചെന്നായ്ക്കള്‍ മാത്രം
ഇരുട്ടിനെ എനിക്ക്
ഭയമായിരുന്നല്ലോ എന്നിട്ടും,
ഞാന്‍ ഇരുട്ടില്‍ അലയുന്നു.

നല്ലൊരു സുഹൃത്തിനെ
തെടുകയണെന്‍റെ
വിളറിയ കണ്ണുകള്‍
നേട്ടങ്ങളില്‍ ഞാന്‍
പൂര്‍ണ്ണ നഗ്നനന്‍
നഷ്ടങ്ങളില്‍ പരിപൂര്‍ണ്ണന്‍

ഞാനി പാതയുടെ
നീഭൂതയിലേക്ക് നടക്കുന്നു
ഏങ്ങല്‍ അടിക്കുന്ന ചിതറിയ
ഒരു ശബ്ദം അവിടെ-
അലയുന്നുണ്ടത്രേ
ഞാന്‍ ഭാവിയിലേക്ക് നടക്കുന്നു
നല്ലൊരു സുഹൃത്തിനെ തിരയാന്‍
ഉള്ളിളിരുന്നരോ പിറുപിറുത്തു
വെളിച്ചത്തിലേക്ക് നടക്കുക
ജീവനുള്ളതെല്ലാം
നിന്നെ പിന്‍തുടരും
ഇരുട്ടിലേക്ക് പോവുക
നിന്‍റെ നിഴലു പോലും
നിനക്കില്ലതാകും
സുഹൃത്ത്‌ വിള്ളിക്കുന്നുണ്ട്
മനുഷ്യരില്ലാത്ത ലോകത്തിന്‍റെ
സ്പന്ദനങ്ങള്‍ കേള്‍ക്കാന്‍ 

Saturday, August 6, 2011

മൂന്നു കവിതകള്‍


കാത്തിരിപ്പ്‌
=========
നില്‍ക്കുന്നിതാ
നിന്നെയും കാത്തു
ഈ ഒറ്റയടി പാതയില്‍
നീ ഇറുത്തിട്ടു പോയൊര
പൂക്കള്‍ ചോര തുപ്പിയ മണ്ണില്‍
പച്ച കത്തിയ മാമരകൂട്ടവും
കറുപ്പ് കുടിച്ചു
മയങ്ങിയ സൂര്യനും
ഏകനായ് ഞാനും
...........................

ആവര്‍ത്തനങ്ങള്‍
==============
കരളില്‍ വേവുന്നൊരു
മഴ വീണു ചാവുന്നു
എന്റെ കണ്ണീരു മോന്തി കുടിച്ച്
ആത്മകഥനങ്ങളോക്കെയും
ആവര്‍ത്തനങ്ങളായ്
വിരഹമൂറ്റി കുടിച്ചു ഞാനും
.........................

ഓര്‍മ്മകള്‍
==========
ഓര്‍മ്മകള്‍ നിറച്ചു
ചേര്‍ത്തു വെച്ചൊരാ
മണ്‍കുടങ്ങളില്‍ നിന്ന്
സുഷിരങ്ങളായ് നീ
പൊട്ടിയോലിച്ചു
കിടക്കുമ്പോഴോക്കെയും
നിറങ്ങള്‍ ചാലിച്ച്
നിറക്കുന്നു ഞാനതില്‍ പിന്നെയും.  

Tuesday, August 2, 2011

വിട്ടകന്ന നിഴലുകള്‍



തിരകെയാണ്
ഞാനെന്‍റെ നിഴലിനെ...
പ്രണയം മരിച്ച രാത്രിയില്‍ 
നിലാവിനെ
കെട്ടിപ്പിടിച്ച് നിഴല്‍
കരയുന്നത് കേട്ടവരുണ്ടത്രേ..
മദ്യഷാപ്പിന്‍റെ വരാന്തയില്‍
കരിപിടിച്ച ജനിതകഗോവണിക്ക്
താഴെയിരുന്നു നിഴല്‍
പാടാറുണ്ടായിരുന്നത്രേ...
നീ പോയ രാവില്‍
നിലാവിനെ പ്രണയിച്ച
ഒരു കറുത്ത രൂപം
കടലിന്‍റെ തിരമാലകള്‍ക്കടിയിലൂടെ
നടന്നു പോകുന്നത്
കണ്ടവരുണ്ടത്രേ...

നീറിയ നിലാവിന്‍റെ
കീറില്‍ നിന്നു ഒരുതുള്ളിയായ്‌
ഞാന്‍ ഇറ്റു വീണു
ഒരു തീനാളമായ്‌
ജീവന്‍റെ വരള്‍ച്ചയെ തിന്നു
മരണത്തില്‍ പൂക്കും
മുന്‍പെങ്കിലും
എന്‍റെ നിഴലിനെ തിരികെ തരു...