Friday, October 28, 2011

മരണതീരങ്ങളില്‍


ചത്ത സ്വപ്നങ്ങള്‍
തോരണം ചാര്‍ത്തുന്ന
ഈ മുറിയിലിരുന്നു
നിനക്കായിന്നു ഒറ്റവരി
മാത്രം കുറിക്കുന്നു

നിന്‍റെ ചുണ്ടിലെ
തേന്‍ മധുരത്തെ
കുറിച്ച്, എന്‍ മാറിടങ്ങളില്‍
ചിത്രമെഴുതുന്ന നിന്റെ
വിരലുകളെ കുറിച്ച്

ഒടുവില്‍ നിന്റെ കരളുകീറി-
ഒഴുകിയിരുന്ന വിങ്ങലുകളെ
കുറിച്ച്, പോകുമ്പോള്‍
കോര്‍ത്തെടുക്കാന്‍
നീയെകിയ രണ്ടു
കണ്ണുനീര്‍തുള്ളികളെ കുറിച്ച് 

ഇന്നു ഓര്‍മ്മകളിലൂടെ
നാം വഴിപിരിഞ്ഞോഴുകിയ
തീരങ്ങളില്‍ തിരിച്ചെത്തണമെനിക്ക്
നിന്റെ മാറിലെ
ഇല കൊഴിഞ്ഞ മരങ്ങളില്‍
കിളികളായ് പൂക്കണമെനിക്ക്

നിന്‍റെ കണ്ണിലെ
ക്ഷാരത്തിലലിയണം
ഇന്നിവിടെയീ മരണതീരങ്ങളില്‍
നമുക്ക് പരസ്പരമീ
പ്രണയം പാനം ചെയ്തിരിക്കാം 

Friday, October 21, 2011

പിന്‍വിളിമരണത്തിന്‍ രുചിയൂറും
പുക കുടിച്ചും
ലഹരി നങ്കൂരമിട്ട തീരങ്ങളില്‍
ചഷകത്തിന്‍റെ തീയലകള്‍
ചോരകുഴലുകളില്‍ പടര്‍ത്തിയും
അപഥസഞ്ചാരിണിയായ
അമ്രപാലിയുടെ മെയ്‌പിണര്‍ന്നു
കിടന്ന രാവു മുറുകുമ്പോള്‍
ഇരവിലാരോ പിന്‍വിളിയുതിര്‍ക്കുന്നു.

നെഞ്ചിലൊരു നീരുറവയായ്‌ ഉണര്‍ന്നവള്‍
ഹിമാകണമായെന്നെ കുള്ളിര്‍പ്പിച്ചവള്‍
പ്രണയാഗ്നിയിലെന്നെ സ്ഫുടം ചെയ്യ്‌തവള്‍
എന്റെ പ്രണയത്തിന്‍ വിഷസര്‍പ്പങ്ങള്‍ക്ക്
കാവലായ്‌ പകലു കറുപ്പിച്ചവള്‍
ഇരവായൊരു പിന്‍വിളിയുതിര്‍ക്കുന്നു.

ഇന്നു ഓര്‍മ്മയുടെ ഇരുട്ടറയിലേക്ക്
മസ്തിഷ്ക സ്പന്ദനങ്ങളുടെ
വേരുകളാഴ്ത്തി പരതുമ്പോള്‍
ഉത്തരായനത്തിലെ കറുത്ത
സൂര്യബിംബമായ്‌ നീയും
ദക്ഷിണയാനത്തിലെ വറുതിയില്‍
വറ്റിയ പുഴയായ് ഞാനും

ഒരിക്കല്‍ നിന്‍റെ മിഴികളില്‍ എനിക്കായ്‌
ഉറവപൊട്ടിയ കണ്ണീര്‍ കണങ്ങളില്‍
ഞാനുരുകി പ്രതിഫലിച്ചിടുമ്പോള്‍
നമ്മുക്കിടയിലെ അക്ഷാംശങ്ങള്‍ക്കിടയില്‍
തൂങ്ങികിടന്നു പൊട്ടിച്ചിരിക്കുന്നു ചിലര്‍

വഴിമാറിയൊഴുകാന്‍ വിധിക്കപ്പെട്ടു നീ
ഏങ്ങലടിച്ചു കരയുമ്പോള്‍
എനിക്കായ്‌ പിന്‍വിളി നീ ഉണര്‍ത്തിടുമ്പോള്‍
എന്‍റെ ലഹരി തീരങ്ങളില്‍
ആളനക്കങ്ങള്‍ നിലക്കുന്നു
എന്‍റെ ബലിചോറിനായ്‌ വട്ടമിട്ടാര്‍ത്തു പറക്കുന്നു
കാക്കയുടെ ചിറകടി ഒച്ചകള്‍
വിണ്ണിലായ് പുതുപിറവികൊള്ളുന്നു
നിന്റെ സ്വപ്നങ്ങളിലേക്ക് വീണ്ടുമൊരു പിന്‍വിളി.

Sunday, October 16, 2011

ഇരുട്ടിന്‍റെ വശങ്ങള്‍


പുരയിപ്പോള്‍ ഇരുട്ട്
പുതച്ചുറങ്ങുന്ന ഒറ്റമുറിയാണ്‌
ചുമരുകളുടെ മുരടുകളില്‍
വെള്ളം കിനിഞ്ഞു നിന്നിട്ടും
ചുട്ടുപൊള്ളുന്ന പഴുത്ത നിലങ്ങള്‍ .

അടഞ്ഞ ജനാലകളില്‍
തൂങ്ങികിടന്ന മാറാലകള്‍
ഇരുട്ടിന്‍റെ കുഞ്ഞുങ്ങളെ
പ്രസവിച്ചു കൊണ്ടിരുന്നു.

വാതില്‍ പഴുതിലൂടെ
പുറത്തേക്കു കണ്ണെറിയുമ്പോള്‍
ഒരു സ്വാന്തനം പോലെ
മിന്നാമിനുങ്ങുകള്‍ ചൂട്ടു
കത്തിച്ചു അങ്ങുമിങ്ങും.

ഒരു നൊടിയിട നേരത്തെ പരിജയം
ഇരുട്ടിന്‍റെ വശങ്ങളിലൂടെ
തരിശുകളെ പിറകിലാക്കി
ഇടവഴികളിലൂടെ തുള്ളി
കള്ളിച്ചെത്തും കുറുമ്പികിടാവ്പോല്‍
വെള്ളിച്ചകീറുകള്‍ മുറ്റത്തോളം
വന്നു നില്‍ക്കും
പിന്നെ,
വിണ്ട വൃണങ്ങള്‍ അതിര്‍ത്തിയിട്ട
വരമ്പിനപ്പുറത്തു നിന്നും
അവ പതുക്കെ പടിയിറങ്ങി പോകും
ഇരുട്ടിന്‍റെ വശങ്ങളിലേക്ക്
അഴുകിയ ജീവിതം വീണ്ടും തലചായ്ച്ച് കിടക്കും  

Friday, October 14, 2011

മണ്ണിലേക്ക്‌


സ്വപ്നങ്ങളുടെ പറുദീസ
വെറുത്തപ്പോഴയിരുന്നു
ആകാശത്തിന്‍റെ
നീലാംബരത്തിലേക്ക്‌
ഇറങ്ങി വന്നത്
അവിടം വെറുത്തപ്പോള്‍
കറുത്തിരുണ്ട വിഷാദ
മേഘങ്ങളിലേക്ക് ഇറങ്ങിപോന്നു
പൊള്ളുന്ന മഴയില്‍
ജീവിതം പൊട്ടിയോലിച്ചപ്പോള്‍
മഴ പെയ്തു നനഞ്ഞ
വായുവിന്‍റെ വഴുക്കും പടിയിലേക്ക്
വായുവില്‍ നിന്നു
കൌമാരക്കാരിയായി മുറ്റത്ത്‌
വിരിഞ്ഞു നിന്ന ചെമ്പകമരത്തിലേക്ക്
ഊര്‍ന്നു വീണത്‌ പ്രണയത്തെ
നിലാവായ് പൊഴിച്ച
ചന്ദ്രനെ കണ്ടു മോഹിച്ചപ്പോഴയിരുന്നു
അവിടെയും വെറുത്തപ്പോള്‍
അവളുടെ നാഭിചുഴിയിലൂടെ
വീണ്ടും താഴോട്ട്
മണ്ണിനെ പ്രണയിച്ചു
മണ്ണായിതീരാന്‍  ....

Wednesday, October 12, 2011

പ്രണയം


ഇന്നു ഞാന്‍
ഒരു വാക്കിന്‍റെ
മുനയില്‍ നിന്നും
ഉദ്ദരിച്ച് തെറിച്ച
വിഷം കുടിച്ചു മരിക്കാന്‍
വിധിക്കപ്പെട്ടവന്‍
കാലം ഒരു മഴത്തുള്ളിയെ
പോലും പ്രസവിക്കാന്‍
കഴിയാത്ത വന്ധ്യ മേഘങ്ങളില്‍
അര്‍ക്കന്‍റെ മഞ്ഞവെയില്‍
കിരണങ്ങള്‍ കൊണ്ട്
ഇങ്ങനെ അടയാളപെടുത്തും
"പ്രണയം"