Friday, June 10, 2011

തുറന്നെഴുതിലെ ദൂരങ്ങള്‍




നൂറാവര്‍ത്തി തിളച്ചിട്ടും
വേവാത്ത അരിമണികളെ
എടുത്തമ്മ പിണക്കം പറഞ്ഞത്
മണ്‍കലങ്ങളോടായിരുന്നു.

കാലത്തിന്റെ വൃണങ്ങളില്‍
പഴുപ്പിച്ച കത്തിയാഴ്ത്തിയ-
അമ്മ കണ്ണുനീര്‍ തുള്ളികളെ കരുതി വച്ചത്
വടക്കോറത്തു തൂങ്ങിയാടുന്ന ഉറിയിലായിരുന്നു.
അമ്മയ്ക്കും പൂമുഖ സംഭാഷണങ്ങള്‍ക്കിടയില്‍
അച്ഛന്റെ മുരടിച്ച വിലക്കുകളോളം ദൂരം...

ദുഖങ്ങള്‍ പങ്കുവയ്‌ക്കാന്‍ അച്ഛനു കിട്ടിയത്
മദ്യശാലയില്‍ വിരുന്നെത്തിയ സുഹൃത്തുക്കളെ..
മദ്യത്തില്‍ മുടിഞ്ഞ് പൊന്തി
മദ്യശാലയുടെ വരാന്തയില്‍
ചര്‍ദ്ദിച്ചുറങ്ങിയ അപ്പന്‍
ദുഖങ്ങളെ ഒളിപ്പിച്ചു വച്ചത്
ഒഴിഞ്ഞ മദ്യക്കുപ്പികളില്‍
അച്ഛനും മദ്യത്തിനുമിടയില്‍
ഒരു വിരലിനോളം ദൂരം..

നദി വറ്റിയ കാലത്ത്
മണല്‍ത്തരികളെ കൂട്ടിക്കെട്ടി
ബന്ധങ്ങളെ കോര്‍ത്തെടുക്കാന്‍
കയറുണ്ടാക്കി തന്നവളോടായിരുന്നു
എന്‍റെ വിരഹങ്ങളെ പങ്കുവച്ചത്

പക്ഷെ ഇനി ഒരിക്കലും
നമ്മുടെ സ്വപ്‌നങ്ങള്‍ കൈകള്‍ കൊര്‍ക്കില്ലെന്നു
പറഞ്ഞു പിണങ്ങി കരഞ്ഞു
പെയ്യുന്ന മഴയെ ഏറ്റുവാങ്ങി
അവള്‍ നടന്നു നീങ്ങിയപ്പോള്‍
കരളുരുകുന്ന വേദനയില്‍ ഞാനറിയുന്നു
എനിക്കും അവള്‍ക്കുമിടയില്‍
ഒരു വിഡ്ഢിവേഷത്തോളം ദൂരം...

No comments:

Post a Comment