Friday, January 20, 2012

മൂന്നു ജഡങ്ങള്‍അക്ഞാതമായ
മൂന്നു വാക്കിന്റെ ജഡങ്ങള്‍
റോഡരികില്‍ മരിച്ചു
കിടക്കുന്നെന്നു കേട്ടപ്പോള്‍
വേദനയുടെ വിഷം
കുടിച്ചു തൊണ്ടയില്‍ നിന്നും
പുറത്തേക്കിറങ്ങി പോയ
വാക്കുകളെ
തിരയുകയായിരുന്നു ഞാന്‍

മഷി പേനയ്ക്കുള്ളിലും
നീല വരയിട്ട പുസ്തക താളുകളിലും
ഒളിച്ചിരുന്ന വാക്കുകളെ
തപ്പിപിടിച്ചു ഞാന്‍
നെടുവീര്‍പ്പിട്ടു
ഇല്ല അടച്ചിട്ട വാതില്‍ തുറന്നു
ആരും പുറത്തു പോയിട്ടില്ല

എങ്കിലും മോര്‍ച്ചറിയുടെ
തണുത്ത വരാന്തയില്‍
കാത്തിരിക്കുമ്പോള്‍ ഞാന്‍
നീറുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം
വെള്ള പുതച്ചു പുറത്തുവന്ന
ജഡങ്ങളുടെ പുതപ്പ് മാറ്റി
നോക്കുമ്പോള്‍ മിഴികളില്‍
നീര്‍പൂക്കള്‍ വിരിയാന്‍
തുടങ്ങിയിരുന്നു

ആദ്യത്തേതില്‍
കരിപിടിച്ച കണ്ണുകളുമായി
കറുത്ത മഷി കൊണ്ടെഴുതിയ വാക്ക്
"ഞാന്‍ "' എന്ന്
അടുത്തതില്‍
നിറമില്ലാത്ത ചുണ്ടുകളുമായി
ഒരു മെലിഞ്ഞ വാക്ക്‌ "നീ "
മൂന്നാമത്തെതു തുറന്നു
നോക്കാന്‍ എനിക്കു കഴിഞ്ഞില്ല
ജീവനില്ലാത്ത " പ്രണയത്തെ"
കാണാന്‍ നില്‍ക്കാതെ
ഞാന്‍ തിരികെ നടക്കുകയാണ്

Monday, January 16, 2012

മുഖംമൂടികളും നഗ്നരുംഎട്ടു കാലികളാണ്
നിങ്ങള്‍
പകലില്‍ നിങ്ങള്‍ക്ക്
മാന്യതയുടെ കപട മുഖം
രാത്രിയില്‍ വേശ്യയുടെ
വിയര്‍പ്പിന്റെ ചൂര്

ഉച്ചിയില്‍ പൊടിഞ്ഞു വീണ
ചൂടിലും, നിങ്ങള്‍ക്ക്
സവര്‍ണ മേതവിത്വത്തിന്റെ
തൊട്ടു കൂടായ്മ
കീഴ്ജാതി പീഡനം
തണുത്തുറഞ്ഞ രാത്രികളില്‍
കാവല്‍ മാടത്തിന് ചുറ്റും
കുറുക്കന്‍ കാലടികള്‍

വൈകുനേരങ്ങളില്‍
സഹായ വാഗ്ദാനങ്ങള്‍
നടത്തുന്ന രാഷ്ട്രീയാക്കാരന്‍ 
പതിരകളില്‍ മൃഗഭോഗം
നടത്തുന്ന വേട്ടക്കാരന്‍

വെളിച്ചത്ത് നിങ്ങള്‍ക്ക്
പല നിറം പല മതം
ഇരുട്ടത്ത്‌ എല്ലാവര്‍ക്കും
ഒരേ നിറം ഒരേ മതം
അത് കൊണ്ടയിരിക്കുമോ
ഇരുട്ടിനെ പലരും ഭയപെടുന്നത്..?

നിങ്ങളുടെ കൈകളാല്‍
നഗ്നരാക്കപ്പെട്ടവരുടെ
ജാഥ വരുന്നുണ്ട്
ദൈവത്തിന്റെ നാട്ടില്‍ നിന്നും
വരുന്ന കുഞ്ഞാടുകള്‍ അല്ല
മനുഷ്യന്റെ നാട്ടില്‍ നിന്നും
വരുന്ന പ്രതിഷേധികള്‍
നിങ്ങള്‍ ചോദ്യം ചെയ്യപെടും
കപടതയുടെ മുഖം മുടികള്‍
വലിച്ചു കീറി നഗ്നരാക്കപെടും

Friday, January 6, 2012

തണല്‍ മരം
ഇന്നെന്‍ ജീവന്‍റെ
പുസ്തകതാളിലെ
അക്ഷരക്കൂട്ടുകള്‍ക്ക്
മരണത്തിന്റെ
പാലപ്പൂ ഗന്ധം

ചിന്തകളുടെ
പൂമര കൊമ്പില്‍
നിന്ന് വീണ
ഗുല്മോഹറുകള്‍ക്ക്
പ്രാണന്റെ തുടിപ്പസ്തമിച്ച
വെളുത്ത നിറം

പച്ചിലച്ചാര്‍ത്തുകളില്‍
തീ വിതച്ച
നിന്റെ നാഭിച്ചുഴിയിലെ
വിയര്‍പ്പിന്നു
തുരിശിന്റെ ഉപ്പുരസം

നൊമ്പരത്തിനിന്നു
പ്രണയത്തേക്കാള്‍ വീര്യം
ഈ വിഷവീര്യത്തില്‍ നിന്ന്
മൃതിയിലൂടെ ഊര്‍ന്നിറങ്ങി
മരമായ്‌ ജനിക്കണമെനിക്ക്
ഋതുക്കളെ അതിജീവിക്കുന്ന
കാറ്റുവീഴ്ച്ചകളില്‍
ഇല പൊഴിക്കാത്ത
ഒരു തണല്‍ മരം

31-12-11

Monday, January 2, 2012

ഗര്‍ത്തങ്ങള്‍മഞ്ഞവെയില്‍
പൂത്തു കിടക്കുന്ന
നാട്ടുച്ചകളിലും
മരണത്തിന്റെ
കറുപ്പ് കുടിച്ച
ഗന്ധങ്ങളാണിന്നു
ഗര്‍ത്തങ്ങള്‍ക്ക്

ജീവിതത്തെ
ജീവനോടെ
പിടിച്ചു തിന്നുന്ന
എപ്പോഴാണെന്നറിയാതെ
കാല്‍ തെറ്റി
തെറിച്ചു വീണു
പോയേക്കാവുന്ന
പ്രണയ ഗര്‍ത്തങ്ങള്‍ക്ക്

Sunday, January 1, 2012

ജ്വരം
ഉണങ്ങിയ മരകൊമ്പില്‍
കുരലുമുറുക്കിയ
വള്ളിക്കുരുക്കില്‍ നിന്നും
നിന്റെ ജഡം
താഴെ ഇറക്കി കിടത്തി
വെരിഫിക്കേഷന്‍ നടത്തിയ
പോലിസുക്കാരന്‍
എഴുതിയത് 
പുരുഷന്‍ , മുപ്പതിനടുത്തു പ്രായം
എന്നുമാത്രമായിരുന്നു.

നിന്റെ ഉള്ളിലെ
പെണ്ണിനെ കുറിച്ചും
നിന്റെ രക്തത്തിലെ
മരണത്തിന്റെ
പടയാളികളെ കുറിച്ചും
അവര്‍ക്കൊന്നും
പറയാനില്ലായിരുന്നു.

പകല്‍ കല്ലെറിയുകയും
രാത്രി നിന്റെ
ചൂട് തേടുകയും
ചെയ്ത മുഖമില്ലാത്ത
ബിംബങ്ങളില്‍
ഭീതിയുടെ കനലെറിഞ്ഞു
നീ പോകുമ്പോള്‍
പുറം തിരിഞ്ഞു
നിന്നവര്‍ക്കെല്ലാം
ജീര്‍ണതയുടെ ജ്വരം.