Tuesday, August 23, 2011

ഭീരു


ആറാം വേദത്തിന്റെ
അരികു പിടച്ചു
നടന്ന വഴികളില്‍
വീണു പിടഞ്ഞത്
നിനക്കപ്പുറം എത്താത്ത
പൊട്ടി ഒലിച്ച വാക്കുകളും
എന്റെ ഭീരു ജീവിതവും.

രാത്രികളില്‍
നിന്റെ ഉമ്മകള്‍
കൊണ്ടെന്നെ മൂടി
നീ ചോദിച്ചത്
പ്രണയത്തെ
കുറിച്ചല്ലായിരുന്നു
എന്റെ ഉള്ളിലെ
ഭീരുവിനെ കുറിച്ചായിരുന്നു

തെന്നിവീഴുന്ന
മനുഷ്യമനസ്സിന്‍റെ
ഇടി മുഴക്കങ്ങളും
അലമുറകളും കേള്‍ക്കാതെ
ഇനിയും നീ തലതാഴ്ത്തി
നടക്കെണ്ടാതുണ്ടോ

ഉറുമ്പരിക്കുന്ന 
തലച്ചോറുകളുടെ
രക്തമൂറ്റി കുടിച്ചു 
അട്ടകള്‍ കുളങ്ങള്‍
വിട്ടു മെത്തകളില്‍
മലര്‍ന്നു കിടക്കുമ്പോള്‍
ഇനിയും നീ ഉറക്കം
നടിക്കെണ്ടാതുണ്ടോ

നിന്റെ ചോദ്യങ്ങളില്‍
നിന്നൊഴിഞ്ഞു മാറി
മുറിക്കു പുറത്തു
കടന്നപ്പോള്‍ 
എന്റെ നിഴലെന്നോട്
പറയുന്നുണ്ടായിരുന്നു
നിരര്‍ത്ഥകമായ ഈ
ജീവിതത്തില്‍
നിനക്ക് പ്രണയം
പോലും  വിപ്ലവമായിരുന്നു
എനിക്ക് ജീവിതം
പോലും ഭീരുത്വമായിരുന്നു. 

2 comments: