Friday, October 21, 2011

പിന്‍വിളി



മരണത്തിന്‍ രുചിയൂറും
പുക കുടിച്ചും
ലഹരി നങ്കൂരമിട്ട തീരങ്ങളില്‍
ചഷകത്തിന്‍റെ തീയലകള്‍
ചോരകുഴലുകളില്‍ പടര്‍ത്തിയും
അപഥസഞ്ചാരിണിയായ
അമ്രപാലിയുടെ മെയ്‌പിണര്‍ന്നു
കിടന്ന രാവു മുറുകുമ്പോള്‍
ഇരവിലാരോ പിന്‍വിളിയുതിര്‍ക്കുന്നു.

നെഞ്ചിലൊരു നീരുറവയായ്‌ ഉണര്‍ന്നവള്‍
ഹിമാകണമായെന്നെ കുള്ളിര്‍പ്പിച്ചവള്‍
പ്രണയാഗ്നിയിലെന്നെ സ്ഫുടം ചെയ്യ്‌തവള്‍
എന്റെ പ്രണയത്തിന്‍ വിഷസര്‍പ്പങ്ങള്‍ക്ക്
കാവലായ്‌ പകലു കറുപ്പിച്ചവള്‍
ഇരവായൊരു പിന്‍വിളിയുതിര്‍ക്കുന്നു.

ഇന്നു ഓര്‍മ്മയുടെ ഇരുട്ടറയിലേക്ക്
മസ്തിഷ്ക സ്പന്ദനങ്ങളുടെ
വേരുകളാഴ്ത്തി പരതുമ്പോള്‍
ഉത്തരായനത്തിലെ കറുത്ത
സൂര്യബിംബമായ്‌ നീയും
ദക്ഷിണയാനത്തിലെ വറുതിയില്‍
വറ്റിയ പുഴയായ് ഞാനും

ഒരിക്കല്‍ നിന്‍റെ മിഴികളില്‍ എനിക്കായ്‌
ഉറവപൊട്ടിയ കണ്ണീര്‍ കണങ്ങളില്‍
ഞാനുരുകി പ്രതിഫലിച്ചിടുമ്പോള്‍
നമ്മുക്കിടയിലെ അക്ഷാംശങ്ങള്‍ക്കിടയില്‍
തൂങ്ങികിടന്നു പൊട്ടിച്ചിരിക്കുന്നു ചിലര്‍

വഴിമാറിയൊഴുകാന്‍ വിധിക്കപ്പെട്ടു നീ
ഏങ്ങലടിച്ചു കരയുമ്പോള്‍
എനിക്കായ്‌ പിന്‍വിളി നീ ഉണര്‍ത്തിടുമ്പോള്‍
എന്‍റെ ലഹരി തീരങ്ങളില്‍
ആളനക്കങ്ങള്‍ നിലക്കുന്നു
എന്‍റെ ബലിചോറിനായ്‌ വട്ടമിട്ടാര്‍ത്തു പറക്കുന്നു
കാക്കയുടെ ചിറകടി ഒച്ചകള്‍
വിണ്ണിലായ് പുതുപിറവികൊള്ളുന്നു
നിന്റെ സ്വപ്നങ്ങളിലേക്ക് വീണ്ടുമൊരു പിന്‍വിളി.

No comments:

Post a Comment