Sunday, October 16, 2011

ഇരുട്ടിന്‍റെ വശങ്ങള്‍


പുരയിപ്പോള്‍ ഇരുട്ട്
പുതച്ചുറങ്ങുന്ന ഒറ്റമുറിയാണ്‌
ചുമരുകളുടെ മുരടുകളില്‍
വെള്ളം കിനിഞ്ഞു നിന്നിട്ടും
ചുട്ടുപൊള്ളുന്ന പഴുത്ത നിലങ്ങള്‍ .

അടഞ്ഞ ജനാലകളില്‍
തൂങ്ങികിടന്ന മാറാലകള്‍
ഇരുട്ടിന്‍റെ കുഞ്ഞുങ്ങളെ
പ്രസവിച്ചു കൊണ്ടിരുന്നു.

വാതില്‍ പഴുതിലൂടെ
പുറത്തേക്കു കണ്ണെറിയുമ്പോള്‍
ഒരു സ്വാന്തനം പോലെ
മിന്നാമിനുങ്ങുകള്‍ ചൂട്ടു
കത്തിച്ചു അങ്ങുമിങ്ങും.

ഒരു നൊടിയിട നേരത്തെ പരിജയം
ഇരുട്ടിന്‍റെ വശങ്ങളിലൂടെ
തരിശുകളെ പിറകിലാക്കി
ഇടവഴികളിലൂടെ തുള്ളി
കള്ളിച്ചെത്തും കുറുമ്പികിടാവ്പോല്‍
വെള്ളിച്ചകീറുകള്‍ മുറ്റത്തോളം
വന്നു നില്‍ക്കും
പിന്നെ,
വിണ്ട വൃണങ്ങള്‍ അതിര്‍ത്തിയിട്ട
വരമ്പിനപ്പുറത്തു നിന്നും
അവ പതുക്കെ പടിയിറങ്ങി പോകും
ഇരുട്ടിന്‍റെ വശങ്ങളിലേക്ക്
അഴുകിയ ജീവിതം വീണ്ടും തലചായ്ച്ച് കിടക്കും  

No comments:

Post a Comment