Tuesday, May 14, 2013

കറുത്ത കുയിലുകള്‍


പച്ച നിറഞ്ഞ ഒരു കാടുമുഴുവന്‍ 
കിളികളായിരുന്നു 
പുലരിയിലേക്ക് കാട്ടുസംഗീതം 
പൊഴിച്ചിട്ട കറുത്ത കുയിലുകള്‍

വടക്കിന്‍റെ അതിര്‍ത്തിയില്‍ വച്ച് 
പലരും വേട്ടക്കാരെ കണ്ടെന്നു 
പറഞ്ഞിരുന്നു

എന്‍റെ കാടിന്‍റെ പച്ച
മുഴുവന്‍ കവര്‍ന്നെടുത്തിട്ടും
വേടന്‍റെ ചുണ്ടില്‍
അറ്റു പോയ കൈപത്തിയില്‍
നിന്നു തെറിച്ച ചോരയുടെ
ചുവപ്പായിരുന്നു

ഇന്നലെ വേട്ടക്കാരന്‍റെ
മാളികയില്‍ അത്താഴത്തിനു
തീണ്ടാതെ പോയ കന്യകയുടെ
മുല പ്രത്യേക വിഭവമായി

ഗാന്ധി തൊപ്പിയും
കാവിയും ഖദറും രഹസ്യമായി
ഒന്നിച്ചുണ്ണാനിരുന്നതും
അവിടെ വച്ചായിരുന്നു.

ആ രാത്രിയില്‍ കാടിന്‍റെ
അതിര്‍ത്തി ഭേദിച്ച രോദനത്തില്‍
നാട് വരളുകയായിരുന്നു
കാടിനപ്പുറത്തേക്ക്.

കുടിയിറക്കപ്പെട്ടവന്‍റെയും
ഇരയാക്കപ്പെട്ടവളുടെയും
കൊലചെയ്യപ്പെട്ടവരുടെയും
മേല്‍വിലാസം കറുപ്പയിരുന്നത്
കൊണ്ടാണ് എന്‍റെ വാക്കുകള്‍
കറുത്ത് പോയതത്രേ

പെട്ടെന്നൊരു ഇടിമുഴക്കത്തില്‍
ഭൂമി മുഴുവന്‍ സംഗീതം നിലക്കുന്നു
പാടാന്‍ മാത്രമറിയാവുന്ന ചുണ്ടുകള്‍
മൂര്‍ച്ച കൂട്ടുന്നത്‌ അതിജീവനത്തിനു
വേണ്ടിയാണ്.

No comments:

Post a Comment