Tuesday, March 20, 2012

വില്പന



അമ്മയെ വിറ്റു പോയ്‌
അച്ഛനെ വിറ്റു പോയ്‌
പെങ്ങളെ വിറ്റു പോയ്‌
അനാഥത്വം നാം കടമെടുത്തു

വാക്കൊന്നു വിറ്റു നാം
നാക്കും വിറ്റു നാം
അന്യന്‍റെ ചിന്ത നാം കടമെടുത്തു

ഉപഭോക സംസ്ക്കൃതി
വിളയുന്ന കാലത്ത്
വൃദ്ധസദനങ്ങള്‍ നാം വിലക്കെടുത്തു

പ്രണയവും വിറ്റു നാം
പെണ്ണിനെ വിറ്റു നാം
മാംസള ദേഹം വിലക്ക് വാങ്ങി

തലച്ചോറു വിറ്റു പോയ്‌
ഹൃത്തോന്നു വിറ്റു പോയ്‌
പ്രതിഷേധ മുയര്‍ത്തിയ
കൈയറ്റു പോയ്‌

മഴയൊന്നു വിറ്റു നാം
പുഴയോന്നു വിറ്റു നാം
കരയും നാം വില്പനക്കായെടുത്തു
പകലും വിറ്റു നാം
രാത്രിയും വിറ്റു നാം
നാളത്തെ പുലരി നാം കടമെടുത്തു 

കലയൊന്നു വിറ്റു നാം
കാവും വിറ്റു നാം
ആള്‍ ദൈവ കോലങ്ങള്‍ വിലക്കെടുത്തു
അനുഗ്രഹം തേടി നാം
ആശിസു തേടി നാം
ഏലസ്സിന്‍ ഭാരത്താല്‍
നടു വളച്ചു

പാപ പുണ്യത്തിന്റെ
കണക്കെടുത്തു നാം
സ്വര്‍ഗ്ഗവും നരകവും വിലക്കെടുത്തു
മാതൃസംസ്ക്കൃതി ചുരത്തിയ
മണ്ണിന്റെ മാറിലായ്
ഇന്നാണവസംസ്കൃതി വിഷം ചുരത്തി
അവസാനമെന്നിലെ എന്നെയും വിട്ടു പോയ്
ഈ കവിതയും നിങ്ങള്‍ക്ക് വിലക്കെടുക്കാം    

No comments:

Post a Comment