Thursday, March 29, 2012

പ്രണയമേ നീയിന്നു മരണമോ




പ്രണയത്തിന്‍റെ
വാകമര ചില്ലയില്‍
മഴച്ചീളുകള്‍ കൊണ്ട്
ചിലുകൂടോരുക്കി
കരിമേഘരാഗസ്വപ്നങ്ങളും
പേറിയ നിന്റെ ചുണ്ടിലെ
ചുവന്ന ഉമ്മകള്‍
വീണ്ടുമെന്റെ ഓര്‍മ്മതന്‍ 
കടലാഴിയില്‍ നിന്നെ തേടുന്നു

വെളിച്ചം കൊട്ടിയടക്കപെട്ട
ഈ വാതില്‍ പിളര്‍പ്പിനപ്പുറം
നിന്‍ ഓര്‍മ്മകള്‍
പതുങ്ങി നില്‍ക്കുന്നുണ്ട്

ഇന്നു പ്രണയശൈലത്തിന്‍റെ
വര്‍ണമൂറ്റി നിലാവില്‍
വിഷാദം നിറയവെ
പടിയിറങ്ങിയ നിന്റെ
കാലൊച്ചകള്‍ക്ക് 
ഞാന്‍ കാതോര്‍ത്തിരിക്കുന്നു

ചുണ്ടിലെ പുഞ്ചിരിയിലും
നിഴലുകളായ്‌
കണ്‍കോണിലെവിടെയോ
ഒളിച്ചിരിക്കുന്ന വേദനയുടെ
ഉപ്പുതുള്ളിയെ കുറിചോതി
നീ മൌനതിലോളിക്കുമ്പോള്‍
എന്റെ ഹൃദയത്തിലെ
വാക്കുകള്‍ വറ്റുന്നു
കവിതയുടെ പച്ചിലകളില്‍
തീ പടര്‍ന്നെരിയുന്നു

പ്രണയമേ നീയിന്നു മരണമോ..

Friday, March 23, 2012

ഇരയും വേട്ടക്കാരനും



ഈ രാവില്‍ അവള്‍
ചൂണ്ടിയ വിരല്‍
എനിക്ക് തന്ന വിശേഷണങ്ങളെ
നിങ്ങള്‍ക്ക് സ്തുതി

ഇരയാവുകയും
ഇരയാക്ക പെടുകയും
ചെയ്യുന്നവരുടെ കൂട്ടത്തില്‍
ഞാന്‍ രക്തം പാനം
ചെയ്യാനായ് വന്നവന്‍

ഇരയുടെ മാറ്
പിളര്‍താത്ത വനെ
നീ വേട്ടക്കാരന്‍
അല്ലെന്നൊരു കൂട്ടം

നിന്റെ വിരലുകള്‍
ഇന്ന് വേട്ടക്കാരനെ
പരതുകയാണ്
ആട്ടിന്‍ തോലണിഞ്ഞ
ഇരകള്‍ക്ക് പിറകെ
വേടമാടങ്ങളില്‍ ഞാനും ....

Tuesday, March 20, 2012

വില്പന



അമ്മയെ വിറ്റു പോയ്‌
അച്ഛനെ വിറ്റു പോയ്‌
പെങ്ങളെ വിറ്റു പോയ്‌
അനാഥത്വം നാം കടമെടുത്തു

വാക്കൊന്നു വിറ്റു നാം
നാക്കും വിറ്റു നാം
അന്യന്‍റെ ചിന്ത നാം കടമെടുത്തു

ഉപഭോക സംസ്ക്കൃതി
വിളയുന്ന കാലത്ത്
വൃദ്ധസദനങ്ങള്‍ നാം വിലക്കെടുത്തു

പ്രണയവും വിറ്റു നാം
പെണ്ണിനെ വിറ്റു നാം
മാംസള ദേഹം വിലക്ക് വാങ്ങി

തലച്ചോറു വിറ്റു പോയ്‌
ഹൃത്തോന്നു വിറ്റു പോയ്‌
പ്രതിഷേധ മുയര്‍ത്തിയ
കൈയറ്റു പോയ്‌

മഴയൊന്നു വിറ്റു നാം
പുഴയോന്നു വിറ്റു നാം
കരയും നാം വില്പനക്കായെടുത്തു
പകലും വിറ്റു നാം
രാത്രിയും വിറ്റു നാം
നാളത്തെ പുലരി നാം കടമെടുത്തു 

കലയൊന്നു വിറ്റു നാം
കാവും വിറ്റു നാം
ആള്‍ ദൈവ കോലങ്ങള്‍ വിലക്കെടുത്തു
അനുഗ്രഹം തേടി നാം
ആശിസു തേടി നാം
ഏലസ്സിന്‍ ഭാരത്താല്‍
നടു വളച്ചു

പാപ പുണ്യത്തിന്റെ
കണക്കെടുത്തു നാം
സ്വര്‍ഗ്ഗവും നരകവും വിലക്കെടുത്തു
മാതൃസംസ്ക്കൃതി ചുരത്തിയ
മണ്ണിന്റെ മാറിലായ്
ഇന്നാണവസംസ്കൃതി വിഷം ചുരത്തി
അവസാനമെന്നിലെ എന്നെയും വിട്ടു പോയ്
ഈ കവിതയും നിങ്ങള്‍ക്ക് വിലക്കെടുക്കാം    

Thursday, March 15, 2012

കലാലയത്തിലെക്കൊരു യാത്ര


പറയാതെ പോയ
പ്രണയത്തിന്‍ വസന്തം പെയ്തു
മഞ്ഞ പടര്‍ന്ന ചുമരുകളില്‍
കലാലയത്തിന്റെ ആത്മാവ്
കുറി ച്ചിടപെട്ടിട്ടുണ്ടയിരുന്നു

ഈ വരാന്തയില്‍ നിന്ന്
കാതോര്‍ത്താല് കലാലയത്തിന്റെ
മാറില്‍  വിരിഞ്ഞ പ്രണയത്തിന്റെയും
സൌഹൃതതിന്റെയും ആത്മാവുകള്‍
പരസ്പ്പരം സംസാരിക്കുന്നതു കേള്‍ക്കാം

പ്രണയം  പറയാതെ
കണ്ണിലൊളിപ്പിച്ചു
തിരികെ നടന്ന ഒറ്റ വളയിട്ട
വെള്ളാരം കണ്ണിയുടെ
കാല്‍പ്പാടുകള്‍  കാണാം

തിരിച്ചറിവിന്‍റെ വിഭഞ്ചികയില്‍
മുഴങ്ങി കേട്ട മുദ്രവാക്യങ്ങളില്‍
പ്രകമ്പനം കൊണ്ടു ചുമരുകള്‍
അതിന്‍ മറ്റൊലികളെ
പ്രതിബിംബിക്കുന്നത് കേള്‍ക്കാം

നിന്റെ തോളുരുമ്മി
നിന്ന സൌഹൃദങ്ങളെ
കുറിച്ചോര്‍ക്കുമ്പോള്‍
ചുമരുകളില്‍ ചുവന്ന
ഗുല്‍മോഹറുകള്‍ പൂക്കും

പ്രിയേ നീ തിരികെയെത്തുമ്പോള്‍
നിന്റെ കാതുകളോട്
കഥപറയാന്‍ മാത്രമായ്
കുറിച്ചിട്ട വാക്കുകളുടെ
കരി പിടിച്ച ചുമരില്‍
നീരണി മിഴികളോടെ
നിന്റെ വിരല്‍ പാടുകള്‍ പരതും
അതില്‍ നീ എന്‍ പ്രണയത്തിന്‍
ഇതള്‍ കൊഴിഞ്ഞ പൂക്കളെ കാണും
കാത്തിരിപ്പിന്റെ ആര്‍ദ്രമാം
നനവ്‌ കാണും .
 

Friday, January 20, 2012

മൂന്നു ജഡങ്ങള്‍



അക്ഞാതമായ
മൂന്നു വാക്കിന്റെ ജഡങ്ങള്‍
റോഡരികില്‍ മരിച്ചു
കിടക്കുന്നെന്നു കേട്ടപ്പോള്‍
വേദനയുടെ വിഷം
കുടിച്ചു തൊണ്ടയില്‍ നിന്നും
പുറത്തേക്കിറങ്ങി പോയ
വാക്കുകളെ
തിരയുകയായിരുന്നു ഞാന്‍

മഷി പേനയ്ക്കുള്ളിലും
നീല വരയിട്ട പുസ്തക താളുകളിലും
ഒളിച്ചിരുന്ന വാക്കുകളെ
തപ്പിപിടിച്ചു ഞാന്‍
നെടുവീര്‍പ്പിട്ടു
ഇല്ല അടച്ചിട്ട വാതില്‍ തുറന്നു
ആരും പുറത്തു പോയിട്ടില്ല

എങ്കിലും മോര്‍ച്ചറിയുടെ
തണുത്ത വരാന്തയില്‍
കാത്തിരിക്കുമ്പോള്‍ ഞാന്‍
നീറുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം
വെള്ള പുതച്ചു പുറത്തുവന്ന
ജഡങ്ങളുടെ പുതപ്പ് മാറ്റി
നോക്കുമ്പോള്‍ മിഴികളില്‍
നീര്‍പൂക്കള്‍ വിരിയാന്‍
തുടങ്ങിയിരുന്നു

ആദ്യത്തേതില്‍
കരിപിടിച്ച കണ്ണുകളുമായി
കറുത്ത മഷി കൊണ്ടെഴുതിയ വാക്ക്
"ഞാന്‍ "' എന്ന്
അടുത്തതില്‍
നിറമില്ലാത്ത ചുണ്ടുകളുമായി
ഒരു മെലിഞ്ഞ വാക്ക്‌ "നീ "
മൂന്നാമത്തെതു തുറന്നു
നോക്കാന്‍ എനിക്കു കഴിഞ്ഞില്ല
ജീവനില്ലാത്ത " പ്രണയത്തെ"
കാണാന്‍ നില്‍ക്കാതെ
ഞാന്‍ തിരികെ നടക്കുകയാണ്

Monday, January 16, 2012

മുഖംമൂടികളും നഗ്നരും



എട്ടു കാലികളാണ്
നിങ്ങള്‍
പകലില്‍ നിങ്ങള്‍ക്ക്
മാന്യതയുടെ കപട മുഖം
രാത്രിയില്‍ വേശ്യയുടെ
വിയര്‍പ്പിന്റെ ചൂര്

ഉച്ചിയില്‍ പൊടിഞ്ഞു വീണ
ചൂടിലും, നിങ്ങള്‍ക്ക്
സവര്‍ണ മേതവിത്വത്തിന്റെ
തൊട്ടു കൂടായ്മ
കീഴ്ജാതി പീഡനം
തണുത്തുറഞ്ഞ രാത്രികളില്‍
കാവല്‍ മാടത്തിന് ചുറ്റും
കുറുക്കന്‍ കാലടികള്‍

വൈകുനേരങ്ങളില്‍
സഹായ വാഗ്ദാനങ്ങള്‍
നടത്തുന്ന രാഷ്ട്രീയാക്കാരന്‍ 
പതിരകളില്‍ മൃഗഭോഗം
നടത്തുന്ന വേട്ടക്കാരന്‍

വെളിച്ചത്ത് നിങ്ങള്‍ക്ക്
പല നിറം പല മതം
ഇരുട്ടത്ത്‌ എല്ലാവര്‍ക്കും
ഒരേ നിറം ഒരേ മതം
അത് കൊണ്ടയിരിക്കുമോ
ഇരുട്ടിനെ പലരും ഭയപെടുന്നത്..?

നിങ്ങളുടെ കൈകളാല്‍
നഗ്നരാക്കപ്പെട്ടവരുടെ
ജാഥ വരുന്നുണ്ട്
ദൈവത്തിന്റെ നാട്ടില്‍ നിന്നും
വരുന്ന കുഞ്ഞാടുകള്‍ അല്ല
മനുഷ്യന്റെ നാട്ടില്‍ നിന്നും
വരുന്ന പ്രതിഷേധികള്‍
നിങ്ങള്‍ ചോദ്യം ചെയ്യപെടും
കപടതയുടെ മുഖം മുടികള്‍
വലിച്ചു കീറി നഗ്നരാക്കപെടും





Friday, January 6, 2012

തണല്‍ മരം




ഇന്നെന്‍ ജീവന്‍റെ
പുസ്തകതാളിലെ
അക്ഷരക്കൂട്ടുകള്‍ക്ക്
മരണത്തിന്റെ
പാലപ്പൂ ഗന്ധം

ചിന്തകളുടെ
പൂമര കൊമ്പില്‍
നിന്ന് വീണ
ഗുല്മോഹറുകള്‍ക്ക്
പ്രാണന്റെ തുടിപ്പസ്തമിച്ച
വെളുത്ത നിറം

പച്ചിലച്ചാര്‍ത്തുകളില്‍
തീ വിതച്ച
നിന്റെ നാഭിച്ചുഴിയിലെ
വിയര്‍പ്പിന്നു
തുരിശിന്റെ ഉപ്പുരസം

നൊമ്പരത്തിനിന്നു
പ്രണയത്തേക്കാള്‍ വീര്യം
ഈ വിഷവീര്യത്തില്‍ നിന്ന്
മൃതിയിലൂടെ ഊര്‍ന്നിറങ്ങി
മരമായ്‌ ജനിക്കണമെനിക്ക്
ഋതുക്കളെ അതിജീവിക്കുന്ന
കാറ്റുവീഴ്ച്ചകളില്‍
ഇല പൊഴിക്കാത്ത
ഒരു തണല്‍ മരം

31-12-11

Monday, January 2, 2012

ഗര്‍ത്തങ്ങള്‍



മഞ്ഞവെയില്‍
പൂത്തു കിടക്കുന്ന
നാട്ടുച്ചകളിലും
മരണത്തിന്റെ
കറുപ്പ് കുടിച്ച
ഗന്ധങ്ങളാണിന്നു
ഗര്‍ത്തങ്ങള്‍ക്ക്

ജീവിതത്തെ
ജീവനോടെ
പിടിച്ചു തിന്നുന്ന
എപ്പോഴാണെന്നറിയാതെ
കാല്‍ തെറ്റി
തെറിച്ചു വീണു
പോയേക്കാവുന്ന
പ്രണയ ഗര്‍ത്തങ്ങള്‍ക്ക്

Sunday, January 1, 2012

ജ്വരം




ഉണങ്ങിയ മരകൊമ്പില്‍
കുരലുമുറുക്കിയ
വള്ളിക്കുരുക്കില്‍ നിന്നും
നിന്റെ ജഡം
താഴെ ഇറക്കി കിടത്തി
വെരിഫിക്കേഷന്‍ നടത്തിയ
പോലിസുക്കാരന്‍
എഴുതിയത് 
പുരുഷന്‍ , മുപ്പതിനടുത്തു പ്രായം
എന്നുമാത്രമായിരുന്നു.

നിന്റെ ഉള്ളിലെ
പെണ്ണിനെ കുറിച്ചും
നിന്റെ രക്തത്തിലെ
മരണത്തിന്റെ
പടയാളികളെ കുറിച്ചും
അവര്‍ക്കൊന്നും
പറയാനില്ലായിരുന്നു.

പകല്‍ കല്ലെറിയുകയും
രാത്രി നിന്റെ
ചൂട് തേടുകയും
ചെയ്ത മുഖമില്ലാത്ത
ബിംബങ്ങളില്‍
ഭീതിയുടെ കനലെറിഞ്ഞു
നീ പോകുമ്പോള്‍
പുറം തിരിഞ്ഞു
നിന്നവര്‍ക്കെല്ലാം
ജീര്‍ണതയുടെ ജ്വരം.

Friday, December 30, 2011

വേര്‍പ്പാട്




പുലരിയുടെ
കുളിര്‍പ്പില്‍ നിന്ന്
അസ്തമയത്തിന്റെ
ചുവപ്പിലേക്ക്
ഒരു പുഴയോഴുകുന്നുണ്ട്
പ്രണയത്തിന്റെ
തത്വശാസ്ത്രങ്ങളില്‍
ഇണ ചേര്‍ന്ന്
ഇഴപിരിയാതെ കിടന്ന
രണ്ടാത്മാക്കളും
പേറിയൊരു പുഴ

പുഴയറിയാതെ
പുഴക്കടിയിലൂടെ
ചെമ്പന്‍ കുതിരകളെ
പൂട്ടിയൊരു രഥം
ഓടുന്നുണ്ട്
ആജ്ഞയുടെ ചട്ടവാറടികള്‍
പുറത്തു കേള്‍പ്പിക്കാതെ

പനി മൂടികിടക്കുന്ന
കുന്നുകളിലൂടെ
ഉച്ചവെയിലില്‍
ഉരുകിയ നാട്ടുച്ചകളിലേക്ക്
പുഴ ഒഴുകിയടുക്കുമ്പോള്‍
വരള്‍ച്ചയുടെ കുഞ്ഞുങ്ങള്‍
പുഴയെ തിന്നു കൊണ്ടിരിക്കും.

തീയിലുരുകി വറ്റുന്ന
പുഴക്ക് നടുവിലൂടെ
അപ്പോള്‍ ഒരു മണല്‍കൂന
പൊന്തി വരുന്നു.
അവിടെ ആത്മാക്കളെ പകുത്തുമാറ്റി
മണല്‍കൂനക്കിരുവശം
പുഴ രണ്ടായി വേര്‍പിരിയുന്നു.
ചെമ്പന്‍ കുതിരകളെ
പൂട്ടിയ രഥം
മണ്‍കൂനക്ക് മുകളിലൂടെ
കുതിച്ചു പായുന്നു.

കാതടപ്പിക്കുന്ന അതിന്റെ
ചാട്ടവാറടികള്‍ ഇരുപുഴകളെയും
അകലങ്ങളിലേക്ക് നയിക്കുന്നു.

അസ്തമയത്തിലെത്തും മുന്‍പേ
ഞാനെന്ന പുഴ
ഇവിടെ വറ്റി തീരുന്നു
കണ്ണീരു പോലും തീര്‍ന്നു
ഈ ഒഴുക്കിനി വയ്യ
ഞാന്‍ പകുത്തു നല്‍കിയ
നിന്റെ ചുണ്ടിലെ ഉമ്മകളുടെ
ഗന്ധം കഴുകി കളഞ്ഞു
നീ അസ്തമയത്തിലേക്കോഴുകുക.