Monday, January 2, 2012

ഗര്‍ത്തങ്ങള്‍



മഞ്ഞവെയില്‍
പൂത്തു കിടക്കുന്ന
നാട്ടുച്ചകളിലും
മരണത്തിന്റെ
കറുപ്പ് കുടിച്ച
ഗന്ധങ്ങളാണിന്നു
ഗര്‍ത്തങ്ങള്‍ക്ക്

ജീവിതത്തെ
ജീവനോടെ
പിടിച്ചു തിന്നുന്ന
എപ്പോഴാണെന്നറിയാതെ
കാല്‍ തെറ്റി
തെറിച്ചു വീണു
പോയേക്കാവുന്ന
പ്രണയ ഗര്‍ത്തങ്ങള്‍ക്ക്

Sunday, January 1, 2012

ജ്വരം




ഉണങ്ങിയ മരകൊമ്പില്‍
കുരലുമുറുക്കിയ
വള്ളിക്കുരുക്കില്‍ നിന്നും
നിന്റെ ജഡം
താഴെ ഇറക്കി കിടത്തി
വെരിഫിക്കേഷന്‍ നടത്തിയ
പോലിസുക്കാരന്‍
എഴുതിയത് 
പുരുഷന്‍ , മുപ്പതിനടുത്തു പ്രായം
എന്നുമാത്രമായിരുന്നു.

നിന്റെ ഉള്ളിലെ
പെണ്ണിനെ കുറിച്ചും
നിന്റെ രക്തത്തിലെ
മരണത്തിന്റെ
പടയാളികളെ കുറിച്ചും
അവര്‍ക്കൊന്നും
പറയാനില്ലായിരുന്നു.

പകല്‍ കല്ലെറിയുകയും
രാത്രി നിന്റെ
ചൂട് തേടുകയും
ചെയ്ത മുഖമില്ലാത്ത
ബിംബങ്ങളില്‍
ഭീതിയുടെ കനലെറിഞ്ഞു
നീ പോകുമ്പോള്‍
പുറം തിരിഞ്ഞു
നിന്നവര്‍ക്കെല്ലാം
ജീര്‍ണതയുടെ ജ്വരം.

Friday, December 30, 2011

വേര്‍പ്പാട്




പുലരിയുടെ
കുളിര്‍പ്പില്‍ നിന്ന്
അസ്തമയത്തിന്റെ
ചുവപ്പിലേക്ക്
ഒരു പുഴയോഴുകുന്നുണ്ട്
പ്രണയത്തിന്റെ
തത്വശാസ്ത്രങ്ങളില്‍
ഇണ ചേര്‍ന്ന്
ഇഴപിരിയാതെ കിടന്ന
രണ്ടാത്മാക്കളും
പേറിയൊരു പുഴ

പുഴയറിയാതെ
പുഴക്കടിയിലൂടെ
ചെമ്പന്‍ കുതിരകളെ
പൂട്ടിയൊരു രഥം
ഓടുന്നുണ്ട്
ആജ്ഞയുടെ ചട്ടവാറടികള്‍
പുറത്തു കേള്‍പ്പിക്കാതെ

പനി മൂടികിടക്കുന്ന
കുന്നുകളിലൂടെ
ഉച്ചവെയിലില്‍
ഉരുകിയ നാട്ടുച്ചകളിലേക്ക്
പുഴ ഒഴുകിയടുക്കുമ്പോള്‍
വരള്‍ച്ചയുടെ കുഞ്ഞുങ്ങള്‍
പുഴയെ തിന്നു കൊണ്ടിരിക്കും.

തീയിലുരുകി വറ്റുന്ന
പുഴക്ക് നടുവിലൂടെ
അപ്പോള്‍ ഒരു മണല്‍കൂന
പൊന്തി വരുന്നു.
അവിടെ ആത്മാക്കളെ പകുത്തുമാറ്റി
മണല്‍കൂനക്കിരുവശം
പുഴ രണ്ടായി വേര്‍പിരിയുന്നു.
ചെമ്പന്‍ കുതിരകളെ
പൂട്ടിയ രഥം
മണ്‍കൂനക്ക് മുകളിലൂടെ
കുതിച്ചു പായുന്നു.

കാതടപ്പിക്കുന്ന അതിന്റെ
ചാട്ടവാറടികള്‍ ഇരുപുഴകളെയും
അകലങ്ങളിലേക്ക് നയിക്കുന്നു.

അസ്തമയത്തിലെത്തും മുന്‍പേ
ഞാനെന്ന പുഴ
ഇവിടെ വറ്റി തീരുന്നു
കണ്ണീരു പോലും തീര്‍ന്നു
ഈ ഒഴുക്കിനി വയ്യ
ഞാന്‍ പകുത്തു നല്‍കിയ
നിന്റെ ചുണ്ടിലെ ഉമ്മകളുടെ
ഗന്ധം കഴുകി കളഞ്ഞു
നീ അസ്തമയത്തിലേക്കോഴുകുക.

Sunday, November 27, 2011

കാമുകി


ഓര്‍മ്മകളില്‍ നീ
ഒഴുകിയകലുന്ന
പുഴയാണ് ...
ഒരു തിരുവിനപ്പുറം
അപ്രത്യക്ഷമാകുന്ന
നീരുറവ ...

ഇന്നലകളിലെ
മഴനീര്‍ തുള്ളികള്‍ കൊണ്ട്
ഒരു പ്രളയം നല്‍കി
ഇന്നു വേനലിലേക്ക്
കൂപ്പുകുത്തിയ നിള നദി

നിന്റെ കൈത്തണ്ടയിലെ
നീല ഞരമ്പുകള്‍
തീര്‍ത്ത ഈ മണല്‍
ചാലുകള്‍ക്ക് മീതെ
മലര്‍ന്നു കിടക്കുമ്പോള്‍
ചക്രവാളത്തിനപ്പുറത്തു നിന്നും
നിന്റെ മേഘഗര്‍ജ്ജനം
കേള്‍ക്കുന്നുണ്ട്

കാത്തിരുപ്പിന്റെ
ഒരു വേഴാമ്പല്‍
പറന്നടുക്കുന്നു.

Tuesday, November 15, 2011

അന്ധന്‍



പകലിന്‍റെ പ്രാണനില്‍
പഴുപ്പിച്ചെടുത്ത
കണ്ണുനീര്‍ തുള്ളികളെ
കിടത്തി ഒരു ചിത
ഒരുങ്ങുന്നുണ്ടെന്റെ
ഹൃദയത്തില്‍ .

ജീവനില്ലാതെ തണുത്തു
മരവിച്ച പ്രണയത്തെ
അതിലിറക്കി വെക്കുമ്പോള്‍
നിലാവില്‍ നിന്നൊരുതുള്ളി
വീണതില്‍ തീ പിടിക്കും...!

ഈ രാത്രിയില്‍
എന്റെ ബലിച്ചോറുണ്ണന്‍
ഒരു കൈ കൊട്ടു
വിളിപോലും കാക്കാതെ
കറുത്ത നക്ഷത്രങ്ങള്‍
ഇറങ്ങി വരും.

നിന്റെ വിട പറയലിനെ, അല്ല
അസ്തമയ സൂര്യന്‍റെ
ചുവപ്പില്‍ നിന്നു
തെറിച്ച ചോരത്തുള്ളികള്‍
എന്റെ കണ്ണിനു നല്‍കിയ
ഇരുട്ടിനെ ആണ്
ഞാന്‍ ഭയപ്പെടുന്നത്.

നിലാവില്‍ ഇനിയൊരു
പ്രണയം പിറക്കുന്നത്
കാണാന്‍ കഴിയാത്ത വിതം
ഞാനിതാ അന്ധന്‍ ആകുന്നു  . 


Friday, October 28, 2011

മരണതീരങ്ങളില്‍


ചത്ത സ്വപ്നങ്ങള്‍
തോരണം ചാര്‍ത്തുന്ന
ഈ മുറിയിലിരുന്നു
നിനക്കായിന്നു ഒറ്റവരി
മാത്രം കുറിക്കുന്നു

നിന്‍റെ ചുണ്ടിലെ
തേന്‍ മധുരത്തെ
കുറിച്ച്, എന്‍ മാറിടങ്ങളില്‍
ചിത്രമെഴുതുന്ന നിന്റെ
വിരലുകളെ കുറിച്ച്

ഒടുവില്‍ നിന്റെ കരളുകീറി-
ഒഴുകിയിരുന്ന വിങ്ങലുകളെ
കുറിച്ച്, പോകുമ്പോള്‍
കോര്‍ത്തെടുക്കാന്‍
നീയെകിയ രണ്ടു
കണ്ണുനീര്‍തുള്ളികളെ കുറിച്ച് 

ഇന്നു ഓര്‍മ്മകളിലൂടെ
നാം വഴിപിരിഞ്ഞോഴുകിയ
തീരങ്ങളില്‍ തിരിച്ചെത്തണമെനിക്ക്
നിന്റെ മാറിലെ
ഇല കൊഴിഞ്ഞ മരങ്ങളില്‍
കിളികളായ് പൂക്കണമെനിക്ക്

നിന്‍റെ കണ്ണിലെ
ക്ഷാരത്തിലലിയണം
ഇന്നിവിടെയീ മരണതീരങ്ങളില്‍
നമുക്ക് പരസ്പരമീ
പ്രണയം പാനം ചെയ്തിരിക്കാം 

Friday, October 21, 2011

പിന്‍വിളി



മരണത്തിന്‍ രുചിയൂറും
പുക കുടിച്ചും
ലഹരി നങ്കൂരമിട്ട തീരങ്ങളില്‍
ചഷകത്തിന്‍റെ തീയലകള്‍
ചോരകുഴലുകളില്‍ പടര്‍ത്തിയും
അപഥസഞ്ചാരിണിയായ
അമ്രപാലിയുടെ മെയ്‌പിണര്‍ന്നു
കിടന്ന രാവു മുറുകുമ്പോള്‍
ഇരവിലാരോ പിന്‍വിളിയുതിര്‍ക്കുന്നു.

നെഞ്ചിലൊരു നീരുറവയായ്‌ ഉണര്‍ന്നവള്‍
ഹിമാകണമായെന്നെ കുള്ളിര്‍പ്പിച്ചവള്‍
പ്രണയാഗ്നിയിലെന്നെ സ്ഫുടം ചെയ്യ്‌തവള്‍
എന്റെ പ്രണയത്തിന്‍ വിഷസര്‍പ്പങ്ങള്‍ക്ക്
കാവലായ്‌ പകലു കറുപ്പിച്ചവള്‍
ഇരവായൊരു പിന്‍വിളിയുതിര്‍ക്കുന്നു.

ഇന്നു ഓര്‍മ്മയുടെ ഇരുട്ടറയിലേക്ക്
മസ്തിഷ്ക സ്പന്ദനങ്ങളുടെ
വേരുകളാഴ്ത്തി പരതുമ്പോള്‍
ഉത്തരായനത്തിലെ കറുത്ത
സൂര്യബിംബമായ്‌ നീയും
ദക്ഷിണയാനത്തിലെ വറുതിയില്‍
വറ്റിയ പുഴയായ് ഞാനും

ഒരിക്കല്‍ നിന്‍റെ മിഴികളില്‍ എനിക്കായ്‌
ഉറവപൊട്ടിയ കണ്ണീര്‍ കണങ്ങളില്‍
ഞാനുരുകി പ്രതിഫലിച്ചിടുമ്പോള്‍
നമ്മുക്കിടയിലെ അക്ഷാംശങ്ങള്‍ക്കിടയില്‍
തൂങ്ങികിടന്നു പൊട്ടിച്ചിരിക്കുന്നു ചിലര്‍

വഴിമാറിയൊഴുകാന്‍ വിധിക്കപ്പെട്ടു നീ
ഏങ്ങലടിച്ചു കരയുമ്പോള്‍
എനിക്കായ്‌ പിന്‍വിളി നീ ഉണര്‍ത്തിടുമ്പോള്‍
എന്‍റെ ലഹരി തീരങ്ങളില്‍
ആളനക്കങ്ങള്‍ നിലക്കുന്നു
എന്‍റെ ബലിചോറിനായ്‌ വട്ടമിട്ടാര്‍ത്തു പറക്കുന്നു
കാക്കയുടെ ചിറകടി ഒച്ചകള്‍
വിണ്ണിലായ് പുതുപിറവികൊള്ളുന്നു
നിന്റെ സ്വപ്നങ്ങളിലേക്ക് വീണ്ടുമൊരു പിന്‍വിളി.

Sunday, October 16, 2011

ഇരുട്ടിന്‍റെ വശങ്ങള്‍


പുരയിപ്പോള്‍ ഇരുട്ട്
പുതച്ചുറങ്ങുന്ന ഒറ്റമുറിയാണ്‌
ചുമരുകളുടെ മുരടുകളില്‍
വെള്ളം കിനിഞ്ഞു നിന്നിട്ടും
ചുട്ടുപൊള്ളുന്ന പഴുത്ത നിലങ്ങള്‍ .

അടഞ്ഞ ജനാലകളില്‍
തൂങ്ങികിടന്ന മാറാലകള്‍
ഇരുട്ടിന്‍റെ കുഞ്ഞുങ്ങളെ
പ്രസവിച്ചു കൊണ്ടിരുന്നു.

വാതില്‍ പഴുതിലൂടെ
പുറത്തേക്കു കണ്ണെറിയുമ്പോള്‍
ഒരു സ്വാന്തനം പോലെ
മിന്നാമിനുങ്ങുകള്‍ ചൂട്ടു
കത്തിച്ചു അങ്ങുമിങ്ങും.

ഒരു നൊടിയിട നേരത്തെ പരിജയം
ഇരുട്ടിന്‍റെ വശങ്ങളിലൂടെ
തരിശുകളെ പിറകിലാക്കി
ഇടവഴികളിലൂടെ തുള്ളി
കള്ളിച്ചെത്തും കുറുമ്പികിടാവ്പോല്‍
വെള്ളിച്ചകീറുകള്‍ മുറ്റത്തോളം
വന്നു നില്‍ക്കും
പിന്നെ,
വിണ്ട വൃണങ്ങള്‍ അതിര്‍ത്തിയിട്ട
വരമ്പിനപ്പുറത്തു നിന്നും
അവ പതുക്കെ പടിയിറങ്ങി പോകും
ഇരുട്ടിന്‍റെ വശങ്ങളിലേക്ക്
അഴുകിയ ജീവിതം വീണ്ടും തലചായ്ച്ച് കിടക്കും  

Friday, October 14, 2011

മണ്ണിലേക്ക്‌


സ്വപ്നങ്ങളുടെ പറുദീസ
വെറുത്തപ്പോഴയിരുന്നു
ആകാശത്തിന്‍റെ
നീലാംബരത്തിലേക്ക്‌
ഇറങ്ങി വന്നത്
അവിടം വെറുത്തപ്പോള്‍
കറുത്തിരുണ്ട വിഷാദ
മേഘങ്ങളിലേക്ക് ഇറങ്ങിപോന്നു
പൊള്ളുന്ന മഴയില്‍
ജീവിതം പൊട്ടിയോലിച്ചപ്പോള്‍
മഴ പെയ്തു നനഞ്ഞ
വായുവിന്‍റെ വഴുക്കും പടിയിലേക്ക്
വായുവില്‍ നിന്നു
കൌമാരക്കാരിയായി മുറ്റത്ത്‌
വിരിഞ്ഞു നിന്ന ചെമ്പകമരത്തിലേക്ക്
ഊര്‍ന്നു വീണത്‌ പ്രണയത്തെ
നിലാവായ് പൊഴിച്ച
ചന്ദ്രനെ കണ്ടു മോഹിച്ചപ്പോഴയിരുന്നു
അവിടെയും വെറുത്തപ്പോള്‍
അവളുടെ നാഭിചുഴിയിലൂടെ
വീണ്ടും താഴോട്ട്
മണ്ണിനെ പ്രണയിച്ചു
മണ്ണായിതീരാന്‍  ....

Wednesday, October 12, 2011

പ്രണയം


ഇന്നു ഞാന്‍
ഒരു വാക്കിന്‍റെ
മുനയില്‍ നിന്നും
ഉദ്ദരിച്ച് തെറിച്ച
വിഷം കുടിച്ചു മരിക്കാന്‍
വിധിക്കപ്പെട്ടവന്‍
കാലം ഒരു മഴത്തുള്ളിയെ
പോലും പ്രസവിക്കാന്‍
കഴിയാത്ത വന്ധ്യ മേഘങ്ങളില്‍
അര്‍ക്കന്‍റെ മഞ്ഞവെയില്‍
കിരണങ്ങള്‍ കൊണ്ട്
ഇങ്ങനെ അടയാളപെടുത്തും
"പ്രണയം"